National
ഡല്‍ഹിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 3 മണി വരെ 46.55 ശതമാനം പോളിങ്
ഡല്‍ഹി മുഖ്യമന്ത്രി അതിഷി,ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി,വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ വോട്ട് ചെയ്തു.

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3 മണിവരെയുള്ള കണക്കനുസരിച്ച് 46.55 ശതമാനമാണ് പോളിങ്.ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് രാവിലെ പത്ത് മണിക്ക് ശേഷമാണ് ഭേദപ്പെട്ട് തുടങ്ങിയത്.രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് തുടങ്ങിയിരുന്നു.വൈകീട്ട് ആറ് മണി വരെ വോട്ട് ചെയ്യാം.
പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അതിഷി,ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി,വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സെക്രട്ടറിയേറ്റിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടുചെയ്തത്.
1.56 കോടി വോട്ടര്‍മാര്‍ക്കായി 13,033 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. ആകെയുള്ള എഴുപത് മണ്ഡലങ്ങളിലേക്ക് 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. 220 കമ്പനി അര്‍ധസൈനിക സേനയെയും 35,626 ഡല്‍ഹി പോലീസ് ഓഫീസര്‍മാരെയും 19,000 ഹോം ഗാര്‍ഡുകളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്.
നേരത്തേ പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി അതിഷിയുടെ പേരില്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.
മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി.ഡല്‍ഹി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ എ പിയും ഒരുമിച്ചായിരുന്നു. എ എ പിയും കോണ്‍ഗ്രസ്സും എഴുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി ജെ പി 68 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന രണ്ട് സീറ്റ് സഖ്യകക്ഷികളായ ജെ ഡി യു, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) എന്നിവര്‍ക്ക് വിട്ടുകൊടുത്തു.ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.