First Gear
ബുക്ക് ചെയ്‌ത് 15 മാസം വരെ കാത്തിരിപ്പ്; റോക്‌സിന്റെ ഉൽപ്പാദനം കൂട്ടാൻ മഹീന്ദ്ര
ബുക്കിങ് വിൻഡോ തുറന്ന് വെറും 60 മിനിറ്റിനുള്ളിൽ 1.76 ലക്ഷം ബുക്കിങ്ങുകൾ നേടി റോക്‌സ് റെക്കോഡിട്ടിരുന്നു
ന്യൂഡൽഹി | എസ്‌യുവികളിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് മഹീന്ദ്രയുടെ ഥാർ റോക്‌സ്. ബുക്കിങ് വിൻഡോ തുറന്ന് വെറും 60 മിനിറ്റിനുള്ളിൽ 1.76 ലക്ഷം ബുക്കിങ്ങുകൾ നേടി റോക്‌സ് റെക്കോഡിട്ടിരുന്നു. മഹീന്ദ്രയുടെ ഒരു വാഹനത്തിന് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടിയ ബുക്കിങ് കൂടിയായിരുന്നു ഇത്. വൻ ബുക്കിങ് വന്നതോടെ കസ്റ്റമേഴ്‌സിന് വേഗത്തിൽ വാഹനം നൽകാനാകാതെ കുഴങ്ങുകയാണ് മഹീന്ദ്ര.
നിലവിൽ റോക്‌സ് ബുക്ക് ചെയ്യുന്നവർ ചുരുങ്ങിയത് 9 മാസം വാഹനത്തിനായി കാത്തിരിക്കണം. ഉയർന്ന വേരിയൻ്റ് ആണെങ്കിൽ 15 മാസം വരെ കാത്തിരിപ്പ് നീളും. ഇതോടെ വാഹന ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര.
നിലവിൽ മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള പ്ലാൻ്റിലാണ് ഥാർ റോക്‌സ് നിർമിക്കുന്നത്. ഇവിടുത്തെ ഉൽപ്പാദനം ജനുവരിയോടെ മാസം 9500 ആക്കാനാണ് കമ്പനിയുടെ ശ്രമം.
നിലവിൽ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലാണ് മഹീന്ദ്ര. വാഹനങ്ങളുടെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധന രേഖപ്പെടുത്തി. എസ്‌യുവികൾ ഉൾപ്പെടെ ഈ വർഷ പാദത്തിൽ 2,31,000 വാഹനങ്ങളാണ് വിറ്റഴിച്ചുത്. അതിൽ 1,36,000 യൂണിറ്റുകൾ എസ്‌യുവികളാണ്.