vizhinjam port
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ നികുതി വരുമാനം ഉയര്‍ത്തും: മുഖ്യമന്ത്രി
17 വര്‍ഷം മുമ്പുതന്നെ സമ്പൂര്‍ണ നിലയിലേക്ക് മാറും എന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം വന്‍ തോതില്‍ ഉയരുമെന്നു മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖം നല്‍കുന്ന വിവിധ സേവനങ്ങളിലൂടെ വന്‍ നികുതി വരുമാനമാണ് ലഭിക്കുകയെന്നു മുഖ്യമന്ത്രി വിശദമാക്കി.
2045 ല്‍ സമ്പൂര്‍ണ പ്രവര്‍ത്തനതീയിലേക്ക് തുറമുഖം മാറുമെന്നാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ അതിനും 17 വര്‍ഷം മുമ്പുതന്നെ സമ്പൂര്‍ണ നിലയിലേക്ക് മാറും എന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 2028 ഓടെ സമ്പൂര്‍ണ തുറമുഖമായി ഇതുമാറും എന്നത് അതീവ സന്തോഷകരമായ കാര്യമാണ്. ഗൗതം അദാനി ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച മുന്‍ കൈക്ക് നന്ദി രേഖപ്പെടുത്തുന്നു.
തുറമുഖാധിഷ്ഠിത തൊഴില്‍ ധാരാളം ഉണ്ടാവാന്‍ പോകുന്നു. ഇതിനായി ട്രെയിനിങ്ങ് സെന്റര്‍ ഒരുക്കും. തുറമുഖവുമായി ബന്ധപ്പെട്ടം ധാരാളം പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. 5000 കോടിയുടെ പദ്ധതി കേന്ദ്രത്തില്‍ നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം രാജ്യത്തിനു നല്‍കുന്ന സംഭാവനയാണ് വിഴിഞ്ഞം. രാജ്യത്തെ കണ്ടൈനല്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. ലോകത്തില്‍ ഇത്തരത്തിലുള്ള തുറമുഖങ്ങള്‍ കൈവിരലില്‍ എണ്ണാവുന്നതേ ഉള്ളൂ.
മദര്‍ ഷിപ്പുകള്‍ ഇങ്ങോട്ട് ധാരാളമായി വരാന്‍ പോകുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് ബര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറുന്നു എന്നതാണ് വലിയ പ്രത്യേകത. ഇത് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇതോടെ ആരംഭിക്കുകയാണ്. ഏറെ വൈകാതെ തുറമുഖം പൂര്‍ണ രീതിയിലേക്ക് മാറും. മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കാന്‍ ആവും വിധം സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണ്. ഇതു വലിയ അഭിമാനം പകരുന്ന നിമിഷമാണ്. ഒന്നാം ഘട്ടമാണ് ഇവിടെ പൂര്‍ത്തിയാവുന്നത്. രണ്ടും മൂന്നും നാലും ഘട്ടം പൂര്‍ത്തിയാകുന്നതോടെ സുസജ്ജമായ വിശാല തുറമുഖമായി ഇതു മാറും.
10,000 കോടി രൂപയുടെ നിക്ഷേപത്തിനു വഴിയൊരുക്കിയാണ് .17 കൊല്ലം മുമ്പുതന്നെ സമ്പൂര്‍ണായി ഉപയോഗ യോഗ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ വേണ്ടതു ചെയ്യാന്‍ കഴിയുന്ന കരാര്‍ ഒപ്പിടാന്‍ പോവുകയാണ്. ഇതു നമ്മുടെ സംസ്ഥാനത്തിന്റെ മറ്റൊരു നേട്ടമായി മാറാന്‍ പോവുകയാണ്. അദാനി ഗ്രൂപ്പ് പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്. സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷ മാണ്. രാജ്യത്തിനാകെ അഭിമാനിക്കാന്‍ കഴിയുന്ന നിമിഷം. അയല്‍രാജ്യത്തിനു കൂടി ഉപയോഗിക്കാന്‍ കഴിയന്നതാണ് ഇതിന്റെ നേട്ടം ഉപയോഗിക്കാന്‍ കഴിയും.
