International
ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്‌ഫോടനം; മരണം 13 ആയി
ഇന്നലെ ഉച്ച കഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്ന് മണിയോടെയാണ് ലാവ പ്രവാഹം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്
ജക്കാര്‍ത്ത | ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയര്‍ന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് കുടുങ്ങി കിടന്ന പത്തുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്ന് മണിയോടെയാണ് ലാവ പ്രവാഹം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകിയെത്തുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് 13 പേരാണ് മരിച്ചതെന്നും, മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായും അധികൃതര്‍ അറിയിച്ചു. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് പരുക്കേറ്റതായും 902 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്‌നിപര്‍വ്വതമാണ് വീണ്ടും പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് അഗ്‌നിപര്‍വ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്. 2017-ലും 2019-ലും അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.