Connect with us

National

വിഴിഞ്ഞം തുറുമുഖം: ഇളവ് നല്‍കില്ലെന്ന് കേന്ദ്രം

കെ റെയില്‍ വിഷയത്തില്‍ ഡി പി ആര്‍ പുതുക്കി സമര്‍പ്പിക്കാന്‍ കെ ആര്‍ ഡി സി എലിന് നിര്‍ദേശം. പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ (PM SHRI) പദ്ധതിയില്‍ കേരള സംസ്ഥാനം ഉള്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്രം.

Published

|

Last Updated

ന്യൂഡല്‍ഹി | വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് വ്യവസ്ഥ ഒഴിവാക്കില്ലെന്ന് അടൂര്‍ പ്രകാശ് എം പിയുടെ ചോദ്യത്തിന് ധനകാര്യവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ മറുപടി നല്‍കി.

2034 മുതല്‍ സംസ്ഥാനത്തിന് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ 20 ശതമാനം കേന്ദ്രത്തിന് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമെന്ന് കേരളം നേരത്തെ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് നിവേദനം നല്‍കി. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി.

കെ-റെയില്‍: ഡി പി ആര്‍ പുതുക്കി സമര്‍പ്പിക്കാന്‍ കെ ആര്‍ ഡി സി എലിന് നിര്‍ദേശം
ന്യൂഡല്‍ഹി കെ റെയില്‍ വിഷയത്തില്‍ ഡി പി ആര്‍ പുതുക്കി സമര്‍പ്പിക്കാന്‍ കെ ആര്‍ ഡി സി എലിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര റെയില്‍ മന്ത്രാലയം. ഡോ. ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

കെ ആര്‍ ഡി സി എല്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി പി ആര്‍) നേരത്തെ തന്നെ ദക്ഷിണ റെയില്‍വേക്ക് സമര്‍പ്പിച്ചിരുന്നു. ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പുതുക്കിയ ഡി പി ആര്‍ സമര്‍പ്പിക്കുവാന്‍ ദക്ഷിണ റെയില്‍വേ കെ ആര്‍ ഡി സി എലിന് നിര്‍ദേശം നല്‍കിയതായി മറുപടിയില്‍ വ്യക്തമാക്കി.

പി എം ശ്രീ പദ്ധതി; കേരളം ഉള്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വേണ്ടി തുടക്കമിട്ട പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ (PM SHRI) പദ്ധതിയില്‍ കേരള സംസ്ഥാനം ഉള്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 32 ഓളം സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പദ്ധതിയില്‍ ഇടം പിടിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും മാത്രമാണ് പി എം ശ്രീയില്‍ ഉള്‍പ്പെടാതെ പോയത്.

രാജ്യത്ത് മൊത്തം 12,084 സ്‌കൂളുകള്‍ പി എം ശ്രീ പദ്ധതിയുടെ ഭാഗമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി പദ്ധതിക്കു വേണ്ടി 7,107.56 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 914.18 രൂപ ഇതിനകം ചെലവഴിച്ചതായും ലോക്‌സഭയില്‍ ബെന്നി ബഹനാന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി അറിയിച്ചു.