Kerala
വാളയാര്‍ കേസ്: ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന് കുട്ടികളുടെ അമ്മ
കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈന്‍ റിപ്പോര്‍ട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു
പാലക്കാട്| വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈന്‍ റിപ്പോര്‍ട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം.
2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4ന് ഇതേ വീട്ടില്‍ അനിയത്തി ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായിരുന്ന ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നും ആവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന്‍ കണ്ടെത്തി. 2020 നവംബര്‍ 4ന് മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി.
പിന്നാലെ കേസ് സിബിഐക്ക് കൈമാറി. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രിലില്‍ പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 2021 ഡിസംബര്‍ 27 ന് വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10ന് പാലക്കാട് പോക്‌സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുരന്വേഷണം നടത്തണം എന്നായിരുന്നു ഉത്തരവ്.
ലോക്കല്‍ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യയാണെന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിര്‍ദേശിച്ചത്. സിബിഐ നല്‍കിയ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
കേരളത്തിന് പുറത്തുള്ള സിബിഐ യൂണിറ്റിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നാണ് കുട്ടികളുടെ അമ്മ ആവര്‍ത്തിക്കുന്നത്. പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കുമ്പോഴെങ്കിലും ശാസ്ത്രീയ പരിശോധനഫലങ്ങള്‍ കൂടി പരിഗണിക്കണം എന്നാണ് ബന്ധുക്കളും സമരസമിതിയും ആവശ്യപ്പെടുന്നത്.