Connect with us

congress issue

ഗ്രൂപ്പുകള്‍ക്കെതിരെ ശബ്ദം: കെ മുരളീധരന്റെ രാഷ്ട്രീയ പരിണാമം ചര്‍ച്ചയാവുന്നു

മുരളീധരന്റെ നീക്കങ്ങളില്‍ മുഴച്ച്‌നില്‍ക്കുന്നത് തന്നേയും പിതാവിനേയും നിരന്തരം വേട്ടയാടിയവരോടുള്ള പ്രതികാര ദാഹം

Published

|

Last Updated

കോഴിക്കോട് |  കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പുതിയ യുഗപ്പിറവി സൃഷ്ടിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുമ്പോള്‍ കെ മുരളീധരന്റെ രാഷ്ട്രീയ പരിണാമം ചര്‍ച്ചയാവുന്നു.
കോണ്‍ഗ്രസിനെ ഏറെക്കാലം അടക്കിഭരിച്ച എ, ഐ ഗ്രൂപ്പുകളുടെ അന്ത്യത്തില്‍ ഏറെ സന്തോഷിക്കുന്നു എന്നതിനപ്പുറം പക വീട്ടുന്ന പോരാളിയെന്ന നിലയിലാണ് മുരളീധരന്‍ പ്രത്യക്ഷപ്പെടുന്നത്. കര്‍മ ഫലം ഓരോരുത്തരും അനുഭവിക്കുമെന്ന ഓര്‍മപ്പെടുത്തലും വാളെടുത്തവരെല്ലാം ഇനി വെളിച്ചപ്പാടല്ലെന്ന പ്രഖ്യാപനവുമെല്ലാം പ്രതികാരദാഹിയായ മുരളീധരനെയാണു തുറന്നു കാട്ടുന്നത്.

തന്റെ പിതാവ് കെ കരുണാകരന്റെ ഉയിരായിരുന്ന ഐ ഗ്രൂപ്പും പ്രതിയോഗിയായിരുന്ന എ കെ ആന്റണി നയിച്ച എ ഗ്രൂപ്പും കോണ്‍ഗ്രസിനെ പങ്കിട്ടെടുത്ത കാലത്ത് യുദ്ധമുഖത്ത് മുറിവേറ്റുവീണ പിതാവിന്റെയും പുത്രന്റെയും ദയനീയ ചിത്രം കേരളം കണ്ടതാണ്. സര്‍വാപരാധം ഏറ്റുപറഞ്ഞു പിതാവും പുത്രനും കോണ്‍ഗസില്‍ തിരിച്ചെത്തിയെങ്കിലും പഴയ പ്രതാപം അവര്‍ക്കു വീണ്ടെടുക്കാനായില്ല. അച്ഛന്‍ കല്‍പ്പിച്ചു നല്‍കിയ ‘ക്രൗഡ് പുള്ളര്‍’ എന്ന പദവിയുള്ളതുകൊണ്ട് പിതാവിന്റെ കാലശേഷവും തിരഞ്ഞെടുപ്പു ഗോഥയില്‍ തിളങ്ങാന്‍ മുരളീധരനായി. ഗ്രൂപ്പില്ലാത്തവനായി ഒതുങ്ങിക്കൂടിയ മുരളീധരന്‍, നേരത്തെ വലിച്ചെറിഞ്ഞ പ്രചാരണകമ്മിറ്റി ചെയര്‍മാന്‍ പദവി വീണ്ടും എടുത്തണിഞ്ഞത് പ്രതികാരത്തിന്റെ കച്ചമുറുക്കലായിരുന്നുവെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസില്‍ ഞാനിപ്പോള്‍ വെറും നാലണ മെമ്പറാണെന്ന ചെന്നിത്തലയുടെ വിലാപത്തേക്കാള്‍ കര്‍ണാനന്ദകരമായ ഒരു വാക്കും പിതാവിന്റെ കാലശേഷം മുരളീധരന്‍ കേട്ടിരിക്കാനിടയില്ല. മുതിര്‍ന്ന നേതാക്കളെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ അടക്കിയെന്ന് നേതാക്കള്‍ അവകാശപ്പെട്ട ശേഷവും മുരളീധരന്‍ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ചതിനു പിന്നില്‍ ഈ പക തീര്‍ക്കല്‍ തന്നെ എന്നാണു വിലയിരുത്തപ്പെടുന്നത്.

