Connect with us

Kerala

യുവതിയെ കാറിടിച്ച് നിർത്താതെ പോയെന്ന വാർത്തക്കും പ്രചാരണത്തിനും മറുപടിയുമായി വി ടി ബൽറാം

അവരുടെ മനസ്സിന്റെ വികലചിന്തകൾ മുഴുവൻ ഇതിന്റെ കൂടെ മസാലയായി ചേർത്തുകൊണ്ടാണ് "ഉത്തമ ഇടതുപക്ഷ" വക്താക്കളായ പലരും ഫേസ്ബുക്ക് പ്രബന്ധങ്ങൾ രചിച്ചത്.

Published

|

Last Updated

താൻ സഞ്ചരിച്ച കാർ യുവതിയെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയെന്ന മാധ്യമ വാർത്തകൾക്കും പ്രചാരണങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം. കൊയിലാണ്ടിയിലെ പരിപാടിക്കായി ഉച്ചയ്ക്ക് 3.30ഓടു കൂടി പട്ടണത്തിലെത്തിയപ്പോഴാണ് സീബ്രാ ലൈൻ ഇല്ലാത്ത ഒരിടത്ത് വച്ച് പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു വനിതയുടെ കയ്യിൽ എന്റെ വാഹനത്തിന്റെ സൈഡ് വ്യൂ മിറർ തട്ടിയത്. യാതൊരു വിധ പരുക്കോ മുറിവോ ആർക്കുമില്ലാത്ത തീർത്തും നിസ്സാരമായ ഒരു സംഭവമായിരുന്നു അത്. വ്യാജ വാർത്തകളിൽ കാണുന്ന പോലെ ഇടിക്കുകയോ ഇടിച്ച് തെറിപ്പിക്കുകയോ ഇടിച്ച് വീഴ്ത്തുകയോ ചോരയൊലിപ്പിച്ച് കിടക്കുകയോ ഒന്നും അവിടെ ഉണ്ടായിട്ടില്ല. അവിടത്തെ ഒരു പ്രാദേശിക ചാനലും ഡി വൈ എഫ്ഐ എന്ന പേരുള്ള ഒരു സംഘടനക്കാരും ചേർന്ന് തുടങ്ങിവച്ച ദുഷ്പ്രചരണം ദേശാഭിമാനി പത്രവും റിപ്പോർട്ടർ ചാനലിന്റെ ഓൺലൈൻ വിഭാഗവും ഏറ്റെടുക്കുന്നതായി പലരും ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. ഇതിന്റെയൊക്കെ സ്ക്രീൻ ഷോട്ടുകളെടുത്ത് സി പി എമ്മുകാരുടെ വാട്ട്സ്അപ് പ്രചരണവും അരങ്ങു തകർക്കുന്നുണ്ട്. ഏതായാലും കാര്യമെന്തെന്ന് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമാവുന്ന ഒരു വിഷയമായിട്ടും രാഷ്ട്രീയ വിരോധം വച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും ഇതൊരവസരമായി കരുതി തങ്ങളുടെ ഉള്ളിലെ വെറുപ്പ് മുഴുവൻ ഛർദ്ദിച്ചുവച്ച് തെറിവിളിച്ച് അർമ്മാദിക്കുന്ന നൂറ് കണക്കിന് സിപിഎം ഒറിജിനൽ/ഫേയ്ക്ക് പ്രൊഫൈലുകളിൽ ചിലതിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ഇക്കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ വച്ച് എന്റെ വാഹനവുമായി ബന്ധപ്പെട്ട ഒരു സംഭവത്തേക്കുറിച്ച് വ്യാപകമായ നുണപ്രചരണങ്ങൾ നടന്നു വരുന്നതായി കാണുന്നു. അവിടത്തെ ഒരു പ്രാദേശിക ചാനലും ഡി വൈ എഫ്ഐ എന്ന പേരുള്ള ഒരു സംഘടനക്കാരും ചേർന്ന് തുടങ്ങിവച്ച ദുഷ്പ്രചരണം ദേശാഭിമാനി പത്രവും റിപ്പോർട്ടർ ചാനലിന്റെ ഓൺലൈൻ വിഭാഗവും ഏറ്റെടുക്കുന്നതായി പലരും ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. ഇതിന്റെയൊക്കെ സ്ക്രീൻ ഷോട്ടുകളെടുത്ത് സി പി എമ്മുകാരുടെ വാട്ട്സ്അപ് പ്രചരണവും അരങ്ങു തകർക്കുന്നുണ്ട്. ആദ്യമൊക്കെ ഞാൻ അവഗണിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ട പലരും പേഴ്സണൽ മെസേജായും ഇതിനേക്കുറിച്ച് ചോദിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊന്ന് എഴുതേണ്ടി വന്നത്.

