interview
വി കെ എന്നിന്റെ വീട് ആദ്യ വായനശാല
അടിയന്തരാവസ്ഥ നടമാടുന്ന കാലമായിരുന്നു അതെങ്കിലും വിജനശൂന്യമായ പാടങ്ങളിൽ വിറങ്ങലിച്ചുനിൽക്കുന്ന നിശ്ശബ്ദതയൊന്നും തിരുവില്വാമലയെ ബാധിച്ചില്ല. വില്വാദ്രിനാഥക്ഷേത്രവും പറക്കോട്ടുകാവും കൂടാതെ ഒട്ടേറെ ചെറുകാവുകളുമായി തിരുവില്വാമല എന്നും സജീവമാണ്.
? വി കെ കെ രമേഷിന്റെ ജനനം തമിഴ്നാട്ടിലാണെന്നു പറയുന്നു. ആദ്യ ഭാഷ തമിഴെന്നും.
അതെ. 1969ൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഒരു നഴ്സിംഗ് ഹോമിലാണ് ഞാൻ ജനിച്ചത്. അച്ഛൻ തന്റെ നീണ്ട ഔദ്യോഗിക കാലം ചെലവഴിച്ചത് തമിഴ്നാട്ടിന്റെ പലയിടങ്ങളിലായിരുന്നു. ഫാർമസിക്കു പഠിച്ചതാകട്ടെ, മദ്രാസ് മെഡിക്കൽ കോളജിലും. കോയമ്പത്തൂരിൽ പലയിടങ്ങളിലും മാറി മാറി വാടകക്ക് താമസിച്ചിട്ടുണ്ട്. തമിഴാണ് ആദ്യഭാഷ. പഠനം തമിഴിലാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അമ്മവീടായ തിരുവില്വാമലയിലേക്ക് ഞാനെത്തുന്നത്. സാമാന്യം വലിയൊരു പറമ്പിനു നടുവിലായി ഉയർന്നുനിൽക്കുന്ന ഓടിട്ട മൂന്നുനില വീടായിരുന്നു അത്. മൂന്ന് കിലോമീറ്ററോളം ദൂരത്തുള്ള ഭാരതപ്പുഴ വരെ നീണ്ടുപോകുന്ന പാടങ്ങളുടെ കരകളിലൊന്നിനോട് ചേർന്നായിരുന്നു വീട്.
?തമിഴ്നാട്ടിൽ നിന്നും അമ്മവീടായ തിരുവില്വാമലയിലേക്ക് പറിച്ചുനട്ട കാലങ്ങൾ എങ്ങനെയായിരുന്നു
അടിയന്തരാവസ്ഥ നടമാടുന്ന കാലമായിരുന്നു അതെങ്കിലും വിജനശൂന്യമായ പാടങ്ങളിൽ വിറങ്ങലിച്ചുനിൽക്കുന്ന നിശ്ശബ്ദതയൊന്നും തിരുവില്വാമലയെ ബാധിച്ചില്ല. വില്വാദ്രിനാഥക്ഷേത്രവും പറക്കോട്ടുകാവും കൂടാതെ ഒട്ടേറെ ചെറുകാവുകളുമായി തിരുവില്വാമല എന്നും സജീവമാണ്. മേട മാസംവരെ നീളുന്ന വിവിധ കലാവിഭാഗങ്ങൾ അമ്പലവും കാവുംകടന്ന് പുറത്തിറങ്ങും. കന്നിമാസത്തിൽ തുടങ്ങുന്ന നിറമാലയോടെ മധ്യകേരളത്തിലെ വിശേഷങ്ങൾക്ക് തുടക്കമാകും. അത് മേടംവരെ നീണ്ടു ചെല്ലും. പിന്നെ ഇടവത്തിൽ മഴയായി. കൃഷിയായി, അതിന്റെ താളമായി… ചുരുക്കം പറഞ്ഞാൽ, ഇവിടെ ജീവിതംതന്നെ ഒരു നീണ്ടകഥയാണ്. മൂന്ന് തെന്നിന്ത്യൻ ഭാഷകൾക്കും തെരുവുകളുള്ള ഒരു പ്രത്യേകദേശം. പല മാതിരി വിഭാഗത്തിൽ ഉൾപ്പെടുന്ന മനുഷ്യർ. പലമാതിരി സംസ്കാരം. വിവിധ മനുഷ്യജീവിത വ്യവഹാരങ്ങൾ…
? വി കെ കെ രമേഷിന് എഴുത്തിന്റെ തുടക്കം എങ്ങനെയായിരുന്നു? അക്കാലത്ത് വീട്ടിൽ നല്ല വായനക്കാരോ കുഞ്ഞു ഗ്രന്ഥാലയമോ ഉണ്ടായിരുന്നോ?
