Connect with us

brinda karat

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, സെയില്‍ ഇന്ത്യയാണെന്ന് വൃന്ദ കാരാട്ട്

മോദി സര്‍ക്കാറിന്റെ അടയാളമായി ബുള്‍ഡോസര്‍ മാറി.

Published

|

Last Updated

പത്തനംതിട്ട | ബി ജെ പി സർക്കാർ റെയില്‍വേയും എൽ ഐ സിയും  അടക്കമുള്ള പൊതു മേഖല സംരംഭങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുമ്പോള്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള പദ്ധതികളിലൂടെ കേരളം ബദല്‍ മാതൃക കാട്ടുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ അല്ല മറിച്ച് സെയില്‍ ഇന്ത്യയാണ്. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് വിറ്റുതുലക്കുകയാണ്. നിര്‍മാണമല്ല, വില്‍പ്പനയാണ് ഇന്ത്യയില്‍ നടക്കുന്നത്. റെയില്‍വേ, എയര്‍ ഇന്ത്യ എന്നിവ ഉദാഹരണങ്ങളാണ്. കോർപറേറ്റ് ശക്തികളെ പരിപോഷിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അംബാനിയും അദാനിയും ഈ രംഗത്തേക്ക് കടന്നുവന്നാല്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. 10,000 രൂപപോലും മാസവരുമാനം ഇല്ലാത്ത കുടുംബങ്ങളാണ് രാജ്യത്ത് അധികവും. അവിടെയാണ് ദിവസം പതിനായിരം കോടി ഈ കോര്‍പ്പറേറ്റുകള്‍ ലാഭമുണ്ടാക്കുന്നത്. രാജ്യത്ത് ഇതിനെതിരേ ശക്തമായ ശബ്ദമുയർത്തുന്നത് ഡി വൈ എഫ് ഐ മാത്രമാണ്. വികസനം സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്നതിനു തടയിടാനാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ആക്രമിക്കുന്നത്.

മോദി സര്‍ക്കാറിന്റെ അടയാളമായി ബുള്‍ഡോസര്‍ മാറി. ഭരണഘടന, മൗലികാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നിവ ബുള്‍ഡോസര്‍കൊണ്ട് തകര്‍ക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. ന്യൂനപക്ഷങ്ങളോടുള്ള ബി ജെ പി സര്‍ക്കാറിന്റെ സമീപനമാണ് തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കണ്ടത്. സാധാരണ ജനങ്ങളുടെ കെട്ടിടങ്ങളാണ് ബുള്‍ഡോസള്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. അംബാനിയുടെയോ അദാനിയുടെയോ അല്ല. മത ആഘോഷങ്ങള്‍ സമത്വവും സമാധാനവും ഉള്‍പ്പെടെയുള്ള സന്ദേശമാണ് ഉയര്‍ത്തേണ്ടത്. എന്നാല്‍, രാമനവമി ആഘോഷങ്ങളുടെ മറവില്‍ എട്ട് സംസ്ഥാനങ്ങളില്‍ മുസ്ലിം ജനവിഭാഗങ്ങളെ ആക്രമിക്കുകയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ചെയ്തത്. സ്ത്രീകളും വിധവകളും ഉള്‍പ്പെടെയുള്ളവര്‍ രാവും പകലും അധ്വാനിച്ച് ഉണ്ടാക്കിയ വീടുകള്‍ ആണ് ജഹാംഗീര്‍പുരിയില്‍ തകര്‍ത്തത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിട്ട രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്. മനുവാദ, ഹിന്ദുത്വ ആശയങ്ങളാണ് ബി ജെ പി നടപ്പാക്കുന്നത്. കേരളത്തില്‍ ബി ജെ പി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നേതൃത്വത്തെ കാണുകയും പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം ആക്രമിക്കപ്പെടുകയാണ്. മധ്യപ്രദേശിലും കര്‍ണാടകയിലും ബി ജെ പി മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നു. കോണ്‍ഗ്രസും ഇതിനെല്ലാം അനുവാദം നല്‍കുകയാണ്.

പുരോഗമന കേരളത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആര്‍ എസ് എസ് അടക്കമുള്ള സംഘടനകളുടെ ആക്രമണങ്ങളെ ശക്തമായി നേരിട്ടുകൊണ്ടാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തിക്കുന്നത്. മഹാമാരിയുടെ കാലത്ത് മോദി ഉയര്‍ത്തിവിട്ട ജനവിരുദ്ധ സാഹചര്യങ്ങളെ നേരിടുന്നതിന് ഇടതുപക്ഷ സര്‍ക്കാറാണ് വ്യത്യസ്തമായ നയപരിപാടിയുമായി നിലയുറപ്പിച്ചത്. ഇത്തരം ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതിനാല്‍ കേന്ദ്രം കേരളത്തെ ആക്രമിക്കുകയാണെന്നും വൃന്ദ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്  വി വസീഫ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹിം എം പി, മന്ത്രി പി എ മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ പങ്കെടുത്തു.