Connect with us

Malabar Movement 1921

വാഗണ്‍ നിറയെ പോരാളികളുടെ മൃതദേഹങ്ങള്‍

Published

|

Last Updated

തിരൂർ | ഒരു തീക്കാറ്റ് പോലെയാണ് ആ വാർത്ത നാട്ടിൽ പരന്നത്. ഒരു വാഗൺ നിറയെ മാപ്പിള പോരാളികളുടെ മൃതദേഹം തിരൂരിലെത്തിച്ചിട്ടുണ്ട്. ആളുകൾ പരിഭ്രാന്തരായി.
കർഫ്യു നിലവിലുള്ളതിനാൽ പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ. എന്നാൽ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച മൃതദേഹം എന്ത്‌ ചെയ്യണമെന്നറിയാതെ ബ്രിട്ടീഷ് പട്ടാളക്കാരും കുഴങ്ങി. പരസ്പരം മാന്തിപ്പൊളിച്ച് അഴുകിയ മൃതദേഹങ്ങളായതിനാൽ കൂടുതൽ വെക്കാൻ കഴിയില്ല. പിന്നീട് ഒത്തുതീർപ്പിനുള്ള ശ്രമങ്ങളായിരുന്നു.

അത്തീസ് എന്ന അത്തിക്ക

കൈനിക്കര മമ്മി ഹാജി, ഇലനാട്ടിൽ കമ്മുകുട്ടി ഹാജി തുടങ്ങിയ തിരൂരിലെ പൗരപ്രമുഖർ ബ്രിട്ടീഷുകാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരിൽനിന്ന് പട്ടാളത്തെ പിൻവലിച്ചാൽ മൃതദേഹം സംസ്കരിക്കാമെന്ന് അവർ സമ്മതിക്കുകയും ബ്രിട്ടീഷ് പട്ടാളം ആവശ്യം അംഗീകരിച്ചതോടെയാണ് ധീര സമര പോരാളികൾക്ക് തിരൂരിൽ അന്ത്യവിശ്രമമൊരുങ്ങിയതെന്നും ആറ് പതിറ്റാണ്ടിലധികമായി കോരങ്ങത്ത് പള്ളിയിൽ ബാങ്ക് വിളിക്കുന്ന അത്തീസ് എന്ന അത്തിക്ക മുൻഗാമികളിൽ നിന്ന് കേട്ട് ചരിത്രം ഓർത്തെടുത്ത് പറഞ്ഞു. 44 പേർക്ക് ഖബർ ഒരുക്കിയത് തിരൂർ കോരങ്ങത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു. എന്നാൽ സമീപ മഹല്ലായ കോട്ട് നിവാസികൾ ആവശ്യപ്പെട്ട പ്രകാരമാണ് 11 പേരെ അവിടെ ഖബറടക്കിയതെന്നും അദ്ദേഹം പറഞ്ഞു. അമുസ്‌ലിംകളായ നാല് പേരെ മുത്തൂരിലാണ് സംസ്കരിച്ചത്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽനിന്ന് പള്ളിയിൽ എത്തിച്ചത് തൂമ്പേരി ആലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു. ഓരോരുത്തരുടെയും മയ്യിത്ത് കട്ടിലിൽ കിടത്തി തവണകളായിട്ടായിരുന്നു എത്തിച്ചത്.

വാഗൺ രക്തസാക്ഷികളുടെ മൃതദേഹം കൊണ്ടുവന്നതെന്ന് പറയപ്പെടുന്ന മയ്യിത്ത് കട്ടിൽ ഇന്നും കോരങ്ങത്ത് പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അത്തിക്ക പറഞ്ഞു. എന്നാൽ അവസാനം മൃതദേഹവും എത്തിച്ചശേഷം ആലിക്കുട്ടി ഇനി ആരെങ്കിലുമുണ്ടോ എന്നറിയാൻ വീണ്ടും റെയിൽവേ സ്റ്റേഷനിലെ പോകുകയും വാഗണിൽ നിന്ന് ഒരു മൃതദേഹം കൂടി ലഭിക്കുകയും അത് സ്വന്തം ചുമലിൽ വെച്ചാണ് പള്ളിയിലേക്ക് കൊണ്ടുവന്നതെന്ന് ആലിക്കുട്ടിയുടെ പേരമക്കളായ ആലിക്കുട്ടി തൂമ്പേരി, ബശീർ തൂമ്പേരി എന്നിവർ പറഞ്ഞു.

മലപ്പുറം

Latest