Connect with us

International

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; പത്ത് മരണം

പ്രദേശത്ത് കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടായേക്കാമെന്ന് സർക്കാർ മുന്നറിയിപ്പ്

Published

|

Last Updated

ജക്കാർത്ത | ഇന്തോനേഷ്യയിൽ, രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് നടന്ന അഗ്നിപർവ്വത സ്ഫോടനങ്ങളിൽ കുറഞ്ഞത് 10 പേർ മരിച്ചു. ചുറ്റുമുള്ള ഗ്രാമങ്ങളിൽ ലാവ പ്രവാഹത്തിൽ നിരവധി വീടുകൾ അഗ്നിക്കിരയായി. ഫ്ലോറസ് ദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ലെവോടോബി ലാകി-ലാകി പർവതം ഇന്നലെ രാത്രി പൊട്ടിത്തെറിച്ചതായും ഇത് ഒരു ഡസനിലധികം ഭൂകമ്പങ്ങൾക്ക് കാരണമാവുകയും ചെയ്തതായി സെന്റർ ഫോർ വോൾക്കാനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ അറിയിച്ചു.

പ്രദേശത്ത് കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടായേക്കാമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. പൊട്ടിത്തെറി പതിനായിരം ആളുകൾ താമസിക്കുന്ന ഏഴ് ഗ്രാമങ്ങളിൽ നാശനഷ്ടമുണ്ടാക്കി. അവരിൽ പലരും മറ്റ് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു. അഗ്നിപർവതത്തിൽ നിന്ന് ഏഴ് കിലോമീറ്ററിലധികം അകലം പാലിക്കണമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ആയിരക്കണക്കിന് ദ്വീപുകൾ റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. അവിടെ ടെക്റ്റോണിക് പ്ലേറ്റുകൾ പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തിനടിയിൽ കൂട്ടിമുട്ടുകയും ഭൂകമ്പങ്ങൾക്കും അഗ്നിപർവ്വത സ്ഫോടനങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. രാജ്യത്തെ അഗ്നിപർവ്വതങ്ങൾ ലോകത്തിലെ ഏറ്റവും സജീവമായവയും മുമ്പ് ചരിത്രത്തിലെ ഏറ്റവും മാരകമായ പൊട്ടിത്തെറികൾക്ക് കാരണമാവുകയും ചെയ്തവയാണ്. കഴിഞ്ഞ വർഷം സുമാത്രയിൽ മെറാപി പർവതം പൊട്ടിത്തെറിച്ച് 20 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.