Kerala
വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം
ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി | വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിനായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം.പാര്‍ലമെന്റിലാണ് കേന്ദ്രം ഇക്കാര്യം ്അറിയിച്ചത്.കരാര്‍ വ്യവസ്ഥയില്‍ വിജിഎഫ് തുക തിരിച്ചടക്കണമെന്നതിനാല്‍ വിജിഎഫിന്റെ കാര്യത്തിലും വരുമാനവിഹിതം പങ്കുവക്കുന്ന കാര്യത്തിലും യാതൊരു വിട്ടുവിഴ്ച്ചയ്ക്കും തയറാല്ലെന്ന് കേന്ദ്രതുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയെ അറിയിച്ചു. ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് പല മടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന പൊതുനയത്തില്‍നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനമന്ത്രാലയം സ്വീകരിക്കുന്ന നിലപാട്. വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.
കേന്ദ്ര സാന്പത്തികകാര്യ വകുപ്പ് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നല്‍കാന്‍ ശിപാര്‍ശ ചെയ്തത്. ഈ തുക ലഭിക്കണമെങ്കില്‍ വിജിഎഫ് കേരള സര്‍ക്കാര്‍ നെറ്റ് പ്രസന്റ് മൂല്യം അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടു വച്ചത്.
വിജിഎഫ് ആയി കേന്ദ്രം നല്‍കുന്നത് 817.80 കോടി രൂപയാണെങ്കിലും തിരിച്ചടവിന്റെ കാലയളവില്‍ പലിശനിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10,000 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കുന്നത്.
മാനദണ്ഡമനുസരിച്ച് ഒറ്റത്തവണ ഗ്രാന്റായി നല്‍കണം. അതു വായ്പയായി പരിഗണിക്കേണ്ടതല്ല. എന്നാല്‍, കേന്ദ്രം വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിനു നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാക്കി മാറ്റുകയുമാണു ചെയ്യുന്നതെന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ വിശദീകരിച്ചിരുന്നു.