tripura election
ത്രിപുരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു
വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും.
അഗർത്തല | ശക്തമായ ത്രികോണ മത്സരം നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ട് ചെയ്യാനായി ഇതിന് മുമ്പുതന്നെ ആളുകൾ പോളിംഗ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും. 3,337 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. സുരക്ഷക്കായി 25,000ത്തോളം കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അടുത്ത മാസം രണ്ടിനാണ് ഫലപ്രഖ്യാപനം.
കാൽ നൂറ്റാണ്ട് പിന്നിട്ട ഇടത് ഭരണം അവസാനിപ്പിച്ചാണ് ബി ജെ പി- ഇൻഡിജീനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര സഖ്യം കഴിഞ്ഞ തവണ അധികാരം പിടിച്ചത്. ഇത്തവണയും ഇരുകക്ഷികളും മുന്നണിയുടെ ഭാഗമാണ്. കോൺഗ്രസ്സും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയും ഇത്തവണ സഖ്യമായാണ് മത്സരിക്കുന്നത്. ധാരണയുടെ അടിസ്ഥാനത്തിൽ പതിമൂന്ന് സീറ്റാണ് കോൺഗ്രസ്സിന് നൽകിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സും മത്സരരംഗത്തുണ്ട്. ഇതോടെയാണ് ത്രികോണ മത്സരത്തിലേക്ക് നീങ്ങിയത്.
അതിനിടെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാഷ്ട്രീയം വിടുകയാണെന്ന് തിപ്ര മോത ചെയർമാൻ പ്രദ്യോത് ദേബ് ബർമ പ്രഖ്യാപിച്ചത് ഏറെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച ദേബ് ബർമ, ബുബഗ്ര (രാജാവ്) ആയി ഇനിയൊരിക്കലും വോട്ട് തേടില്ലെന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം നടന്ന റാലിയിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്.