Eranakulam
വി വി ഐ പി സുരക്ഷയാണ് മുഖ്യം; മിവ ജോളിയെ കടന്നുപിടിച്ച സി ഐക്കെതിരെ നടപടി വേണ്ടെന്ന് റിപോർട്ട്
ഫേസ് ബുക്ക് പോസ്റ്റിട്ട ഡി സി സി പ്രസിഡൻ്റിനെതിരെ കേസ്
കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെ എസ് യു പ്രവർത്തക മിവ ജോളിയെ കടന്നു പിടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടിയില്ല. വി വി ഐ പി സുരക്ഷയാണ് മുഖ്യമെന്നും അതിനിടെയുണ്ടായതാണ് സംഭവമെന്നുമാണ് പോലീസ് റിപോർട്ട്.
മിവ ജോളിയെ കടന്നുപിടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ശിയാസ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എ സി പി നടത്തിയ അന്വേഷണ റിപോർട്ടാണ് പുറത്തുവന്നത്.
വി വി ഐ പിയുടെ സുരക്ഷയാണ് പ്രധാനം. ഇതിൻ്റെ ഇടയിലുണ്ടായ സ്വാഭാവിക നടപടി മാത്രമാണ് ഉണ്ടായതെന്നുമാണ് കൊച്ചി സിറ്റി പോലീസിൻ്റെ റിപോർട്ട്.
ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ശിയാസ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ, ഇത്തരം പേടിപ്പിക്കലൊന്നും ഇങ്ങോട്ട് വേണ്ടെന്ന തരത്തിൽ എഫ് ഐ ആറിൻ്റെ പകർപ്പ് സഹിതം ശിയാസ് വീണ്ടും ഫേസ്ബുക്കിലെത്തി.