No-confidence motion against Imran Khan
ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്
പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ദിനം
ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ ഇന്ന് വോട്ടിനിടും. ഇന്ന് രാവിലെ 11.30നാണ് ദേശിയ അസംബ്ലി ചേരുക. പ്രമേയം പാസായല്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇമ്രാന്‍ഖാന്റെ ഇന്നിംഗ്‌സ് അവസാനിക്കും. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാഷ്ട്രീയ അസ്ഥിരതയിലേക്കും പട്ടാള ഭരണത്തിലേക്കും പാക്കിസ്ഥാന്‍ പോകുമോ എന്ന ആശങ്കയുമുണ്ട്. ഇതിനാല്‍ പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ദിനമാണ് ഇന്ന്.
പ്രമേയത്തെ പരാജയപ്പെടുത്താനാകുമെന്ന് ഇമ്രാന്‍ ഖാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കയുടെ സഹായത്തോടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. രാജ്യത്തെ യുവാക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരണമെന്നും ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടു.
അതേസമയം ഇമ്രാന്‍ ഖാന്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 342 അംഗ ദേശീയ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 172 സീറ്റാണ് ആവശ്യം. 178 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നത്.