vizhinjam port
വിഴിഞ്ഞം ട്രയല്‍ റണ്‍; 2000 കണ്ടൈനറുകളുമായി കൂറ്റന്‍ ചരക്ക് കപ്പല്‍ എത്തും
വ്യാഴാഴ്ച കപ്പല്‍ വിഴിഞ്ഞം തീരത്തെത്തും. വെള്ളിയാഴ്ച ആഘോഷമായ വരവെല്‍പ്പ് നല്‍കും
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനു മുന്നോടിയായി ട്രയല്‍ റണ്ണിന് 2000 കണ്ടൈനറുകളുമായി കൂറ്റന്‍ ചരക്കുകപ്പല്‍ എത്തും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താന്‍ ഇനി ആറ് ദിവസം മാത്രം.
ചൈനയിലെ ഷിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവന്‍ ചരക്കും വിഴിഞ്ഞത്ത് ഇറക്കും. വ്യാഴാഴ്ച കപ്പല്‍ വിഴിഞ്ഞം തീരത്തെത്തും. വെള്ളിയാഴ്ച ആഘോഷമായ വരവെല്‍പ്പ് നല്‍കും. അടുത്ത രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.
വിഴിഞ്ഞത്ത് സജ്ജമാക്കിയ എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നും23 യാര്‍ഡ് ക്രെയ്‌നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐ ഐ ടി വികസിപ്പിച്ച സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖ നാവിഗേഷന്‍ സെന്ററാകും വിഴിഞ്ഞത്ത് കപ്പലുകളെ നിയന്ത്രിക്കുക. എയര്‍ ട്രാഫിക് കണ്ട്രോള്‍ മാതൃകയിലാണ് വിഴിഞ്ഞത്തെ ഓട്ടോമാറ്റിക്ക് നാവിഗേഷന്‍ സെന്റര്‍. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവര്‍ത്തനമെല്ലാം ഇതില്‍ ഭദ്രമായിരിക്കും.
രണ്ടായിരം കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്ന പടുകൂറ്റന്‍ കപ്പല്‍ ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ സര്‍വീസായ ഡാനിഷ് കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ്. 110 ലേറെ രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന കമ്പനിയാണിത്.