Connect with us

Kerala

വിഴിഞ്ഞം: തുറമുഖം കമ്മീഷനിങ് ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല

മെയ് 2ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം|വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സര്‍ക്കാറിന്റെ ക്ഷണമില്ല. വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഒഴിവാക്കല്‍. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിനു പിന്നാലെയാണ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചത്. വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കി.

അതേസമയം തുറമുഖം കമ്മീഷനിങ് ചടങ്ങിന് സ്ഥലം എംപിയായ ശശി തരൂരിനും, എംഎല്‍എയായ എം വിന്‍സന്റിനും ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം. കമ്മീഷനിങിന് മുന്നോടിയായി മുഖ്യമന്ത്രി കുടുംബസമേതം തുറമുഖത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മെയ് 2ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനു തുറമുഖത്ത് പോലീസിന്റെയും എസ്പിജിയുടെയും നേതൃത്വത്തില്‍ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്തൃതമായ പരിധിയിലും തിരുവനന്തപുരം ജില്ലയുള്‍പ്പെട്ട വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടല്‍-ആകാശ പരിധിയില്‍ നിരീക്ഷണവും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തും. കടല്‍പരിധിയില്‍ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും.

ആദ്യമായാണ് വിഴിഞ്ഞം കടലിന്റെ പരിധിയില്‍ വിവിധ സൈനിക വിഭാഗങ്ങളുടെ കപ്പലുകള്‍ ഒരുമിച്ചെത്തുക. ആകാശനിരീക്ഷണത്തിനായി വ്യോമസേനയുടെയും നാവികസേനയുടെയും സൈനികവിമാനങ്ങളും ഉണ്ടാകും. രാവിലെ 11ന് എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് ഒരു മണിവരെ തുറമുഖത്തുണ്ടാകുമെന്നാണ് വിവരം.

ഡിസംബര്‍ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റെയില്‍ – റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി 2028 ഓടെ തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

 

 

 

Latest