Vizhinjam port construction
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തില്ല: സഭയില്‍ നിലപാട് അറിയിച്ച് മുഖ്യമന്ത്രി
തീരശോഷണം പഠിക്കാന്‍ വിദഗ്ദ സമിതി; പ്രക്ഷോഭകരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു- അടിയന്തരമായി സമരം നിര്‍ത്തണം
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതി നിര്‍ത്തിവെക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗം കുറച്ചുനാളായി ഏഴ് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് സമരം നടത്തുന്നു. ഇതില്‍ മത്സ്യത്തൊഴിലാളികളുടെ ചില ആവശ്യങ്ങള്‍ ന്യായമാണ്. ഇത് പരിഹരിക്കാനുള്ള ഇടപെടലും നടത്തും. പദ്ധതി നിര്‍ത്തിവെക്കണമെന്ന ഒരു ആവശ്യം ഒഴികെ സമരക്കാരുടെ മറ്റ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ ഉറപ്പ് നല്‍കി. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അടിയന്തരമായി സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറണം. രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള സമരം അവസാനിപ്പിക്കണം. മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ ഒരു വിഭാഗം മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ ആ രീതിയില്‍ തന്നെ കാണും.
തുറമുഖ നിര്‍മാണം തുടങ്ങിയത് എല്ലാ പരിശോധനയും നടത്തിയാണ്. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. തുറമുഖ നിര്‍മാണത്തിന് മുന്നേ തീരശോഷണമുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെടും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കും.
വിഴിഞ്ഞം പുനരധിവാസ പദ്ധതി മുന്‍ഗണന നല്‍കിയ സര്‍ക്കാര്‍ നടപ്പാക്കും. തുറമുഖ നിര്‍മാണം മൂലം പ്രതിസന്ധിയിലായ മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും പുനരധിവസിപ്പിക്കും.
പുനരധിവാസം നടക്കുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വാടകയായി 5,500 രൂപ വീതം നല്‍കും.വീടും സ്ഥലവും വാങ്ങാന്‍ പത്ത് ലക്ഷം വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ണെണ്ണ വിഹിതം കുറക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണെണ്ണക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ വള്ളങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ ആലോചിക്കണം. ഇതിനായി ഒരു പദ്ധതി മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.