കെ കരുണാകരന്റെ ദുഃഖം കുടുംബത്തിന്റെ സ്വകാര്യ ദുഃഖം മാത്രമായിരിക്കട്ടെ എന്നായിരുന്നു മുരളീധരന്‍ അടുത്തകാലം വരെ പറഞ്ഞിരുന്നത്. പിതാവിനൊപ്പം പുത്രനും ഏറ്റുവാങ്ങിയ ഓരോ മുറിവും കരിയാതെ കിടക്കുമെന്ന്് ചരിത്രം ഓര്‍മപ്പെടുത്തുന്നു.
കരുണാകരന്‍ ഐ ഗ്രൂപ്പിന്റെ കപ്പിത്താനായിരുന്ന കാലത്താണ് സേവാദള്‍ പ്രവര്‍ത്തകനായാണ് മുരളീധരന്‍ കോണ്‍ഗ്രസിലേക്കു കടന്നു വരുന്നത്. സേവാദള്‍ സംസ്ഥാന മേധാവിയായിരിക്കെ 1989-ല്‍ കോഴിക്കോട് നിന്ന് പ്രമുഖ സി പി എം നേതാവ് ഇ കെ ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭ അംഗമായതോയെ കോണ്‍ഗ്രസിലെ താരോദയമായി. 1991-ല്‍ കോഴിക്കോട് നിന്ന് എം പി വീരേന്ദ്രകുമാറിനെയും തോല്‍പ്പിച്ചതോടെ ജയന്റ് കില്ലറായി മുരളീധരന്‍ പ്രതിഷ്ഠിക്കപ്പെട്ടു. അപ്പോഴേക്കും പാളയത്തില്‍ ശത്രുക്കളും ഒരുക്കം തുടങ്ങിയിരുന്നു.

കരുണാകരനെ നിലംപരിശാക്കാന്‍ ചാരക്കേസിന്റെ രൂപത്തില്‍ കൂടാരത്തില്‍ പടയൊരുങ്ങി. പിടിച്ചു നില്‍ക്കാനാവാതെ 1995 മാര്‍ച്ച് 16ന് കരുണാകരന്‍ രാജിവെച്ചു. എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. എല്ലാത്തിനും രഹസ്യമായി ചരടുവലിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. കരുണാകരന്‍ കെട്ടിപ്പടുത്ത മുന്നണിയില്‍വരെ ഉമ്മന്‍ ചാണ്ടി വിള്ളലുണ്ടാക്കി.
1996-ല്‍ വീരേന്ദ്രകുമാറിനോട് കോഴിക്കോടും 1998-ല്‍ വി വി രാഘവന്‍നോട് തൃശൂരിലും തോറ്റ മുരളീധരനെ ചവിട്ടിയറയ്ക്കുകയാരുന്നു ശത്രുപാളത്തിലെ ലക്ഷ്യം. കളിയറിയാവുന്ന കരുണാകരന്‍ മകനെ 1999-2001 കാലഘട്ടത്തില്‍ കെ പി സി സിയുടെ ജനറല്‍ സെക്രട്ടറിയും ഏക വൈസ് പ്രസിഡണ്ടുമാക്കി വാഴിച്ചു.

1999-ല്‍ കോഴിക്കോട് നിന്ന് വീണ്ടും ലോക്‌സഭയില്‍ അംഗമായി മുരളി തിളങ്ങി. 2001-2004 കാലത്ത് എ കെ ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ പി സി സി പ്രസിഡണ്ട് പദവിയില്‍ മുരളീധരനായിരുന്നു. 2004 ഫെബ്രുവരി 11-ന് എ കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയാവാന്‍ ശ്രമിച്ചതാണ് മുരളീധരന്റെ ജീവിതം മാറ്റിമറിച്ചത്. ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയപ്പെട്ടതിനാല്‍ 2004 മെയ് 14-ന് മന്ത്രിസ്ഥാനം രാജിവെച്ചു. കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയെന്ന കളങ്കവുമായിട്ടായിരുന്നു ആ പടിയിറക്കം.