എഴുത്ത് അതിന്റെ സാങ്കേതികാർഥത്തിൽ ആരംഭിച്ചത് പത്താംതരത്തിൽ പഠിക്കുമ്പോഴാണ്. ബാലസാഹിത്യമായിരുന്നു. ഒരു നോവൽ. ഒരു രാജകുമാരന്റെ കഥ. കൊച്ചുനാളിൽ അമ്മൂമ്മ പറഞ്ഞുതന്ന കഥകളും അയൽപ്പക്കത്തെ വീട്ടിലെ കഥ പറച്ചിലുകാരനായ കൃഷ്ണൻകുട്ടിനായരിൽനിന്നും കേട്ട വിക്രമാദിത്യൻ കഥകളും സ്വാധീനിച്ചിട്ടുള്ളതുകൊണ്ടാകാം, ആദ്യ സൃഷ്ടി ആ വിധത്തിലായത്.
പത്താംതരം കഴിഞ്ഞതോടെ അവസാനിച്ചുപോയതാണ് വിദ്യാഭ്യാസം. അത് പിന്നീട്, സ്വന്തം നിലക്ക്, സ്വന്തം താത്പര്യങ്ങൾക്കനുസൃതമായി വൈവിദ്ധ്യമുഖിയായി, ബഹുശാഖിയായി, ക്രമമറ്റ് തുടർന്നു.
പലവിധ കൂലിവേലകൾ ചെയ്തിട്ടായിരുന്നു കൗമാരം കടന്നുപോയത്. പെയിന്റ് പണിക്കാരൻ, കടകളിലെ എടുത്തുകൊടുപ്പുകാരൻ, ഫാക്ടറിത്തൊഴിലാളി, ഹോട്ടൽ തൊഴിലാളി… അങ്ങനെയങ്ങനെ.
വി കെ എൻ എന്ന സാഹിത്യപ്രതിഭയുമായി കുടുംബബന്ധമുള്ളതുകൊണ്ട്, ആ വീടുമായി അടുപ്പമുള്ളതുകൊണ്ട് പുസ്തകങ്ങൾ ധാരാളം വായനക്കായി കിട്ടിയിരുന്നു. സത്യത്തിൽ അതാണെന്റെ ആദ്യകാല വായനശാല. തിരുവില്വാമല ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളിൽനിന്നും ചില ലോകങ്ങളുടെ ക്ഷണികദർശനങ്ങൾ കിട്ടിയിരുന്നു. അതിനൊക്കെയപ്പുറം, തിരുവില്വാമലയുടെ പ്രകൃതിതന്നെയാണ് എന്നെ ത്രസിപ്പിച്ചിട്ടുള്ളത്. ഇമേജറികളുടെ വർണാഭമായ പലവിധ ഘടനകൾ അത് ഭാവനക്കു മുന്നിലേക്ക് നീട്ടിവെച്ചു. സംഗീതമാണ് എന്റെ മറ്റൊരു സ്വാധീനഘടകം. പ്രകൃതി അകത്ത് ദൃശ്യങ്ങളും സംഗീതം ഭാഷക്ക് താളവും തന്നു. ഈ രണ്ട് പുസ്തകങ്ങളാണ് ശരിക്കും പറഞ്ഞാൽ, ഇന്നും എന്റെ വായനാവിഭവങ്ങൾ
? ആദ്യ കഥയുടെ ഓർമകൾ പങ്കു വെക്കുന്നതോടൊപ്പം തന്നെ ചോദിക്കട്ടെ, താങ്കൾക്കെന്താണ് കഥ? എന്താണു സാഹിത്യം എന്നുകൂടി വിശദീകരിക്കാമോ?
