Connect with us

Health

കുട്ടികളിലെ വാശി, വികൃതി, അനുസരണക്കുറവ് എന്നിവ മാറ്റാം

നമ്മുടെ തലച്ചോറിലെ രാസപദാര്‍ത്ഥളുടെ അസന്തുലിതാവസ്ഥ കാരണമാണ് എഡിഎച്ച്ഡി ഉണ്ടാകുന്നത്.

Published

|

Last Updated

കുട്ടികളില്‍ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോര്‍ഡര്‍. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അതിന്റെ ലക്ഷണങ്ങള്‍ തീരെ ശ്രദ്ധയില്ലായ്മ, ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ, അമിതമായ വികൃതി അല്ലെങ്കില്‍ കുസൃതി, അമിതാവേശം എന്നിവയാണ്. ഈ ലക്ഷണങ്ങള്‍ രണ്ട് സാഹചര്യങ്ങളില്‍ വീട്ടിലോ സ്‌കൂളിലോ തുടര്‍ച്ചയായി ആറുമാസത്തിലധികം കാണിക്കുമ്പോഴാണ് ഇതിനെ എഡിഎച്ച്ഡി എന്നു പറയപ്പെടുന്നത്. മിക്കപ്പോഴും ഒരു ഏഴ് വയസ്സിനുമുമ്പ് തന്നെ ഈ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ചിലപ്പോള്‍ രണ്ടു മൂന്ന് വയസ്സാകുമ്പോള്‍ തന്നെ ഇതിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കൂടുതലും ആണ്‍കുട്ടികളിലാണ് എഡിഎച്ച്ഡി ഉണ്ടാകാറുള്ളത്. മാതാപിതാക്കള്‍ പലപ്പോഴും ഈ അവസ്ഥ തെറ്റിദ്ധരിക്കുകയാണ് പതിവ്. കുട്ടിയുടെ പക്വതക്കുറവായും അനുസരണക്കുറവായുമൊക്കെയാണ് ഇതിനെ കാണാറ്. അങ്ങനെ വരുമ്പോള്‍ ചികിത്സയെടുക്കാന്‍ വൈകുന്നു. എപ്പോഴും കുഞ്ഞിനെ കൈകാര്യം ചെയ്യാന്‍ പ്രയാസമാകുന്ന സാഹചര്യം വരുമ്പോഴാണ് കുട്ടിയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നത്.

എഡിഎച്ച്ഡി ബാധിച്ച 55 ശതമാനത്തോളം കുട്ടികളിലും കാലക്രമേണ അതിന്റെ ലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കാണാറുള്ളത്. എന്നാല്‍ നാല്‍പത്തഞ്ച് ശതമാനം കുഞ്ഞുങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൗമാരത്തിലും യൗവനത്തിലും കാണുകയും അഡള്‍ട്ട് എഡിഎച്ച്ഡി എന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു. അഡള്‍ട്ട് എഡിഎച്ച്ഡിയില്‍ ഹൈപ്പര്‍ ആക്ടിവിടി കുറയുകയും ശ്രദ്ധക്കുറവ് നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. അങ്ങനെയാകുമ്പോള്‍ അവരുടെ തുടര്‍ പഠനം, ദാമ്പത്യ ജീവിതം, ജോലി എന്നിവയിലൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സയെടുക്കേണ്ടത് അത്യാവശ്യമാണ്.

എഡിഎച്ച്ഡിയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ആദ്യത്തേത് എഡിഎച്ച്ഡി പ്രിഡോമിനന്റ് ഇന്‍ അറ്റന്‍ഷന്‍ ആണ്. ഇതിന്റെ പ്രധാന ലക്ഷണം ഒട്ടും ശ്രദ്ധയില്ലായ്മയാണ്. പഠനത്തില്‍ ശ്രദ്ധക്കുറവ്, മറ്റുകുട്ടികളെ അപേക്ഷിച്ച് കുറേ സമയം ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുക, ദൈനംദിന കാര്യങ്ങളില്‍ എപ്പോഴും മറവിയുണ്ടാകുക, സ്ഥിരമായി പഠന സാമഗ്രികള്‍ സ്‌കൂളില്‍ ഉപേക്ഷിക്കുക എന്നിവയെല്ലാം പ്രിഡോമിനന്റ് ഇന്‍ അറ്റന്‍ഷന്റെ ലക്ഷണങ്ങളാണ്.