തുടര്‍ന്നു രാജ്യസഭസീറ്റിന്റെ പ്രശ്നത്തില്‍ കെ കരുണാകരന്‍നും അദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസ് നേതൃത്വമായി കലഹിച്ചതിനെ തുടര്‍ന്ന് മുരളീധരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു.

ഉള്‍പ്പാര്‍ട്ടി പോര് പരകോടിയില്‍ എത്തിയ 2005-ല്‍ കോഴിക്കോട്ട് കടപ്പുറത്തെ പൊതുയോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേയ്ക്ക് മുരളീധരനെ സസ്പെന്‍ഡ് ചെയ്തതോടെ കോണ്‍ഗ്രസ്സില്‍ നില്‍ക്കക്കള്ളിയില്ലാതായി.
അതിനുശേഷം 2005-ല്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുതിയ പാര്‍ട്ടിയായ ഡി ഐ സി (കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി. രാഷ്ട്രീയ ചതുരംഗത്തില്‍ കാലിടറിയ പരീക്ഷണം ഉപേക്ഷിച്ച് കൂടെ പുറത്തുവന്ന പല നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചു.

2007-ല്‍ കെ കരുണാകരനോടൊപ്പം കെ മുരളീധരനും സ്വന്തം പാര്‍ട്ടിയുെ എന്‍ സി പിയില്‍ ലയിച്ചു. 2007 ഡിസംബര്‍ 31-ന് കെ കരുണാകരന്‍ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോയെങ്കിലും മുരളീധരന്‍ എന്‍ സി പിയില്‍ തുടര്‍ന്നു.

2009ല്‍ മുരളീധരനെ എന്‍ സി പിയില്‍ നിന്ന് പുറത്താക്കി. പിന്നീട് ആറു വര്‍ഷത്തിനു ശേഷം 2011 ഫെബ്രുവരി 15ന് കെ മുരളീധരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തി.
കെ കരുണാകരന്റെ അരുമശിഷ്യനായിരുന്ന രമേശ് ചെന്നിത്തലയും ആന്റണിയില്‍ നിന്ന് എ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടിയും നടത്തിയ ഓരോ നീക്കവും മനസ്സില്‍ സൂക്ഷിച്ചാണ് ഇപ്പോള്‍ മുരളീധരന്റെ നീക്കം. കെ സുധാകരന്‍- വി ഡി സതീശന്‍- കെ സി വേണുഗോപാല്‍ ത്രയങ്ങള്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മുരളീധരനെ പ്രേരിപ്പിക്കുന്ന ഒയേയൊരു ഘടകം ഈ പ്രതികാര ദാഹം തന്നെ.

കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റ ചടങ്ങില്‍ കൂടെയുള്ളവര്‍ ഏറെയും ഒറ്റുകാരാണെന്നും ആരെയും അധികം നമ്പരുതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പും ഇതൊക്കെ താന്‍ നേരത്തെ പഠിച്ച പാഠങ്ങളാണെന്ന കെ മുരളീധരന്റെ മറുപടിയും മുരളീധരന്റെ പോരാട്ട കാഹളമായിരുന്നു.

കരുണാകരനെ നിരന്തരമായി വേട്ടയാടിയവരില്‍ ഏറെയും കരുണാകരന്‍ തന്നെ ഊട്ടി വളര്‍ത്തിയവരായിരുന്നു. ഈ കനല്‍ ഉള്ളില്‍ ഒതുക്കിയാണ് കെ മുരളീധരന് ഇത്രയും നാള്‍ ഗ്രൂപ്പൊന്നുമില്ലാതെ കഴിഞ്ഞത്. തന്റെ പിതാവിനോടും തന്നോടും ക്രൂരത കാണിച്ചവര്‍ക്കു അതേനാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള കാത്തിരിപ്പാണു കെ മുരളീധരന്റെ രാഷ്്ട്രീയം.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest