Connect with us

Articles

വര്‍ഗീയതയെ പുല്‍കിയും പ്രഹരിച്ചും വോട്ടര്‍മാര്‍

പുതിയ കാലത്തെ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ പ്രത്യേകത, ആര്‍ക്കും ഏതളവിലും വര്‍ഗീയതയുടെ കാളകൂടം വാരിവിതറാമെന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ചക്കാര്‍ മാത്രമാണ്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും മറ്റു ഉപതിരഞ്ഞെടുപ്പുകളിലും ആര്‍ എസ് എസ് കളം നിറഞ്ഞു കളിച്ചു. അവരെ അനുസരിക്കുക എന്നത് മാത്രമായിരുന്നു ബി ജെ പിക്കാരുടെ കടമ

Published

|

Last Updated

2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമുള്ള മിനി തിരഞ്ഞെടുപ്പായി കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പുകളെ കണക്കാക്കുന്നതില്‍ തെറ്റില്ല. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം രണ്ട് ലോക്‌സഭാ സീറ്റിലേക്കും 46 അസ്സംബ്ലി സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. യു പി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, അസം, ബിഹാര്‍, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലായി നിയമസഭാ സീറ്റുകള്‍ പരന്നു കിടക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് വിപരീതമായ വിധിയെഴുത്തിനാണ് വോട്ടര്‍മാര്‍ മുതിര്‍ന്നത് എന്ന് ഏകദേശം വിലയിരുത്താവുന്നതാണ്. അതോടൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വെല്ലുന്ന വിധം വര്‍ഗീയ – വിഭജന കാര്‍ഡുകള്‍ ഇവിടെ കളം നിറഞ്ഞു നിന്നു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മതിയായ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തിയെഴുതാന്‍ പോകുന്നു എന്ന പ്രതീതി നിറഞ്ഞു നിന്നിരുന്നു. “സംവിധാന്‍ ഖത്രേ മേം ഹെ’ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം കുറിക്ക് കൊണ്ടു. വലിയ തോതില്‍ ദളിത്- ഒ ബി സി വോട്ടുകള്‍ അതുവഴി “ഇന്ത്യ’ മുന്നണിക്ക് ലഭിച്ചതായി കണക്കാക്കപ്പെടുന്നു. മുഴുവന്‍ ഹിന്ദുവും ഒരു കുടക്കീഴില്‍ എന്ന ആര്‍ എസ് എസിന്റെ “അംബ്രല്ല പൊളിറ്റിക്‌സ്’ അന്നത്തെ മാസ്റ്റര്‍ സ്‌ട്രോക്കിനു മുന്നില്‍ നിഷ്പ്രഭമായി. എന്നാല്‍ തങ്ങള്‍ അജയ്യരാണെന്ന് സ്ഥാപിക്കാന്‍ പിന്നീട് ആര്‍ എസ് എസ് മറ്റൊരു കഥയിറക്കി. മോദി- യോഗി അപ്രമാദിത്വത്തോട് വിരക്തി തോന്നി തങ്ങള്‍ മുഖം തിരിച്ചത് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി എന്നുള്ളതായിരുന്നുവത്. എന്നാല്‍ ആര്‍ എസ് എസ് പൊതുതിരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും നിസ്സഹകരിച്ചതിന്റെ ഒരു സൂചനയും അന്നാര്‍ക്കും കാണാന്‍ സാധിച്ചിരുന്നില്ല.

