Kerala
വഖ്ഫ് ഭേദഗതി നിയമം; നിയമപോരാട്ടം ഏകോപിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക്
കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും.

തിരുവനന്തപുരം | മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക്. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ നിയമപോരാട്ടം ഏകോപിപ്പിക്കുകയാണ് യാത്രയുടെ ഉദ്ദേശ്യം. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും.
വഖ്ഫ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കരുത് എന്ന് അഭ്യര്‍ഥിച്ച് മുസ്‌ലിം ലീഗ് എം പിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ലീഗിന്റെ അഞ്ച് എംപിമാര്‍ ആണ് കത്ത് നല്‍കിയത്. എന്നാല്‍, കത്ത് പരിഗണിക്കാന്‍ രാഷ്ട്രപതി തയ്യാറായില്ല. ബില്ല് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതും മതന്യൂനപക്ഷങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനപരമായ ഇടപെടല്‍ വ്യക്തമാക്കുന്നതുമാണെന്ന് ലീഗ് എം പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്സഭയിലെ രണ്ട് എംപിമാരും രാജ്യസഭയിലെ മൂന്ന് എം പിമാരുമാണ് കത്തയച്ചത്.
ഇന്നലെ രാത്രി രാഷ്ട്രപതി ഒപ്പ് വച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനമിറക്കിയതോടെയാണ് വഖ്ഫ് ബില്‍ നിയമമായത്. നേരത്തെ, ലോക്‌സഭയില്‍ 14 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസ്സാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
രാജ്യസഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. പതിമൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും തള്ളിയാണ് ഇരു സഭകളും ബില്‍ പാസ്സാക്കിയത്.