Kerala
വിഴിഞ്ഞം: സമരത്തില്‍ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ കണ്ണി ചേരുക - മന്ത്രി ദേവര്‍കോവില്‍
തീരശോഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമരസമിതി ക്കാരുടെയും പ്രദേശവാസികളുടെയും അഭിപ്രായം കൂടി ഉള്‍പ്പെടുത്തിയാവും തയ്യാറാക്കുകയെന്നും മന്ത്രി
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നു എന്ന ലത്തീന്‍ അതിരൂപതയുടെ ആവലാതിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ച സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ കണ്ണി ചേരണമെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭ്യർത്ഥിച്ചു.
പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ( CPWRS) മുൻ അഡീഷണല്‍ ഡയറക്ടർ എം.ഡി.കുഡാലെയാണ് സമിതി ചെയര്‍മാന്‍. കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ.റിജി ജോണ്‍, ബാഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.തേജല്‍ കനിത്കര്‍, കണ്ട്‌ല പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചീഫ് എഞ്ചിനീയര്‍ ഡോ.പി.കെ ചന്ദ്രമോഹന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
തീരശോഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമരസമിതി ക്കാരുടെയും പ്രദേശവാസികളുടെയും അഭിപ്രായം കൂടി ഉള്‍പ്പെടുത്തിയാവും തയ്യാറാക്കുക. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ഇതിലൂടെ പാലിക്കപ്പെടുകയാണെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഒഴികെ സമരസമിതിയുടെ മറ്റ് ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.