2006 സപ്തംബര്‍ 18 നാണ് ഈ തുറമുഖ പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അന്നത്തെ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 2010 ല്‍ ടെണ്ടര്‍ നടപടികള്‍ക്കു ശേഷം കേസും നിയമ നടപടികളുമുണ്ടായി. ചിലര്‍ ചൈനീസ് കമ്പനിയാണെന്നു കണ്ടു പിടിച്ചു. മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമായിരുന്നു. 2012 ല്‍ ഇത് യാഥാര്‍ഥ്യമാക്കണം എന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് ജനകീയ കണ്‍വന്‍ഷന്‍ നടത്തി. 212 ദിവസം നീണ്ട ജനകീയ സമരം ഇതിനു വേണ്ടി നടന്നത് നാള്‍ വഴിയില്‍ സ്ഥാനം പിടിക്കുന്നതാണ്. 2013 ലാണ് ഗ്ലോബര്‍ ടെണ്ടര്‍ വരുന്നത്. 2016 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നു. തുറമുഖവകുപ്പ് കൈകാര്യം ചെയ്ത കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഓരോ ഘട്ടത്തിലും ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിച്ചു മുന്നേറുന്നതാണ് കേരളം കണ്ടത്. പിന്നീട് വന്ന അഹമ്മദ് ദേവര്‍ കോവിലും നല്ല ശ്രമങ്ങള്‍ നടത്തി.
നാടിന്റെ കൂട്ടായ ഇച്ഛാ ശക്തിയും ദൃഢ നിശ്ചയവും ഇത് യാഥാര്‍ഥ്യമായേ തീരു എന്നനിശ്ചയ ദാര്‍ഢ്യവും ഇത് യാഥാര്‍ഥ്യമാക്കി. പ്രകൃതി ദുരന്തവും മഹാമാരിയും പ്രതികൂലമായി ബാധിച്ചു. എല്ലാം മറികടന്ന് ഒറ്റക്കെട്ടായി ശ്രമിച്ച് ലക്ഷ്യം നേടാനായി.
ഒരു തുറമുഖത്തിന്റെ പ്രാധാന്യം വര്‍ധിക്കുമ്പോള്‍ അന്താരാഷ്ട്ര ലോബിതന്നെ ഇതിനെതിരെ വന്നു എന്നു വരാം. ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് സ്ഥാപിത താല്‍പര്യത്തോടെ ചിലര്‍ ശ്രമിച്ചു. അതൊന്നും നാടിന്റെ കൂട്ടായ ഇച്ഛാ ശക്തിയേയോ നിര്‍വഹണ ശേഷിയേയോ ദുര്‍ബലപ്പെടുത്തിയില്ല. വിഴിഞ്ഞത്തെ അഴിമതിക്കോ ചൂഷണത്തിനോ വഴിയാക്കരുതെന്ന ജാഗ്രതയുണ്ടായിരുന്നു. എല്ലാ പഴുതുകളും അടച്ചുകൊണ്ടാണ് ഈ തുറമുഖത്തെ സര്‍വ സജ്ജമാക്കിയത്. രാജ്യത്ത് മുഖ്യ കടല്‍പ്പാതയോട് ഇത്ര അടുത്തു നില്‍ക്കുന്ന മറ്റൊരു തുറമുഖമില്ല.
പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തനം മുന്നോട്ടു പോയത്. ദൈനംദിന അവലോകനങ്ങള്‍ നടന്നു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. 2022 ജൂണ്‍ 30 ന് ഇലക്ട്രിക് സബ്‌സ്റ്റേഷന്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യ കലപ്പല്‍ എത്തി. അതിവേഗത്തിലാണ് പുലിമുട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡ് ഭൂഗര്‍ഭ പാത എന്നിവയുടെ പ്രവര്‍ത്തികളെല്ലാം പുരോഗമിക്കുന്നു. പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ ഷിപ്പിന്റെ നല്ല മാതൃകയാണ് ഈ പദ്ധതി. പുനരധിവാസത്തിന് 100 കോടിയുടെ പദ്ധതിയാണു നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.