പ്രസ്തുത ദിവസം കോഴിക്കോട് ജില്ലയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് 5 പാർട്ടി പരിപാടികളാണ് എനിക്കുണ്ടായിരുന്നത്. കോഴിക്കോട് നഗരത്തിൽ ഹയർ സെക്കണ്ടറി അധ്യാപക സംഘടനയുടെ ജില്ലാ സമ്മേളനം, കുറ്റ്യാടിയിലെ പുറമേരി, കൊയിലാണ്ടി, ചേളന്നൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ക്യാമ്പുകൾ, താമരശ്ശേരിയിൽ എം കെ രാഘവൻ എംപിയുടെ നേതൃത്ത്വത്തിലെ പദയാത്രയുടെ സമാപന സമ്മേളനം എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പരിപാടികൾ. ഇതിൽ കൊയിലാണ്ടിയിലെ പരിപാടിക്കായി ഉച്ചയ്ക്ക് 3.30ഓടു കൂടി പട്ടണത്തിലെത്തിയപ്പോഴാണ് സീബ്രാ ലൈൻ ഇല്ലാത്ത ഒരിടത്ത് വച്ച് പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു വനിതയുടെ കയ്യിൽ എന്റെ വാഹനത്തിന്റെ സൈഡ് വ്യൂ മിറർ തട്ടിയത്. യാതൊരു വിധ പരുക്കോ മുറിവോ ആർക്കുമില്ലാത്ത തീർത്തും നിസ്സാരമായ ഒരു സംഭവമായിരുന്നു അത്. വ്യാജ വാർത്തകളിൽ കാണുന്ന പോലെ ഇടിക്കുകയോ ഇടിച്ച് തെറിപ്പിക്കുകയോ ഇടിച്ച് വീഴ്ത്തുകയോ ചോരയൊലിപ്പിച്ച് കിടക്കുകയോ ഒന്നും അവിടെ ഉണ്ടായിട്ടില്ല.
ഉടൻ തന്നെ എന്റെ വാഹനം സൈഡിലേക്ക് ഒതുക്കി നിർത്തുകയും ഡ്രൈവറും കൂടെ ഉണ്ടായിരുന്ന സുഹൃത്തും ഇറങ്ങിച്ചെന്ന് അവരോട് സംസാരിക്കുകയും ചെയ്തു. എവിടെയെങ്കിലും വേദനയുണ്ടോ എന്നന്വേഷിക്കുകയും ആവശ്യമാണെങ്കിൽ ഇതേ വണ്ടിയിൽത്തന്നെ ആശുപത്രിയിൽ കൊണ്ടുപോകാമെന്നും അവരോട് പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞത് അവർ തന്നെയാണ്. അവർ ഇരുവരും സ്ഥലത്തുനിന്ന് പിരിഞ്ഞുപോയതിന് ശേഷമാണ് ഞങ്ങൾ വണ്ടിയെടുത്ത് തൊട്ടടുത്തുള്ള പരിപാടി സ്ഥലത്തേക്ക് പോയത്. പരിസരത്തുള്ള നിരവധി വ്യാപാരികളും തൊഴിലാളികളുമൊക്കെ ഇതിനൊക്കെ സാക്ഷികളാണ്. അവർക്ക് എന്തെങ്കിലും തുടർ സഹായം ആവശ്യമാണെങ്കിൽ അതിനായി പ്രദേശത്തെ കോൺഗ്രസ് സഹപ്രവർത്തകരേയും ഏർപ്പാട് ചെയ്തിരുന്നു.
