Connect with us

Business

ടി 20 ലോകകപ്പിനുള്ള ബയോ ബബ്ള്‍ കാക്കാന്‍ വി പി എസ് ഹെല്‍ത്ത്‌കെയര്‍

Published

|

Last Updated

ടി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ബയോ ബബ്ള്‍ കാക്കുന്ന വി പി എസ് മെഡിക്കല്‍ സംഘത്തിലെ അംഗങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളിലെ ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കുന്നു.

അബൂദബി | ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ പി എല്‍) ബയോ ബബ്ള്‍ സുരക്ഷിതമായി കാത്തതിന് പിന്നാലെ ഐ സി സി ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചുമതലയും യു എ ഇ ആസ്ഥാനമായ വി പി എസ് ഹെല്‍ത്ത്കെയറിന്. പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വി പി എസ് ഹെല്‍ത്ത്‌കെയറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബി സി സി ഐ) എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമാണ് (ഇ സി ബി) നിര്‍ണായക ചുമതല ഏല്‍പ്പിച്ചത്. മഹാമാരിക്കാലത്ത് അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മെഡിക്കല്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ഉത്തരവാദിത്തം ഇത് മൂന്നാം തവണയാണ് വി പി എസ് ഹെല്‍ത്ത്‌കെയറിനെ തേടിയെത്തുന്നത്.

16 ടീമുകള്‍, ബി സി സി ഐ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ഉദ്യോഗസ്ഥര്‍, സംപ്രേഷണ സംഘം തുടങ്ങി 2200-ലധികം പേര്‍ ടി 20 ലോകകപ്പിന്റെ സുരക്ഷിത നടത്തിപ്പിനായി ബയോ ബബ്ളില്‍ ഉണ്ടാകും. ബയോ ബബ്ള്‍ കാക്കുന്നതിനായി വി പി എസ് ഗ്രൂപ്പ് പഴുതുകളില്ലാത്ത സമഗ്ര പദ്ധതിയാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ബുര്‍ജീല്‍ ആശുപത്രികളില്‍ നിന്നുള്ള 100 അംഗ മെഡിക്കല്‍ ടീം ഇതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കൊവിഡ് പകര്‍ച്ച തടയാനുള്ള മുന്‍കരുതല്‍ സംവിധാനത്തില്‍ ഇത്തവണ 2,200-ലധികം പേരുള്ളതിനാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ഒരുക്കുന്ന ഏറ്റവും വലിയ ബയോ ബബ്‌ളാണ് യു എ ഇയിലേത്. കളിക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സംപ്രേഷണ സംഘം, ബി സി സി ഐ, ഐ സി സി ഉദ്യോഗസ്ഥര്‍, ഹോട്ടലിലെയും സ്റ്റേഡിയത്തിലെയും ജീവനക്കാര്‍, തിരഞ്ഞെടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ അവസാനം വരെ ബയോ ബബ്‌ളില്‍ തുടരും.

ബയോ ബബ്‌ളില്‍ ഏതെങ്കിലും വിധേനയുള്ള ലംഘനം ഉണ്ടാകാതിരിക്കാന്‍, കര്‍ശനമായ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത്തവണ ഒന്‍പത് ഹോട്ടലുകളിലായി പന്ത്രണ്ട് ബയോ ബബ്‌ളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്; ദുബൈയില്‍ ഏഴ്, അബൂദബിയില്‍ അഞ്ച്. അടിയന്തര സാഹചര്യങ്ങളില്‍ 20-30 മിനുട്ടിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാക്കാന്‍ റാപ്പിഡ് ആര്‍ ടി പി സി ആര്‍ സൗകര്യവും വി പി എസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരിശോധനാ രീതി
മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ബയോ ബബ്‌ളിലെ എല്ലാ അംഗങ്ങളും വാക്‌സീന്‍ എടുത്തവരാണ്. എങ്കിലും സുരക്ഷ ഉറപ്പാക്കാനായി എല്ലാവരും പതിവായി ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകും. ബയോ ബബ്‌ളിലെ അംഗങ്ങള്‍ക്കുള്ള ടെസ്റ്റിംഗ് ഐ സി സി നിശ്ചയിച്ച പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് നടക്കുക. ടൂര്‍ണമെന്റിലുടനീളം 20,000 പി സി ആര്‍ ടെസ്റ്റുകള്‍ നടത്തേണ്ടിവരുമെന്നാണ് വി പി എസ് ഹെല്‍ത്ത്കെയര്‍ കരുതുന്നത്. പ്രതിദിനം 2,000 പി സി ആര്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ പി സി ആര്‍ ടെസ്റ്റുകള്‍ക്ക് സാമ്പിള്‍ ശേഖരിച്ച് ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഗ്രൂപ്പിനുള്ളത്. സുപ്രധാന ചുമതല വിശ്വാസപൂര്‍വം ഏല്‍പ്പിച്ചതിന് ഐ സി സി, ബി സി സി ഐ, ഇസിബി നേതൃത്വത്തിന് വി പി എസ് ഹെല്‍ത്ത്‌കെയര്‍ സി ഇ ഒ (ദുബൈ & നോര്‍തേണ്‍ എമിറേറ്റ്‌സ്) ഡോ. ഷാജിര്‍ ഗഫാര്‍ നന്ദി പറഞ്ഞു.

പരിധികളില്ലാത്ത സേവനങ്ങള്‍ നല്‍കുന്നതിനും സമയപരിധി പാലിക്കുന്നതിനും മെഡിക്കല്‍ സംഘം പ്രതിജ്ഞാബദ്ധമായിരിക്കും. ബയോ ബബ്‌ളില്‍ ഉള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുന്നത്. ഐ പി എല്‍ അടക്കമുള്ള വിപുലമായ ടൂര്‍ണമെന്റുകള്‍ കൈകാര്യം ചെയ്തതിലെ അനുഭവ സമ്പത്ത് ഗ്രൂപ്പിന് മുതല്‍ക്കൂട്ടാവും. മഹാമാരിക്ക് തടയിടുന്നതിനും വിവിധ അന്താരാഷ്ട്ര പരിപാടികള്‍ ഒരേസമയം സംഘടിപ്പിക്കുന്നതിനുമുള്ള യു എ ഇ ഭരണാധികാരികളുടെയും ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ബയോ ബബ്ള്‍ സുരക്ഷിതമാക്കുന്നതിനു പുറമേ, ടി 20 ലോകകപ്പിനായി വി പി എസ് ഹെല്‍ത്ത്‌കെയര്‍ സമഗ്രമായ മെഡിക്കല്‍ പിന്തുണ നല്‍കും. കായിക പരിപാടികള്‍ക്കായി സമ്പൂര്‍ണ ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതില്‍ പരിചയസമ്പന്നരായ ഗ്രൂപ്പ്, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, സ്‌പോര്‍ട്‌സ് മെഡിസിന്‍ സപ്പോര്‍ട്ട്, മസ്‌കുലോസ്‌കലെറ്റല്‍ ഇമേജിംഗ്, സ്‌പെഷ്യലിസ്റ്റ് ടെലികണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍-ഓണ്‍-കോള്‍, ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് പിന്തുണ എന്നിവയുള്‍പ്പെടെ വിപുലമായ സേവനങ്ങളാണ് നല്‍കുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

സ്റ്റേഡിയങ്ങളിലും പ്രാക്ടീസ് മത്സരങ്ങള്‍ക്കും വി പി എസ് ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും. സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിച്ചിരിക്കുന്നതിനാല്‍, അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ മെഡിക്കല്‍ സംഘം ഓരോ സ്റ്റേഡിയത്തിലും സന്ദര്‍ശകര്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ വി പി എസിന്റെ ബുര്‍ജീല്‍ ആശുപത്രികളിലുടനീളം കളിക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എയര്‍ ആംബുലന്‍സ് സൗകര്യം ആവശ്യമായി വന്നാല്‍ അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ വി പി എസിന്റെ ടെറിഷ്യറി ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലേക്കാണ് ചികിത്സ ലഭ്യമാക്കേണ്ടവരെ കൊണ്ടുപോവുക.

 

Latest