Connect with us

From the print

വിഴിഞ്ഞം തുറമുഖം; ട്രയൽ റൺ ജൂൺ അവസാനത്തോടെ

ചുറ്റുമതിൽ പൂർത്തിയായി • ബർത്ത് നിർമാണം അന്തിമഘട്ടത്തിൽ

Published

|

Last Updated

തിരുവനന്തപുരം | നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്ത മാസം അവസാന വാരം ട്രയൽ റണ്ണിനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇനി പൂർത്തിയാകാനുള്ളത് 800 മീറ്റർ ബർത്തിന്റെ നൂറ് മീറ്റർ നിർമാണ പ്രവൃത്തി മാത്രമാണ്. തുറമുഖത്തിന്റെ ട്രയൽ റണ്ണിനാവശ്യമായ മുഴുവൻ ക്രെയിനുകളും സ്ഥലത്തെത്തിച്ച് സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ആകെ ആവശ്യമായ 31 ക്രെയിനുകളിൽ 28 ക്രെയിനുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന മൂന്ന് ക്രെയിനുകൾ ജൂലൈയിൽ എത്തും. തുറമുഖ പ്രവർത്തനത്തിനാവശ്യമായ 31 ക്രെയിനുകൾ ചൈനയിൽ നിന്ന് എത്തിച്ചാണ് സ്ഥാപിക്കുന്നത്.

വലിയ തടസ്സമായി നിന്ന ചുറ്റുമതിൽ നിർമാണവും പൂർത്തിയാക്കി. കുരിശ്ശടി നിൽക്കുന്ന സ്ഥലത്തെ തർക്കം താത്കാലികമായി പരിഹരിച്ചാണ് മതിൽ കെട്ടിയത്. 2,965 മീറ്റർ പുലിമുട്ട് മതിയെങ്കിലും 3,005 മീറ്റർ ഇതിനോടകം പണിതു.

ബാർജുകളിലെത്തിക്കുന്ന കണ്ടെയിനറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം. ട്രയൽ വിജയകരമായാൽ തുറമുഖം ഓണത്തിന് കമ്മീഷൻ ചെയ്യുന്നത് സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

റെയിൽ കണക്ടിവിറ്റിയും തുറമുഖ റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും ഇനി ഒരുക്കണം. റോഡ് ഒരുക്കലിന് ഭൂമിയേറ്റെടുക്കലിനായി 11 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ വിസിലിന് അനുവദിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാകുന്ന മുറക്ക് അദാനി പോർട്ടിന് നൽകാനുള്ള 1,200 കോടി രൂപ സംസ്ഥാന സർക്കാർ കൈമാറണം. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വയബിലിറ്റി ഗ്യാപ് ഫണ്ടായി 1,200 കോടി രൂപയും നൽകേണ്ടതുണ്ട്.

Latest