ഈ സംഭവത്തെയാണ് “ഇടിച്ചിട്ട് വണ്ടി നിർത്തിയില്ല”, “യുവതിയെ ഇടിച്ച് വീഴ്ത്തി”, “വണ്ടിക്ക് ഇൻഷുറൻസ് ഇല്ല” എന്നൊക്കെ മേൽപ്പറഞ്ഞ നിലവാരമില്ലാത്ത മാധ്യമങ്ങളും സംഘടനക്കാരും നുണപ്രചരണത്തിന് വേണ്ടി ഉപയോഗിച്ചത്. ഒരു വാഹനത്തിന് ഇൻഷുറൻസ് ഉണ്ടോ എന്നതന്വേഷിക്കാനൊക്കെ വിരൽത്തുമ്പുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ സാധിക്കുന്ന ഇക്കാലത്തും ഇമ്മാതിരി നുണകൾ പറയുന്നവരുടെയൊക്കെ തൊലിക്കട്ടി എത്ര മാത്രം ഉണ്ടായിരിക്കണം! “വാഹനം നിർത്താതെപോയി എന്ന് സഫിയ പോലീസിൽ പരാതി നൽകി” എന്ന പെരും നുണയും ദേശാഭിമാനിയും റിപ്പോർട്ടർ ടിവിയും പടച്ചു വിടുന്നുണ്ട്. തൊട്ടടുത്ത വരിയിൽത്തന്നെ കാർ നിർത്തിയിട്ടുണ്ട് എന്നാൽ ബൽറാം പുറത്തിറങ്ങിയില്ല എന്നും സ്ഥലത്തെ തൊഴിലാളികളെ ഉദ്ധരിച്ച് ദേശാഭിമാനി പ്ലേറ്റ് മാറ്റുന്നു. വണ്ടി നിർത്താതെ പോയതിന്റെ പുറകിലെ “ദുരൂഹത”യേക്കുറിച്ചായിരുന്നു തലേന്ന് രാത്രി മുഴുവൻ ഡിവൈഎഫ്ഐക്കാരുടെ പ്രചരണം. അവരുടെ മനസ്സിന്റെ വികലചിന്തകൾ മുഴുവൻ ഇതിന്റെ കൂടെ മസാലയായി ചേർത്തുകൊണ്ടാണ് “ഉത്തമ ഇടതുപക്ഷ” വക്താക്കളായ പലരും ഫേസ്ബുക്ക് പ്രബന്ധങ്ങൾ രചിച്ചത്.
എന്നാൽ സംഭവത്തേക്കുറിച്ച് സഫിയ എന്ന ആ സഹോദരി തന്നെ ഇന്നലെ കൊയിലാണ്ടി പോലീസിൽ വിശദമായ മൊഴി നൽകിയിട്ടുണ്ടെന്ന് അറിയുന്നു. അതിന്റെ കോപ്പി പലരും എനിക്കയച്ച് തരികയും ചെയ്തിട്ടുണ്ട്. തനിക്ക് ഒരു പരിക്കുമില്ലെന്നും അവിടെയുണ്ടായ ട്രാഫിക് പോലീസുകാരന്റെ നിർദ്ദേശാനുസരണം ആശുപത്രിയിൽ കാണിച്ചു എന്നേയുള്ളൂ എന്നും വാഹനാപകടം എന്ന നിലയിൽ പരിഗണിച്ച് ആശുപത്രിയിൽ നിന്നാണ് പോലീസിന് വിവരം നൽകിയത്, തനിക്കിക്കാര്യത്തിൽ ഒരു പരാതിയുമില്ല എന്ന് അവർ വളരെ കൃത്യമായിത്തന്നെ പോലീസിനോട് രേഖാമൂലം പറയുന്നുണ്ട്.

എന്നിട്ടും സിപിഎമ്മുകാരുടെ പോസ്റ്ററൊട്ടിപ്പും തെറിവിളികളും തുടരുകയാണ്. എന്ത് ചെയ്യാം, അവർ സിപിഎമ്മുകാരായിപ്പോയില്ലേ!! ഏതായാലും കാര്യമെന്തെന്ന് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമാവുന്ന ഒരു വിഷയമായിട്ടും രാഷ്ട്രീയ വിരോധം വച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും ഇതൊരവസരമായി കരുതി തങ്ങളുടെ ഉള്ളിലെ വെറുപ്പ് മുഴുവൻ ഛർദ്ദിച്ചുവച്ച് തെറിവിളിച്ച് അർമ്മാദിക്കുന്ന നൂറ് കണക്കിന് സിപിഎം ഒറിജിനൽ/ഫേയ്ക്ക് പ്രൊഫൈലുകളിൽ ചിലതിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

---- facebook comment plugin here -----