Connect with us

Kerala

വാഫി- വഫിയ്യ സിലബസ്സിനെ കടന്നാക്രമിച്ച് ഇ കെ വിഭാഗം

നവീനവാദക്കാരുടെ ആശയങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചു • സിലബസ്സ് അംഗീകരിക്കില്ലെന്ന് വിശദീകരണ സംഗമം

Published

|

Last Updated

മലപ്പുറം| കോ-ഓഡിനേഷൻ ഓഫ് ഇസ്്ലാമിക് കോളജസ് (സി ഐ സി) വിവാദം പുതിയ തലത്തിലേക്ക്. സുന്നി ആശയാദർശങ്ങൾക്ക് വിരുദ്ധമായി ഹകീം ഫൈസി ആദൃശ്ശേരി പ്രവർത്തിച്ചുവെന്ന് ആരോപിച്ചിരുന്ന ഇ കെ വിഭാഗം, അദ്ദേഹം നേതൃത്വം നൽകിയ സി ഐ സിക്ക് കീഴിലെ വാഫി, വഫിയ്യ പഠന സിലബസ്സിനെ തന്നെ പൂർണമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

ഇന്നലെ മലപ്പുറം റോസ് ലോഞ്ചിൽ സമസ്ത ഇ കെ വിഭാഗം സംഘടിപ്പിച്ച വിശദീകരണ സംഗമത്തിൽ ഹകീം ഫൈസിയെയും വാഫി- വഫിയ്യ സിലബസ്സിനെയും കടന്നാക്രമിച്ചുകൊണ്ടാണ് പ്രഭാഷകർ വിമർശിച്ചത്. പുത്തനാശയക്കാരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങൾ വാഫി സിലബസ്സിൽ ഉൾക്കൊള്ളിച്ചുവെന്നും അതിനെതിരെ വിമർശങ്ങൾ വരുമ്പോൾ പിൻവലിക്കുകയായിരുന്നു പതിവെന്നും പ്രസിഡന്റ്ജിഫ്്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഹകീം ഫൈസി സുന്നി ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പറഞ്ഞ ഇ കെ വിഭാഗം ഇപ്പോൾ വാഫി, വഫിയ്യ സിലബസ്സിലും മതനവീനവാദികളുടെ ആശയം കടന്നുകൂടിയതായി ആരോപണം ഉന്നയിക്കുകയാണ്. ഇതോടെ വാഫി, വഫിയ്യ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെയും പ്രതിരോധത്തിലാക്കുന്നതായി വിശദീകരണ സംഗമം.

കടുത്ത നവീനവാദക്കാരുടെ ആശയങ്ങൾ വാഫി സിലബസ്സിൽ വിദ്യാർഥികൾക്ക് പഠിപ്പിച്ചുവെന്ന് ജിഫ്‌രി തങ്ങൾ പറഞ്ഞു. ഇങ്ങനെ ജമാഅത്തെ ഇസ്‌ലാമിക്കാർക്കും മുജാഹിദുകൾക്കും പായ വിരിച്ചുകൊടുക്കുകയാണ്. തങ്ങളുടെ ആശയങ്ങൾ മെല്ലെമെല്ലെ അവിടെ പ്രചരിപ്പിക്കുന്നുവെന്ന് വഹാബി നേതാവ് മുജാഹിദ് ബാലുശ്ശേരി പറഞ്ഞല്ലോ എന്നും ജിഫ്‌രി തങ്ങൾ ചൂണ്ടിക്കാട്ടി. എന്നിട്ട് സുന്നത്ത് ജമാഅത്താണെന്ന് പറയുന്നു.

ഹകീം ഫൈസിയെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കില്ലെന്നും ജിഫ്്രി തങ്ങൾ അറിയിച്ചു. സംഘടനയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്നും സി ഐ സി വിഷയം നിരവധി തവണ ചർച്ച ചെയ്താണ് നടപടികളിലേക്ക് നീങ്ങിയതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

ഈ വിഭാഗത്തിലെ പണ്ഡിതന്മാരും പണ്ഡിത വിദ്യാർഥികളും ഫേസ്ബുക്കിലും മറ്റും എഴുതിവിടുന്നത് നമുക്ക് നമ്മുടെ നാവ് കൊണ്ട് പറയാൻ പറ്റുന്നതല്ല. അത്രയും മോശമായ കാര്യങ്ങളും തെറികളുമാണ് പണ്ഡിതന്മാർക്കെതിരെയും “സമസ്ത’ക്കെതിരെയും പറയുന്നത്. മുജാഹിദും ജമാഅത്തെ ഇസ്‌ലാമിയും പോലും ഈ നിലക്കുള്ള ആക്ഷേപം ചൊരിഞ്ഞിട്ടില്ല. ഇതുപോലുള്ള ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ഒരാളിൽ നിന്നും “സമസ്ത’ക്ക് ഇതുവരെ കേൾക്കേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി ഐ സിയിലെ സിലബസ്സ് “സമസ്ത’ക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇസ്്ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ വിശദീകരിച്ചു. പുത്തൻവാദക്കാരുടെ ആശയങ്ങൾ വാഫി സിലബസ്സിൽ പഠിപ്പിച്ചെന്ന് തെളിവുകൾ നിരത്തി അദ്ദേഹം പറഞ്ഞു.

വാഫി സ്ഥാപനങ്ങളിലെ അധ്യാപകരുടെ അടുത്ത് പുത്തൻവാദക്കാരുടെ പുസ്തകങ്ങൾ നേരിൽ കണ്ടിട്ടുണ്ട്. ജിഫ്‌രി തങ്ങളെ പുറത്താക്കാൻ ഹകീം ഫൈസി ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ ഹൈദർ ഫൈസി, പി പി ഉമ്മർ മുസ്്ലിയാർ കൊയ്യോട്, എം പി മുസ്തഫൽ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ് വി മുഹമ്മദലി പ്രസംഗിച്ചു. സി ഐ സി സ്ഥാനത്ത് നിന്ന് ഹകീം ഫൈസിയുടെ രാജി ആവശ്യപ്പെട്ടതിനെ തുടർന്നുള്ള ആരോപണങ്ങൾക്ക് മറുപടിയായാണ് ഇ കെ വിഭാഗം വിശദീകരണ സംഗമം സംഘടിപ്പിച്ചത്.

സി ഐ സിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മുസ്്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇ കെ വിഭാഗത്തിന്റെ മലപ്പുറത്തെ പരിപാടിയിലെ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഓണലൈനിൽ സന്ദേശം നൽകി.