Connect with us

indian judiciary

ഇന്ത്യനൈസേഷന് വേണ്ടി ഉയരുന്ന ശബ്ദങ്ങള്‍

കൊളോണിയല്‍ അവശിഷ്ടങ്ങളെ മാറ്റിനിര്‍ത്തി ജനാധിപത്യത്തിന്റെ തെളിച്ചത്തിലേക്കും ലാളിത്യത്തിലേക്കും സഞ്ചരിക്കാനുള്ള അഭിനിവേഷം നമ്മുടെ നീതിപീഠങ്ങളില്‍ തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്ന സമീപകാല സവിശേഷത പ്രതീക്ഷ നല്‍കുന്നതാണ്.

Published

|

Last Updated

രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപ പദവിക്ക് വലിയ അളവില്‍ ദൃശ്യത നല്‍കാന്‍ സാധിച്ച ന്യായാധിപനാണ് കഴിഞ്ഞ ദിവസം വിരമിച്ച എന്‍ വി രമണ. വാരാന്തങ്ങളില്‍ രാജ്യത്തുടനീളം സഞ്ചരിച്ച് വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളോട് സംവദിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. അവധി വേളകളില്‍ അന്താരാഷ്ട്ര വേദികളിലും പ്രത്യക്ഷപ്പെട്ടു അദ്ദേഹം. നീതിന്യായ രംഗം കൂടുതല്‍ ജനാഭിമുഖ്യമുള്ളതാകാന്‍ സൃഷ്ടിപരമായ പല നിര്‍ദേശങ്ങളും അത്തരം വാരാന്ത പ്രഭാഷണങ്ങളില്‍ അദ്ദേഹം മുന്നോട്ടുവെച്ചു. രാജ്യത്തെ ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്ന് ഊന്നിപ്പറഞ്ഞ പ്രഭാഷണങ്ങള്‍ നീതിപീഠങ്ങളില്‍ ഉണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയും ശബ്ദിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ ആസകലം ആവരണം ചെയ്തിരിക്കുന്ന കൊളോണിയല്‍ ശീലങ്ങള്‍ തിരുത്തപ്പെടേണ്ടതാണെന്നത് പല പ്രമുഖരും പലപ്പോഴായി പറയുന്ന കാര്യമാണ്. എന്നാല്‍ സുപ്രീം കോടതിയിലെ തന്റെ വിടവാങ്ങല്‍ പ്രഭാഷണത്തിലടക്കം സവിശേഷ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ “ഇന്ത്യനൈസേഷനെ’ എന്‍ വി രമണ ഉയര്‍ത്തിക്കാട്ടിയത്.

കൊളോണിയല്‍ ബാക്കിപത്രമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാപരത പരിശോധിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പിന് കാര്‍മികനായത് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചാണ്. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തിലാണല്ലോ തദ്വിഷയികമായി ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ട പരമോന്നത നീതിപീഠം രാജ്യദ്രോഹക്കുറ്റം താത്കാലികമായി മരവിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റത്തിനുമപ്പുറം നമ്മുടെ നീതിന്യായ സംവിധാനത്തിലെ കൊളോണിയല്‍ ബാധ നേര്‍ക്കുനേര്‍ അഡ്രസ്സ് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകാന്‍ വിരമിച്ച മുഖ്യ ന്യായാധിപന്റെ നിരന്തര ശ്രമങ്ങള്‍ കാരണമായെന്നത് ശുഭോദര്‍ക്കമാണ്.

