Kerala
വിഴിഞ്ഞം സമരം: സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; പദ്ധതി നിര്‍ത്തില്ല- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണ് രൂപതയെങ്കില്‍ ഹൈകോടതി നിര്‍ദേശം പാലിക്കണമായിരുന്നു
കോഴിക്കോട് \ വിഴിഞ്ഞം തുറമുഖ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഗുണകരമാകുന്ന പദ്ധതി നിര്‍ത്തിവെക്കില്ല. ഇതൊഴികെ മറ്റാവശ്യങ്ങളില്‍ ഇന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി വ്യക്തമാക്കി.വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന രൂപതയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണ് രൂപതയെങ്കില്‍ ഹൈകോടതി നിര്‍ദേശം പാലിക്കണമായിരുന്നു. തുറമുഖ പദ്ധതി പ്രദേശത്തെ നിര്‍മാണത്തിന് തടസം നില്‍ക്കില്ലെന്ന് രൂപത ഉറപ്പ് നല്‍കിയതാണ്. പദ്ധതി നിര്‍ത്തണമെന്ന രൂപതയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല. ഹൈകോടതി വിധി വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പോലീസിനെ കൈയ്യേറ്റം ചെയ്യുക, പൊലീസ് സ്റ്റേഷന്‍ അക്രമിക്കുക, മറ്റ് മതവിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കുക എന്നിവ ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു