National
വഖ്ഫ് നിയമ ഭേദഗതി ബില്‍: സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ്
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹരജി.

ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ്. പരമോന്നത കോടതിയില്‍ ഹരജി നല്‍കി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹരജി. കോണ്‍ഗ്രസ്സ് എം പി. മുഹമ്മദ് ജാവേദാണ് കോടതിയെ സമീപിച്ചത്. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്‍ ഇന്നലെ രാജ്യസഭയും കടന്നിരുന്നു. ഇനി രാഷ്ട്രപതി കൂടി അംഗീകാരം നല്‍കിയാല്‍ ബില്‍ നിയമമാകും.
ലോക്‌സഭയില്‍ 14 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
രാജ്യസഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. പതിമൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും തള്ളിയാണ് ഇരു സഭകളും ബില്‍ പാസ്സാക്കിയത്.