ACTRESS ATTACK CASE
ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ശബ്ദ പരിശോധന ഇന്ന്
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകരെ ഓഫീസില്‍ സന്ദര്‍ശിച്ച് ദിലീപ്
കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ പ്രതികളായ നടന്‍ ദിലീപിന്റേയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന്. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദപരിശോധനയാണ് നടത്തുന്നത്.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്.
അതിനിടെ വധഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപും മറ്റ് പ്രതികളും രാമന്‍പിള്‌ലയടക്കമുള്ള അഭിഭാഷകരെ ഓഫീസിലെത്തി സന്ദര്‍ശിച്ചു. ഇന്നലെ രാത്രി നടന്ന സന്ദര്‍ശനം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇന്ന് ശബ്ദ പരിശോധന നടക്കുന്നതിന് മുമ്പായാണ് കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹരജിയില്‍ ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്.