National
സ്വേച്ഛ പദ്ധതി; ആന്ധ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യം
ആന്ധ്രപ്രദേശിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇന്റര്‍മീഡിയറ്റ് കോളജുകളിലും ഏഴു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 10 ലക്ഷത്തോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് എല്ലാ മാസവും പത്ത് സാനിറ്ററി നാപ്കിനുകള്‍ വീതം നല്‍കും.
വിശാഖപട്ടണം| സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആന്ധ്രപ്രദേശില്‍ സ്വേച്ഛ എന്ന പദ്ധതിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. ഈ പദ്ധതിക്ക് കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കും. ആന്ധ്രപ്രദേശിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇന്റര്‍മീഡിയറ്റ് കോളജുകളിലും ഏഴു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 10 ലക്ഷത്തോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് എല്ലാ മാസവും പത്ത് സാനിറ്ററി നാപ്കിനുകള്‍ വീതം നല്‍കും.
കൂടാതെ, നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള സ്ത്രീകള്‍ക്കായി എല്ലാ വൈഎസ്ആര്‍ ചെയുതാ സ്റ്റോറുകളിലും മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള നാപ്കിനുകള്‍ ലഭ്യമാക്കും. രണ്ട് മാസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും സംസ്ഥാനത്തൊട്ടാകെയുള്ള 10,388 സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വിതരണം ചെയ്യുകയും ചെയ്യും.
കൂടാതെ, ആര്‍ത്തവത്തെക്കുറിച്ചും ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഈ വര്‍ഷം മാര്‍ച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് ആന്ധ്ര സര്‍ക്കാര്‍ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴില്‍ സ്വേച്ഛ പരിപാടി കൊണ്ടുവന്നത്.