ഐ പി സിയിലെ 141ാം വകുപ്പ് ഉള്ളടക്കമാക്കുന്ന നിയമവിരുദ്ധ സംഘംചേരല്‍ എന്ന ക്രിമിനല്‍ കുറ്റത്തിന്റെ ചരിത്ര പശ്ചാത്തലവും രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന് വിഭിന്നമല്ല. ക്രമസമാധാന പാലനത്തിനെന്ന പേരില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമമാക്കപ്പെട്ട പ്രസ്തുത വകുപ്പിന്റെ ഉള്ളടക്കം നിഷ്‌കളങ്കമെന്ന് തോന്നുമെങ്കിലും രാജ്യത്തെ ദേശീയ പ്രസ്ഥാന മുന്നേറ്റത്തെ പൂട്ടാന്‍ ചുട്ടെടുത്ത കരിനിയമമായിരുന്നു അത്. അഞ്ചോ അതിലധികമോ പേര്‍ ക്രിമിനല്‍ പ്രവൃത്തി നടത്തണമെന്ന ഉദ്ദേശ്യത്തോടെയോ ഏതെങ്കിലും നിയമം നടപ്പാക്കുന്നത് തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയോ സംഘം ചേരുന്നതിനെയാണ് പ്രസ്താവിത വകുപ്പ് പ്രശ്‌നവത്കരിക്കുന്നത്. ഏറെ അവ്യക്തതകളെ ബാക്കിയാക്കുന്ന ഈ നിയമം അന്നും ഇന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. സമാധാനപരമായി സംഘം ചേരുന്നത് വിലക്കുന്ന തരത്തിലും അത്തരം പ്രവൃത്തികളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന തരത്തിലുമാണ് നിയമം ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ പൗരത്വ ഭേദഗതി നിയമത്തിന്റെ തുടര്‍ച്ചയില്‍ 2020ല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടികളില്‍ നിയമവിരുദ്ധ സംഘം ചേരലെന്ന ബ്രിട്ടീഷ് ഇന്ത്യന്‍ നിയമത്തിന്റെ തെറ്റായ ഉപയോഗം വ്യക്തമായിരുന്നു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144ാം വകുപ്പും സമം ചേര്‍ത്താണ് സ്വാതന്ത്ര്യ സമരത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷുകാര്‍ നടത്തിയത്. സ്വാതന്ത്ര്യാനന്തരവും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ഒരു ജനാധിപത്യ രാഷ്ട്രീയ സാമൂഹിക ക്രമത്തെ നിയന്ത്രിച്ചുകൊണ്ട് തന്നെ സ്വന്തം ജനതക്ക് നേരേ നിയമ ദുരുപയോഗം വഴി പോലീസ് സ്റ്റേറ്റിന്റെ ക്രൗര്യം പുറത്തെടുക്കുന്നു എന്നത് എത്രമാത്രം വിരോധാഭാസമാണ്.
1897ലെ പകര്‍ച്ചവ്യാധി നിയമവും വെച്ചാണ് ഇന്ത്യ കൊവിഡിനെ നേരിട്ടതെന്ന് പരിഹാസ രൂപേണയുള്ള വിമര്‍ശങ്ങള്‍ സമീപകാലത്ത് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. രണ്ട് പേജും അഞ്ച് വകുപ്പുകളും മാത്രമുള്ള പ്രസ്തുത നിയമത്തിന്റെ അര്‍ഥവ്യാപ്തി വളരെ കുറഞ്ഞതാണ്. കാലഹരണപ്പെട്ട നിയമങ്ങളുടെ ഒഴിവാക്കലും കാലാനുസൃത മാറ്റം ആവശ്യപ്പെടുന്നതിന്റെ നവീകരണവും അതിപ്രധാനമാണെന്ന് രാജ്യം തിരിച്ചറിഞ്ഞ ഒരു ഘട്ടം കൂടെയായിരുന്നു കൊവിഡ് മഹാമാരിയുടെ വ്യാപന കാലം.

ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യത്തെ തിരിച്ചറിയാത്ത നിയമങ്ങളാണ് മേല്‍ചൊന്നവയടക്കം ബ്രിട്ടീഷ് ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട നിയമങ്ങളില്‍ പലതും. രാജ്യത്തിന് കെട്ടുറപ്പുള്ള ഒരു ഭരണഘടന സംഭാവന ചെയ്യുന്നതില്‍ പോലും ബ്രിട്ടീഷ് നിയമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നത് സമ്മതിക്കുമ്പോഴും സ്വാതന്ത്ര്യാനന്തരവും ഇന്ത്യയുടെ മനസ്സ് തൊടാത്ത നിയമങ്ങള്‍ ഇവിടെ തുടര്‍ന്നുപോന്നതിന്റെ പാപഭാരത്തില്‍ നിന്ന് ഇന്ത്യകണ്ട ഭരണകൂടങ്ങള്‍ക്കൊന്നും ഒഴിഞ്ഞുമാറാനാകില്ല. വിക്ടോറിയന്‍ അധികാരക്രമത്തെ ബലപ്പെടുത്തുന്ന മാതൃകയില്‍ തയ്യാറാക്കപ്പെട്ടതാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളില്‍ പലതും. അക്കാലത്തെ സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളിലെ ശീലങ്ങളും അങ്ങനെ തന്നെ. അവിടെ നീതി ആത്യന്തികമായി അവകാശമല്ല. അതിനാല്‍ പൗരന് നീതി ആവശ്യപ്പെടാനാകില്ല. “ഹംബ്ലി പ്രയേഡ്’ അതായത് താഴ്മയോടെ അഭ്യര്‍ഥിക്കുമ്പോള്‍ രാജകല്‍പ്പനയുടെ ഭാഗമായി ലഭിക്കുന്നതാണ് വിക്ടോറിയന്‍ മനോഗതിയനുസരിച്ച് നീതി. ആധുനിക ജനാധിപത്യ ക്രമത്തില്‍ പൗരാവകാശങ്ങളുടെ തലതൊട്ടപ്പനായി നില്‍ക്കുന്നത് പരമോന്നത നീതിപീഠത്തെ തന്നെ സമീപിച്ച് പൗരന് അര്‍ഹമായ നീതിയാവശ്യപ്പെടാനുള്ള അവകാശമാണ്. പൗരാവകാശ പ്രധാനമായ ഭരണഘടന തന്നെയാണ് ആ അവകാശത്തിന്റെ ലിഖിത രേഖ. അപ്പോഴും വിക്ടോറിയന്‍ അധികാര ക്രമത്തെയും ഫ്യൂഡല്‍ പ്രമാണിത്തത്തെയും ഓര്‍മപ്പെടുത്തുന്ന ശീലങ്ങളാണ് നമ്മുടെ കോടതികളില്‍ നിലനില്‍ക്കുന്നത്.

