Kerala
വ്‌ളോഗര്‍ ജുനൈദ് മരിച്ച സംഭവം; അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണം
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.

മലപ്പുറം|വ്‌ളോഗര്‍ മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ച് മഞ്ചേരി പോലീസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നുവെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തും. അതേസമയം, മരണത്തില്‍ ജുനൈദിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല.
ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അപകടമുണ്ടായത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു ജുനൈദിന് അപകടം പറ്റിയത്. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.