അച്ചടക്കമില്ലാതെ സംഘടിപ്പിച്ച ആർജിതവിഭവങ്ങളും അടിമനസ്സിലെ സഞ്ചിത വിഭവങ്ങളും ചേരുമ്പോഴാണ് രചന എളുപ്പമാകുന്നത് എന്നതാണ് എന്റെ ഒരനുഭവം. കാര്യം അത്തരത്തിലാണെങ്കിൽ, എഴുത്ത് വരുന്ന വഴി അതുതന്നെയാകാം. ഏതാണ്ടൊരു സ്വപ്നത്തിന്റെ അവസ്ഥ എഴുതുന്ന വേളയിൽ ഉണ്ടാകാറുണ്ട്. മുഴുവനായും നമ്മുടെ പിടിയിൽ നിൽക്കാത്തതാണെങ്കിലും ഭാഗികമായി ചില തിരഞ്ഞെടുപ്പുകൾ രചനാവിഷയത്തിൽ നടത്താൻ സാധിക്കും. എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് അറിയുന്ന ഒരുത്തരം പറയുമ്പോൾ തന്നെ, അറിയാത്ത ഉത്തരം അകക്കാമ്പിൽ പതിയിരിപ്പുണ്ടാകും. ആദ്യത്തെ കഥ പതിനാറാം വയസ്സിലാണ് അച്ചടി കണ്ടത്. കലാകൗമുദിയുടെ കഥ മാസികയിലായിരുന്നു അത്. എന്റെ യാത്ര എന്നായിരുന്നു കഥയുടെ പേര്. പത്താംതരം തോറ്റ എന്നോട് മലയാളം എഴുതാൻ അറിയാമോ എന്ന് കുടുംബത്തിലെ ഒരാൾ ചോദിച്ചതിന് പ്രതികാരം വീട്ടിയത് അത്തരത്തിലായിരുന്നു. അങ്ങനെയൊരു തമാശയും അതിനു പിന്നിലുണ്ട്.
?താങ്കളുടെ ഏറെ ചർച്ച ചെയ്യപ്പെട്ട കഥയാണ് മായാമൃഗം. അമ്മയെ വിട്ടുനിൽക്കുന്ന മാൻ കുട്ടിയുടെയും അമ്മയെ വിട്ടു നിൽക്കുന്ന മനുഷ്യക്കുട്ടിയുടെയും മനസ്സാണ് ഈ കഥയെങ്കിൽ അതിന്റെ രചനാ പശ്ചാത്തലം വിശദമാക്കാമോ?
കൊയമ്പത്തൂരിൽനിന്ന് അമ്മയും ഞാനും നാട്ടിലെത്തിയെങ്കിലും അച്ഛൻ തുടർന്നും കുറച്ചു കാലം അവിടെത്തന്നെയായിരുന്നു. ഡോക്ടർമാരുടെ എണ്ണക്കുറവുണ്ടായിരുന്ന അക്കാലം, ഇത്തരം പരിചയ സമ്പന്നരായ ഫാർമസിസ്റ്റുകളാണ് പാവപ്പെട്ട രോഗികളെ ചികിത്സിച്ചുപോന്നിരുന്നത്. പള്ളിക്കൂടം അവധിക്കാലത്ത് തെല്ലുനാൾ ഞാൻ വീണ്ടും കൊയമ്പത്തൂരിൽ പോയി അച്ഛനോടൊപ്പം താമസിച്ചിട്ടുണ്ട്. അന്ന് അച്ഛന്റെ ചികിത്സയിലുണ്ടായിരുന്ന ഒരു പ്രമേഹരോഗിയായിരുന്നു മായാമൃഗം എന്ന കഥയിലെ അയ്യങ്കാർ. മക്കളില്ലാത്ത അയാൾ അഗ്രഹാരത്തിൽ ഒരു മാൻകുട്ടിയെ വളർത്തിയിരുന്നു. മാമിക്ക് ആ മാൻ സ്വന്തം മകളായിരുന്നു. അവർക്ക് എന്നോട് അതിയായ വാത്സല്യമുണ്ടായിരുന്നു. എന്നെ അതുപോലെ കൊഞ്ചിച്ച മറ്റൊരാളുണ്ടായിരുന്നില്ലെന്നു പറയാം. എന്നെ വളർത്താൻ കിട്ടിയാൽ, അതവർക്ക് നൂറുവട്ടം സമ്മതമായിരിക്കുമെന്ന് ഉറപ്പു പറയാം. തിരിച്ചുപോരുന്ന ദിവസം ഞാൻ മാനിനെ വേണമെന്ന് അച്ഛനോടു പറഞ്ഞു. അച്ഛൻ ചിരിച്ചു. രണ്ട് വിധത്തിലുള്ള വിരഹം അവിടെ അച്ഛനും അയ്യങ്കാരും കണ്ടു. മാനിനെ പിരിയുന്ന എന്റെ വിരഹ വേദന. എന്നെ പിരിയുന്ന മാമിയുടെ വേദന. ഓർമകളുടെ ബാല്യം, മറ്റുപലതും ചേർന്ന് പുറത്തുവന്നതാണ് മായാമൃഗം എന്ന കഥ. അത് അനുഭവമാണ്. അതേ സമയം കഥയുമാണ്.