Malabar Movement 1921
വാഗൺ ട്രാജഡി; മലബാര്‍ പോരാട്ടങ്ങളിലെ കറുത്ത അധ്യായം
തിരൂർ | സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായമായിരുന്നു വാഗൺ ട്രാജഡി. ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്തിയതിന് പിട്ടിക്കപ്പെട്ടവരെ ഇല്ലായ്മ ചെയ്യാൻ ബ്രിട്ടീഷ് പട്ടാളത്തിന്റെ കരുതിക്കൂട്ടിയുള്ള നരഹത്യയായിരുന്നു ഈ ദാരുണ സഭവം. 1921 നവംബർ 20ന് മലബാർ സമരത്തിൽ പങ്കെടുത്തെന്ന കുറ്റം ചുമത്തി വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടിയ സമര പോരാളികളെ കോയമ്പത്തൂരിലെ ജയിലിലേക്ക് കൊണ്ടുപോകാൻ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്ന് കേണൽ ഹംഫ്രിബ്, സ്പെഷ്യൽ ഓഫീസർ ഇവാൻസ്, ജില്ലാ പട്ടാള മേധാവി ഹിച്ച്കോക്ക്, ആമു സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ മദ്രാസ് സൗത്ത് കമ്പനിയുടെ എം എസ് എം എൽ വി 1711 നമ്പർ ചരക്ക് ബോഗിയിലാണ് തടവുകാരെ കയറ്റിയത്. പുലാമന്തോൾ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവരിൽ ചുമത്തിയ കുറ്റം.
ചരക്ക് കയറ്റുന്നതിനായി മാത്രം സജ്ജീകരിച്ച വായുവും വെള്ളവുമില്ലാത്ത ബോഗിയിൽ നൂറോളം പേരെയാണ് കുത്തിനിറച്ചത്. യാത്രാരംഭത്തിൽ തന്നെ ബോഗിയിൽ ശ്വസിക്കാൻ ജീവ വായുവും കുടിക്കാൻ ദാഹ ജലവും ലഭിക്കാതെ അവർ മരണ വെപ്രാളത്തിലായിരുന്നു. തുടർന്ന് ഷൊർണൂരും ഒലവക്കോടും ട്രെയിൻ നിർത്തിയെങ്കിലും ബോഗിയിലുള്ളവരുടെ ധീന രോദനം ബ്രിട്ടീഷ് പട്ടാളം കേട്ടില്ലെന്ന് നടിച്ചു. മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തിയപ്പോഴേക്കും ബോഗിയിലുള്ളവരിലധികവും മരിച്ച് വീണിരുന്നു. മരിച്ചവരെ ഏറ്റെടുക്കാൻ തയ്യാറാകാതെ അധികൃതർ വാഗൺ തിരൂരിലേക്ക്് തന്നെ തിരിച്ചയച്ചു.
ധീര രക്തസാക്ഷിത്വം വരിച്ചവരുടെ 44 മയ്യിത്തുകൾ കോരങ്ങത്ത് ജുമുഅ മസ്ജിദ് ഖബർസ്ഥാനിലും 11 മയ്യിത്തുകൾ കോട്ട് ജുമുഅ മസ്ജിദ് ഖബറിസ്ഥാനിലും ഖബറടക്കി.
ഹൈന്ദവ പോരാളികളുടെ മൃതശരീരങ്ങൾ ഏഴൂരിലെ പൊതു ശ്മശാനത്തിലും മറവ് ചെയ്തു. വാഗണിൽ കയറ്റി നാടുകടത്തിയ നൂറ് കണക്കിന് പോരാളികൾ എവിടെയെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.