Kerala
വാഫി - വഫിയ സ്ഥാപനങ്ങളെ അടർത്തിയെടുക്കാൻ ഇ കെ വിഭാഗം; കൂടെ നിർത്താൻ സി ഐ സി
ആരോഗ്യകരമായ മത്സരത്തിന് വെല്ലുവിളിച്ച് ഹകീം ഫൈസി
മലപ്പുറം | സി ഐ സി – ഇ കെ വിഭാഗം ഭിന്നതക്ക് മൂർച്ച കൂടുന്നു. വാഫി-വഫിയ്യ സ്ഥാപനങ്ങളെ അടർത്തിയെടുത്ത് തങ്ങളുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഇ കെ വിഭാഗവും കൂടെ തന്നെ നിർത്താൻ സി ഐ സിയും ചരടുവലി ശക്തമാക്കി.
ഇതിനിടെ, തങ്ങളുടെ കൂടെ 84 കോളജുകളുണ്ടെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗ് മുഖപത്രത്തിൽ സി ഐ സി പരസ്യം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇ കെ വിഭാഗത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെ “ആരോഗ്യകരമായ മത്സരത്തിന്’ വെല്ലുവിളിച്ച് സി ഐ സി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അബ്ദുൽ ഹകീം ഫൈസി രംഗത്തെത്തി.
സി ഐ സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് അതുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഇ കെ വിഭാഗം സമ്മർദം ചെലുത്തിയപ്പോൾ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് അനുകൂലമായി നിലപാട് സ്വീകരിച്ചത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചില സ്ഥാപനങ്ങൾ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം നടത്തിയില്ല. ഇ കെ വിഭാഗവുമായുള്ള ഭിന്നതക്ക് മുമ്പ് 97 സ്ഥാപനങ്ങളായിരുന്നു സി ഐ സി കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഇതിൽ 84 സ്ഥാപനങ്ങൾ ഇപ്പോഴും തങ്ങളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നുവെന്നാണ് സി ഐ സി പറയുന്നത്. സി ഐ സിക്കെതിരെ സംഘടനാ തലത്തിൽ ശക്തമായ പോർമുഖം തുറന്നിട്ടും കോളജുകളുടെ കൂട്ടായ്മയിൽ കാര്യമായ വിള്ളൽ വരുത്താൻ ഇ കെ വിഭാഗത്തിനാവുന്നില്ല.
ലീഗ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയിലാണ് സി ഐ സി ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ലീഗ് നേതാക്കൾക്ക് മേധാവിത്വമുള്ള സ്ഥാപനങ്ങൾ സി ഐ സിയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടെന്ന നിലപാടിലാണുള്ളത്. “സമസ്ത’ പുറത്താക്കിയ ആൾ നേതൃത്വം നൽകുന്ന കൂട്ടായ്മയുമായി സഹകരിക്കരുതെന്ന് സ്ഥാപന മേധാവികളോട് ഇ കെ വിഭാഗം നേതാക്കൾ ആണയിടുന്നുമുണ്ട്. ഇരു വിഭാഗത്തിന്റെയും സമ്മർദത്തിൽ പല സ്ഥാപന മേധാവികളും അസ്വസ്ഥരാണ്.
“ആരോഗ്യകരമായ മത്സരത്തിന് സ്വാഗതം’ എന്ന തലക്കെട്ടിൽ ഹകീം ഫൈസി ഇന്നലെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇ കെ വിഭാഗത്തെ വെല്ലുവിളിക്കുന്നതും അവരുടെ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ പരിഹസിക്കുന്നതുമാണെന്ന് ആക്ഷേപമുണ്ട്.
പുതിയ വിദ്യാഭ്യാസ പദ്ധതിയെ സ്വാഗതം ചെയ്യുന്ന ഹകീം ഫൈസി, “നിലവിലുള്ളവയെ ഗുണ നിലവാരമുയർത്തി മറികടന്നു പോകാനാകണമെന്നും നിലവിലുള്ള “വര’ മായ്ച്ചുകളയാതെ അതിലേറെ “വലിയ വര’യിട്ടു ചെറുതാക്കാൻ പറ്റണമെന്നും വ്യക്തമാക്കുന്നു. സി ഐ സി കാൽനൂറ്റാണ്ടായി സഞ്ചരിച്ച വഴിയിൽ യാതൊരു മാറ്റവുമില്ലാതെ മുന്നോട്ട് പോവുകയാണെന്നും അവസാന സ്ഥാപനത്തിലെ അവസാനത്തെ കുട്ടിയും പടിയിറങ്ങുന്നത് വരെ ഒപ്പം നിൽക്കാൻ പ്രതിജ്ഞാ ബദ്ധമാണ്. സ്ഥാപനങ്ങൾ അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്കിടയിലും പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തിൽ സി ഐ സി സംവിധാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുന്നു. “സമസ്ത’- സി ഐ സി പ്രശ്‌നം സമൂഹത്തിന് വലിയ മെനക്കേടായിരിക്കുകയാണെന്നും ഊരുവിലക്കും ബഹിഷ്‌കരണവും അപരിഷ്‌കൃതമാണെന്നെങ്കിലും തിരിച്ചറിയണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇ കെ വിഭാഗത്തിന്റെ ആവശ്യപ്രകാരം സി ഐ സിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച ഹകീം ഫൈസിയോട് പദവിയിൽ തുടരാൻ പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങൾ നിർദേശിക്കുകയായിരുന്നു.
തുടർന്ന് സ്വാദിഖലി തങ്ങൾ വാഫി, വഫിയ്യ കോഴ്‌സുകളിൽ വിദ്യാർഥികളെ ചേർക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഇതോടെ വാഫി, വഫിയ്യ കോഴ്‌സുകളിൽ കുട്ടികളെ ചേർക്കുന്നത് ശ്രദ്ധിക്കണമെന്നും സി ഐ സിയുമായി “സമസ്ത’ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി ഇ കെ വിഭാഗം രംഗത്തെത്തി. ഹകീം ഫൈസിക്ക് ആദർശവ്യതിയാനം സംഭവിച്ചുവെന്ന് ആരോപിച്ച് മുശാവറയും പ്രസ്താവന ഇറക്കുകയുമുണ്ടായി.