Kerala
വിഴിഞ്ഞം സമരപ്പന്തല്‍ ഇന്ന് പൊളിച്ചുനീക്കും
ഉച്ചയോട് കൂടി സമരപ്പന്തല്‍ പൂര്‍ണമായി പൊളിക്കുമെന്ന് സമര സമിതി.
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണ വിരുദ്ധ സമരത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന പന്തല്‍ ഇന്ന് പൊളിക്കും. സര്‍ക്കാരും സമര സമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായമുണ്ടാവുകയും സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് പന്തല്‍ പൊളിച്ചുനീക്കുന്നത്. ഇന്നലെ രാത്രി തന്നെ സമരപ്പന്തലിലെ കസേരകള്‍ അടക്കമുള്ളവ എടുത്തുമാറ്റിയിരുന്നു. ഊട്ടുപുരയിലെ സാധനങ്ങളും മാറ്റി തുടങ്ങിയിട്ടുണ്ട്. ഉച്ചയോട് കൂടി സമരപ്പന്തല്‍ പൂര്‍ണമായി പൊളിക്കുമെന്നാണ് സമിതി ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
സമിതിയുടെ ആവശ്യങ്ങളില്‍ ചിലത് മാത്രം അംഗീകരിച്ചു കൊണ്ടാണ് സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് 140 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതായുള്ള സമരസമിതിയുടെ പ്രഖ്യാപനമുണ്ടായത്.
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന വീട്ടുവാടക 5,500ല്‍ നിന്ന് 8,000 ആക്കണമെന്നും അധികമായി നല്‍കേണ്ട 2,500 രൂപ സര്‍ക്കാര്‍ തന്നെ നല്‍കണമെന്നുമാണ് സമരസമിതി ആവശ്യപ്പെട്ടത്. 2,500 രൂപ അദാനിയുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്ന് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇത് അംഗീകരിക്കാതിരുന്ന സമരസമിതി 5,500 തന്നെ വാടക മതിയെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തെ അധിക വാടക അഡ്വാന്‍സ് ആയി സര്‍ക്കാര്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്‌ളാറ്റ് നിര്‍മാണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സമിതിയില്‍ പ്രദേശിക പ്രതിനിധിയെ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുണ്ടോയെന്ന് പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്ക്കരിക്കുക, പോലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പട്ട് ജുഡീഷ്യല്‍ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ടു വച്ചിരുന്നു. ഇതില്‍ ചിലത് മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.