നമ്മുടെ കോടതികളില്‍ ഇപ്പോഴും നീതി ആവശ്യപ്പെടുന്നത് താഴ്മയോടെ അപേക്ഷിച്ചാണെങ്കില്‍ ന്യായാധിപനെ അഭിസംബോധന ചെയ്യുന്നത് അടിമ – ഉടമ ബന്ധത്തെ തോന്നിപ്പിക്കുന്ന വിധമാണ്. “മൈ ലോഡ്’, “യുവര്‍ ലോഡ്ഷിപ്’, “യുവര്‍ ഹോണര്‍’ തുടങ്ങിയ പദങ്ങളിലൂടെയാണ് ജനാധിപത്യ ഇന്ത്യയിലെ കോടതികളില്‍ ന്യായാധിപരെ ഇപ്പോഴും അഭിസംബോധന ചെയ്യുന്നത്. ന്യായാധിപരുടെ പേരുകള്‍ക്ക് മുമ്പ് “ഹോണറബ്ള്‍’ എന്നും ചേര്‍ക്കുന്നു. ജനാധിപത്യ രാഷ്ട്രീയക്രമം എന്നത് സകല മര്യാദകളെയും ഉപചാരങ്ങളെയും പുറത്തുനിര്‍ത്തുന്ന സംവിധാനമാണെന്നാണ് ഈ ചര്‍ച്ചയുടെ ആകെത്തുക എന്ന് കരുതരുത്. അതേസമയം ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ രാജവാഴ്ചയെ ദ്യോതിപ്പിക്കുന്ന പ്രയോഗങ്ങള്‍ രാഷ്ട്രഭരണത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ അനിവാര്യതയാകുന്നത് മാപ്പര്‍ഹിക്കാത്ത സംഗതിയാണ്. ആ രംഗത്ത് കാതലായ മാറ്റം വേണമെന്ന തിരിച്ചറിവാണ് എന്‍ വി രമണയെപ്പോലുള്ളവരെ ഇന്ത്യനൈസേഷന് വേണ്ടി സംസാരിക്കാന്‍ നിരന്തരം പ്രേരിപ്പിക്കുന്നത്.
പദാവലികളില്‍ ഒതുങ്ങുന്നുമില്ല നമ്മുടെ നീതിന്യായ രംഗത്തെ ബ്രിട്ടീഷ് മയം. ഉഷ്ണകാലത്ത് കടുത്ത ചൂടനുഭവപ്പെടുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ പോലും അഭിഭാഷകരുടെ വേഷത്തിന് ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് ഒരു മാറ്റവും വന്നിട്ടില്ല. കൊവിഡ് വ്യാപന കാലത്ത് കോടതികളില്‍ അഭിഭാഷകര്‍ ഗൗണ്‍ ധരിക്കുന്നതിന് താത്കാലിക ഇളവ് അനുവദിച്ചിരുന്നത് മാറ്റിനിര്‍ത്തിയാല്‍ ഇപ്പോഴും പ്രതികൂല കാലാവസ്ഥയില്‍ പോലും കോട്ടും ഗൗണുമണിഞ്ഞാണ് നമ്മുടെ അഭിഭാഷകര്‍ കോടതികളില്‍ ഹാജരാകുന്നത്.

കൊളോണിയല്‍ അവശിഷ്ടങ്ങളെ മാറ്റിനിര്‍ത്തി ജനാധിപത്യത്തിന്റെ തെളിച്ചത്തിലേക്കും ലാളിത്യത്തിലേക്കും സഞ്ചരിക്കാനുള്ള അഭിനിവേഷം നമ്മുടെ നീതിപീഠങ്ങളില്‍ തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്ന സമീപകാല സവിശേഷത പ്രതീക്ഷ നല്‍കുന്നതാണ്. കോളനികാലത്തെ ഉപചാര പദങ്ങളുപയോഗിച്ച് തന്നെ വിളിക്കുന്നത് അഭിഭാഷകരും കക്ഷികളും ഒഴിവാക്കണമെന്ന് ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ. എസ് മുരളീധര്‍ ആവശ്യപ്പെട്ടത് ആ നിലയില്‍ ശ്രദ്ധേയ ചുവടുവെപ്പായിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച എന്‍ വി രമണയെപ്പോലുള്ള വേറിട്ട ന്യായാധിപര്‍ പലപ്പോഴായി ജുഡീഷ്യറിയുടെ ജനാധിപത്യവത്കരണത്തിന് ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ശരിയായ മാറ്റങ്ങള്‍ക്ക് നീതിപീഠങ്ങള്‍ സാക്ഷിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Latest