രണ്ടാമതായി ഹൈപ്പര്‍ ആക്ടിവിറ്റിയാണ്. ഇങ്ങനെയുള്ളവര്‍ക്ക് എപ്പോഴും ഓട്ടവും ചാട്ടവും ആയിരിക്കും. അത് സ്‌കൂളില്‍, വീട്ടില്‍, ഹോസ്പിറ്റല്‍ എവിടെ ആയാലും അടങ്ങിയിരിക്കാതെയുളള പ്രവണതയായിരിക്കും. ചില കുട്ടികള്‍ വീണ് പരിക്ക് പറ്റുന്നതും പതിവാണ്. എപ്പോഴും അവര്‍ അധികം സംസാരിച്ചും ബഹളമുണ്ടാക്കിയും നടക്കും.

മൂന്നാമതായി അമിതാവേശം കാണിക്കുന്ന അവസ്ഥയാണ്. ക്ഷമയില്ലായ്മയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങളിലൊന്ന്. പഠനസമയത്ത് അധികം ചിന്തിക്കാതെ പെട്ടെന്ന് എഴുതി തീര്‍ക്കാനുള്ള വ്യഗ്രത, സ്‌കൂളില്‍ അധ്യാപകര്‍ ചോദ്യം ചോദിക്കുമ്പോള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് ഉത്തരം പറയുക, റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധയില്ലാതെ പോകുക പോലുള്ള അപകട സാധ്യതകളും വളരെ കൂടുതലാണ്.

എഡിഎച്ച്ഡി എന്തുകൊണ്ട് ഉണ്ടാകുന്നു

നമ്മുടെ തലച്ചോറിലെ രാസപദാര്‍ത്ഥളുടെ അസന്തുലിതാവസ്ഥ കാരണമാണ് എഡിഎച്ച്ഡി ഉണ്ടാകുന്നത്. ശരീരചലനം, വികാരങ്ങള്‍, ശ്രദ്ധ ഇവയെല്ലാം നിയന്ത്രിക്കുന്നത് ഈ രാസപദാര്‍ത്ഥങ്ങളാണ്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ആര്‍ക്കെങ്കിലും എഡിഎച്ച്ഡി ഉണ്ടെങ്കില്‍ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 50 ശതമാനത്തോളമുണ്ട്. അതോടൊപ്പം കുട്ടിയുടെ സഹോദരനോ സഹോദരിയ്‌ക്കോ എഡിഎച്ച്ഡിയുണ്ടെങ്കില്‍ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 33 ശതമാനമാണ്. ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള പുകവലി, മദ്യപാനം, മാസം തികയാതെയുള്ള പ്രസവം ഇങ്ങനെയുള്ള കുട്ടികള്‍ക്കും എഡിഎച്ച്ഡി വരാം.

ചികിത്സ

മരുന്ന് ചികിത്സയും ബിഹേവിയറല്‍ തെറാപ്പിയുമാണ് പ്രധാനപ്പെട്ട ചികിത്സ. എഡിഎച്ച്ഡിയുടെ തീവ്രത അനുസരിച്ചാണ് മരുന്ന് നല്‍കുക. ചിലര്‍ക്ക് മരുന്ന് ദീര്‍ഘനാള്‍ കഴിക്കേണ്ടി വരും. ബിഹേവിയറല്‍ തെറാപ്പി വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കുട്ടികള്‍ക്ക് കൊടുക്കാവുന്ന പലതരം കൗണ്‍സലിംഗുകള്‍ ഉണ്ട്. ആദ്യം മാതാപിതാക്കള്‍ക്കുള്ള പാരന്റ് മാനേജ്‌മെന്റ് ട്രയിനിംഗ്, കുട്ടികള്‍ക്കായി സോഷ്യല്‍ സ്‌കില്‍ ട്രെയിനിംഗ് എന്നിവയുമുണ്ട്. കുട്ടികളുടെ സാമൂഹികമായ കഴിവുകള്‍, കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സ് ഇതെല്ലാം വളര്‍ത്താന്‍ സോഷ്യല്‍ സ്‌കില്‍ ട്രെയിനിംഗ് വളരെയധികം സഹായിക്കും.

ഇങ്ങനെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ കൃത്യമായും ലളിതമായും മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് പറഞ്ഞുകൊടുക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ചിട്ടയായ ദൈനംദിന ക്രമങ്ങള്‍ കൊണ്ടുവരിക. മാതാപിതാക്കള്‍ ഒരു മണിക്കൂറെങ്കിലും കുട്ടിയുമായി ചെലവഴിക്കുന്നതും നല്ലതാണ്. അധ്യാപകരോട് കുട്ടിയുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ തുറന്നു പറയുക. മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക ഇവയെല്ലാം ചികിത്സയുടെ ഭാഗമാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സജാദ് എം
സൈക്യാട്രിസ്റ്റ്
അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
നെന്മാറ, പാലക്കാട്‌

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്