Connect with us

vayomithram

വയോമിത്രം 'രോഗശയ്യ'യിൽ; മരുന്ന് വിതരണം നിലച്ചിട്ട് മാസങ്ങൾ

മൂന്ന് മാസമായി പദ്ധതിയിലേക്ക് മരുന്നുകൾ ലഭിക്കുന്നില്ല. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം വയോജനങ്ങൾ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്

Published

|

Last Updated

തിരുവനന്തപുരം | വയോജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി ആരംഭിച്ച വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ. പദ്ധതിയിലൂടെ വയോജനങ്ങൾക്കുള്ള മരുന്ന് വിതരണം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. കേരള സാമൂഹിക സുരക്ഷാമിഷന് കീഴിൽ കോർപറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും 66 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യസുരക്ഷയും വിനോദവും ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആരംഭിച്ചിരുന്നത്.

മൂന്ന് മാസമായി പദ്ധതിയിലേക്ക് മരുന്നുകൾ ലഭിക്കുന്നില്ല. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം വയോജനങ്ങൾ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്.

പദ്ധതിപ്രകാരം രണ്ടാഴ്ച കൂടുമ്പോൾ അങ്കൺവാടി, ഹെൽത്ത്‌ സെന്റർ, പകൽവീട്, കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ വെച്ച് മുതിർന്ന പൗരന്മാരുടെ രോഗ നിർണയവും മരുന്നു വിതരണവും നടന്നിരുന്നു.

എന്നാൽ, കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആശാവർക്കർമാർ വീടുകളിൽ ചെന്ന് രോഗ വിവരങ്ങൾ ശേഖരിക്കുകയും മരുന്നുകൾ വാങ്ങി വീടുകളിൽ എത്തിക്കുകയുമായിരുന്നു. ഇതിനായി നിരവധി സന്നദ്ധ സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇൻസുലിൻ ഉൾപ്പെടെ 112 മരുന്നുകളാണ് പദ്ധതിയിൽ ലഭ്യമായിരുന്നത്. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്.

മരുന്നുകൾ ലഭിക്കാത്തതിന് കാരണം വിതരണ എജൻസിക്ക് സർക്കാർ പണം നൽകാത്തതാണ്. മരുന്ന് നൽകിയിരുന്ന സർക്കാർ സ്ഥാപനമായ കേരള മെഡിക്കൽ സർവീസ് കോർപറേഷന് മരുന്ന് വാങ്ങിയ ഇനത്തിൽ 33 കോടി രൂപ നൽകാനുണ്ട്. പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടപ്പാണ്. പുതിയ സർക്കാർ വന്നതിന് ശേഷം തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. പത്ത് വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ച പദ്ധതി ഇപ്പോൾ നിലച്ച മട്ടാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Latest