Connect with us

vizhinjam port

കാത്തിരിപ്പ് സഫലമായി; വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ് നങ്കൂരമിട്ടു

തുറമുഖമന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | കാത്തിരിപ്പുകള്‍ സഫലമായി. പുറങ്കടലിലെ കപ്പല്‍ ചാലില്‍ നിന്ന് ടഗ്ഗുകളുടെ അകമ്പടിയോടെ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം സ്വീകരിച്ചു.

ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബര്‍ത്തിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. സ്വപ്‌നം തീരമണിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യും.

രണ്ടായിരത്തോളം കണ്ടൈനര്‍ വഹിക്കുന്ന കൂറ്റന്‍ ചരക്കുകപ്പല്‍ സാന്‍ ഫര്‍ണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ പുറംകടലില്‍ നങ്കൂരമിട്ടിരുന്നു.  ചൈനയില്‍ നിന്നു പുറപ്പെട്ട മദര്‍ഷിപ്പിന്‌ തുറമുഖ മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍   സ്വീകരിക്കും.

നാളെയാണ് ട്രയല്‍ റണ്‍. 1930 കണ്ടെയ്‌നര്‍ വിഴിഞ്ഞത്ത് ഇറക്കും. ജുലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്.
2015 ആഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വച്ചത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. നിരവധി വെല്ലുവിളികള്‍ മറികടന്നാണ് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 8,867 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 5,595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിച്ചത്. തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എട്ട് കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ മത്സ്യത്തൊഴിലാളകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയാണ് പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചത്.

ദൈനംദിന അവലോകനങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോയത്. പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങള്‍ നടത്തിയും പദ്ധതി ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമാണ് തുറമുഖ നിര്‍മാണത്തിനുള്ള കൂറ്റന്‍ പാറ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ലഭ്യമാക്കിയത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ അദാനി ഗ്രൂപ്പും ജാഗ്രത പുലര്‍ത്തി. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. ഈ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും.

 

 

Latest