പുതിയ കാലത്തെ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ പ്രത്യേകത, ആര്‍ക്കും ഏതളവിലും വര്‍ഗീയതയുടെ കാളകൂടം വാരിവിതറാമെന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ചക്കാര്‍ മാത്രമാണ്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും മറ്റു ഉപതിരഞ്ഞെടുപ്പുകളിലും ആര്‍ എസ് എസ് കളം നിറഞ്ഞു കളിച്ചു. അവരെ അനുസരിക്കുക എന്നത് മാത്രമായിരുന്നു ബി ജെ പിക്കാരുടെ കടമ. മഹാരാഷ്ട്രയില്‍ മാത്രം അരലക്ഷത്തിലധികം ചെറുയോഗങ്ങള്‍ ആര്‍ എസ് എസ് സംഘടിപ്പിച്ചു. ഓരോ വീട്ടിലും കടന്നു ചെന്നു എന്നതവരുറപ്പാക്കി. ഒന്നാണെങ്കില്‍ രക്ഷയുണ്ട് എന്നയര്‍ഥത്തില്‍ “ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യമാണ് ആര്‍ എസ് എസ് മുഴക്കിയത്. ഹിന്ദുവിന് നേരെ ഉയരുന്ന ഭീഷണികളെ സംബന്ധിച്ച് മൂന്നാം മോദി കാലത്തും അവര്‍ ഗദ്ഗദം പൂണ്ടു. ജാതി വ്യത്യാസം മറന്ന് ഹിന്ദു വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന വിനകള്‍ വര്‍ണിച്ച് വോട്ടര്‍മാരെ ചകിതരാക്കി. വോട്ട് ജിഹാദിനൊരുങ്ങിയെന്ന പേരില്‍ മുസ്‌ലിം വോട്ടര്‍മാരെ ആക്ഷേപം കൊണ്ട് പൊതിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ വിഷം ചീറ്റുന്ന ഉപന്യാസങ്ങളും ഉദ്ധരണികളും ഈരടികളും വ്യത്യസ്ത ദൈര്‍ഘ്യമുള്ള വീഡിയോകളും യഥേഷ്ടം പ്രവഹിച്ചു. പരാതിയുമായി വന്നവര്‍ പരിഹാസ്യരായി. നിയമം എല്ലാറ്റിനു മുന്നിലും കണ്ണടച്ചു. മുഖ്യമന്ത്രി ലഡ്കി ബഹന്‍ യോജന പദ്ധതി ഒഴികെയുള്ള മഹായുതിയുടെ മിക്ക പ്രചാരണങ്ങളിലും വര്‍ഗീയത പ്രധാന ഇന്ധനമായി. 288ല്‍ 236 എന്ന ബി ജെ പി സഖ്യത്തിന്റെ അവിശ്വസനീയ വിജയം എല്ലാറ്റിനും അടിവരയിടുന്നുണ്ട്.

ഝാര്‍ഖണ്ഡില്‍ ബി ജെ പിയുടെ പ്രചാരണ ചുമതല അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കായിരുന്നു. മുസ്‌ലിം വോട്ടര്‍മാരെ ചൂണ്ടി ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന് അവര്‍ പരസ്യമായി വിളിച്ചു. സാന്താള്‍ പര്‍ഗാന, കോല്‍ഹന്‍, സൗത്ത് ചോട്ടാ നാഗ്പൂര്‍, പലാമു മേഖലകളിലെ ആദിവാസി – മുസ്‌ലിം സൗഹൃദത്തിന് വിള്ളല്‍ വീഴ്ത്താന്‍ പാകത്തില്‍ എല്ലാ ആയുധങ്ങളും രംഗപ്രവേശം ചെയ്തു. മുസ്‌ലിം സാന്നിധ്യം ആദിവാസികളുടെ തനതു സംസ്‌കാരം നശിപ്പിക്കുമെന്നും മണ്ണും പെണ്ണും വിശ്വാസവും അപകടത്തിലാകുമെന്നും പ്രചരിപ്പിച്ചു. ബി ജെ പിയുടെ റോട്ടി – ബേട്ടി – മാട്ടി മുദ്രാവാക്യം അങ്ങനെ രൂപപ്പെട്ടതാണ്. ബംഗ്ലാ കുടിയേറ്റക്കാരെ പുറത്താക്കാന്‍ ആദിവാസി മേഖലകളില്‍ എന്‍ ആര്‍ സി കൊണ്ടുവരാമെന്ന് പ്രത്യേക വാഗ്ദാനം നല്‍കി. ഭിന്നിച്ചാല്‍ നശിക്കും എന്ന അര്‍ഥത്തില്‍ “ബാട്ടേംഗെ തൊ കാട്ടേംഗെ’ എന്ന മുദ്രാവാക്യവുമായി കിരണ്‍ റിജിജുവും ഭൂപേന്ദ്ര യാദവും ബിശ്വശര്‍മയുടെ സഹായികളായി പ്രവര്‍ത്തനം ഏകോപിപ്പിച്ചു.

ഝാര്‍ഖണ്ഡിലെ ആദിവാസി ജനതയുടെ തീരുമാനം മറ്റൊന്നായിരുന്നു. തങ്ങളുടെ സ്‌നേഹ ചന്തയില്‍ വിദ്വേഷത്തിന്റെ കട തുറക്കുന്നില്ല എന്നവര്‍ തീരുമാനിച്ചു. ആദിവാസികളും മുസ്‌ലിംകളും ഒരുമിച്ച് കഴിയുന്ന സാന്താള്‍ പര്‍ഗാനയില്‍ 18ല്‍ 17 സീറ്റിലും “ഇന്ത്യ’ മുന്നണി ജയിച്ചു. 2019ല്‍ നേടിയ വോട്ടിംഗ് ശതമാനം 40 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 52 ശതമാനമായി ഉയര്‍ന്നു. രാജ്മഹല്‍, ജമാത്ര സീറ്റുകള്‍ നല്‍കിയ ഫലം ശ്രദ്ധേയമാണ്. രാജ്മഹലില്‍ തുടര്‍ച്ചയായ നാലാം വിജയത്തിനിറങ്ങിയ ബി ജെ പിയുടെ ആനന്ദ്കുമാര്‍ ഹോജയെ ജെ എം എമ്മിലെ മുഹമ്മദ് താജുദ്ദീന്‍ തോല്‍പ്പിച്ചത് 43,000ത്തില്‍പരം വോട്ടുകള്‍ക്കാണ്. ജമാത്രയില്‍ കോണ്‍ഗ്രസ്സിലെ ഇര്‍ഫാന്‍ അന്‍സാരി തോല്‍പ്പിച്ച ബി ജെ പി സ്ഥാനാര്‍ഥി സീതമുര്‍മു സോറന്‍ കൂറുമാറി വന്നതാണ്. ഷിബു സോറന്റെ മരുമകളാണിവര്‍. നാൽപ്പതിനായിരത്തിലധികമാണ് ഇര്‍ഫാന്‍ അന്‍സാരിയുടെ ഭൂരിപക്ഷം. മുസ്‌ലിം സ്ഥാനാര്‍ഥിക്കെതിരെ അംബ്രല്ല രാഷ്ട്രീയം പയറ്റിയ ആര്‍ എസ് എസിനും വനവാസി കല്യാണ്‍ ആശ്രമിനും ആദിവാസി വോട്ടര്‍മാര്‍ ഏല്‍പ്പിച്ച കനത്ത പ്രഹരമാണ് ഈ ജയങ്ങള്‍.

ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ 28 സീറ്റുകളുണ്ട്. അതില്‍ 27 എണ്ണം “ഇന്ത്യ’ സഖ്യം വിജയിച്ചു. മുഖ്യമന്ത്രി മയ്യാ സമ്മാന്‍ യോജന പോലുള്ള പദ്ധതികളും സഖ്യത്തെ തുണച്ചു. 81ല്‍ 56 സീറ്റ് നേടിയ “ഇന്ത്യ’ മുന്നണിയില്‍ ജെ എം എം-34, കോണ്‍ഗ്രസ്സ്-16, ആര്‍ ജെ ഡി-നാല്, സി പി ഐ എം എല്‍- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ബി ജെ പിക്ക് 21 സീറ്റുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിപരീത ദിശയിലാണ് മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കാറ്റു വീശിയത്. മഹാരാഷ്ട്രയിലെ ലോക്‌സഭാ കക്ഷിനില “ഇന്ത്യ’ മുന്നണിക്കും എന്‍ ഡി എക്കും യഥാക്രമം 30,17 എന്ന നിലയിലാണ്. ഝാര്‍ഖണ്ഡില്‍ അത് 5, 9 ആണ്.
ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലത്തിലും കോണ്‍ഗ്രസ്സ് വിജയിച്ചു. പ്രിയങ്കാ ഗാന്ധിക്ക് പുറമെ മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്ന് രവീന്ദ്ര ചവാനാണ് ലോക്‌സഭയിലെത്തുന്നത്. യു പി, ബിഹാര്‍, അസം, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എന്‍ ഡി എ തിളങ്ങി. പശ്ചിമ ബംഗാള്‍, പഞ്ചാബ്, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ “ഇന്ത്യ’ മുന്നണി കരുത്തുകാട്ടി. പഞ്ചാബില്‍ നാലിടത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതില്‍ ദേരാബാബാ നാനാക്ക്, ഗിഡ്ഡര്‍ബഹ, ചബ്ബേവാള്‍ എന്നീ മൂന്നിടങ്ങളില്‍ ബി ജെ പിക്ക് കെട്ടിവെച്ച തുക നഷ്ടപ്പെട്ടു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ ക്ഷീണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ എസ് എസ് നേരിട്ടു നിയന്ത്രിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. സാമ- ഭേദ- ദാന- ദണ്ഡങ്ങള്‍ പ്രയോഗിച്ചിട്ടും ഝാര്‍ഖണ്ഡും തെക്കേ ഇന്ത്യയും ബംഗാളും പഞ്ചാബുമൊക്കെ അവര്‍ക്ക് ഇപ്പോഴും കൈെയത്താ അകലത്തില്‍ തന്നെ നില്‍ക്കുന്നു. രാഹുല്‍ ഗാന്ധി ഉറക്കെ പ്രഖ്യാപിച്ച ജാതിസെന്‍സസ്, ആര്‍ എസ് എസിന്റെ ഹിന്ദു അംബ്രല്ലാ രാഷ്ട്രീയത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഭരണഘടനയെ ചേര്‍ത്ത് പിടിക്കുന്നതും ദളിത്- ഒ ബി സി- ന്യൂനപക്ഷ രാഷ്ട്രീയത്തിന് കരുത്തു പകരുന്ന ഒന്നാണ്. എന്നാല്‍ പുതുതായി പള്ളികളുടെ തറക്കല്ലിളക്കിയും പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നും വഖ്ഫ് ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചുമൊക്കെ സംഘ്പരിവാര്‍ പയറ്റുന്ന ധ്രുവീകരണ രാഷ്ട്രീയം മുന്നോട്ടു തന്നെയാണ് പോകുന്നത്. ചെറിയ വീഴ്ചകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടി വരും. അതിനു പുറമെയാണ് പോള്‍ ചെയ്തതിനേക്കാള്‍ മഹാരാഷ്ട്രയില്‍ വോട്ടുകള്‍ എണ്ണിയെന്ന പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നത്. ഷിന്‍ഡെയും അജിത് പവാറും നാളെകളില്‍ കൂറുമാറാതിരിക്കാന്‍ പാകത്തിലുള്ള വിജയമൊക്കെ സ്വാഭാവികമാണ് എന്ന് നാം വിശ്വസിച്ചില്ലെങ്കില്‍ പരിഹാസത്തിന് ഇരയാകേണ്ടി വരും. ഏതായാലും മതേതര – ജനാധിപത്യ സമൂഹം പതിവില്ലാത്ത വിധം നിതാന്ത ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പുതിയ ഇന്ത്യന്‍ സാഹചര്യം വീണ്ടും വീണ്ടും വിളിച്ചോതുന്നു.