Poem
സ്‌നേഹ മതിൽ
ഗെയ്റ്റിന് ഞാനിപ്പോൾ പൂട്ടിടും പരസ്യം പതിക്കരുത് എന്നൊരു ബോർഡും വെച്ചു.
“കുറച്ച് കൊന്ന പത്തലുകൾ കുഴിച്ചിട്ട്
നീളത്തിൽ ഒരു ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി വീടിന് ചുറ്റും ഒരു
മറയായപ്പോൾ ഞാൻ അതിനെ
“വേലി ‘ എന്ന് നാമകരണം ചെയ്തു.
തെങ്ങ് കയറാൻ വരുന്ന “മോഹൻലാൽ ‘ എന്ന് വിളിപ്പേരുള്ള
“ലിജു’ സ്ഥിരമായി ഓലയും
തേങ്ങയും വെട്ടിയിട്ട് “വേലി’
പൊളിഞ്ഞപ്പോൾ ഞാൻ
മതിലിനെ കുറിച്ച് ആലോചിച്ച് തുടങ്ങി.
പഴയ കല്ലും മണ്ണും ഉണ്ടായതുകൊണ്ട്
“ഒപ്പിച്ചു ‘ അടുത്ത
കൂട്ടുകാരൻ “ഷൈജു ‘ ഒരു
മതിലു കെട്ടിത്തന്നു.
പഴയ സാധനങ്ങൾ വിൽക്കുന്ന
“പട്ടാളത്തിൽ ‘ നിന്ന് ചുളുവിന്
കിട്ടിയ പഴയൊരു “ഗെയ്റ്റും’ വെച്ചു
നാട്ടുകാർ എല്ലാവരും പറഞ്ഞു
അവനും പണക്കാരനായി.
വടക്കേ വീട്ടിലെ “സുജിത്തിന്റെ’
കൈയും കാലും പിടിച്ച് മതിലിൽ
വെള്ള പൂശിയ ദിവസത്തെ
രാത്രിയിൽ ആണ് പഞ്ചായത്ത്
തിരഞ്ഞെടുപ്പിന് നിൽക്കുന്ന
“സുരേഷ് അണ്ണൻ ‘
വെളുക്കെ ചിരിച്ചുനിൽക്കുന്ന
ഫോട്ടോ ഒട്ടിച്ചുപോയത്.
ഗെയ്റ്റിന് ഞാനിപ്പോൾ പൂട്ടിടും
പരസ്യം പതിക്കരുത് എന്നൊരു
ബോർഡും വെച്ചു.
പഴയ പത്രം, ഇരുമ്പ്, കടലാസ്
പ്ലാസ്റ്റിക് കുപ്പി ഉണ്ടോ എന്ന്
റോട്ടിൽ നിന്ന് ചോദ്യം നീട്ടി എറിയുന്നു
മൂന്ന് മാസം കൂടുമ്പോൾ വരുന്ന
“അണ്ണാച്ചി’
ആപ്പിൾ, മുന്തിരി, സീതപ്പഴം,
പച്ചക്കറി വണ്ടി ആഴ്ചയിൽ
ഒരു നാൾ ഗെയ്റ്റിന് പുറത്ത്
ബ്രേക്കിടുന്നു.
ഇറയത്ത് ഒഴിഞ്ഞ കസേരയിൽ
പത്രം ഇട്ടിരുന്ന തിലകേട്ടൻ
ഗെയ്റ്റിന് പുറത്ത് കമ്പിയിൽ
കൊളുത്തിവെക്കുന്നു പത്രം.
ഷാജി ഏട്ടൻ പാൽ മതിലിൽ
വെച്ച് തിരികെ പോകുന്നു.
എല്ലാം കൊണ്ടും ഗെയ്റ്റ് ഒരു
വേദനയാകുന്നു.
പഞ്ചായത്ത് ഇലക്്ഷൻ കഴിഞ്ഞു
വെളുക്കെ ചിരിച്ച സുരേഷ് ഏട്ടൻ
എട്ടു നിലയിൽ പൊട്ടി.
ഇപ്പൊ പഴയ ചിരിയില്ല
നേരിട്ട് കാണുമ്പോൾ ഒരു പുച്ഛഭാവം.
വെളുക്കെ ചിരിക്കുന്ന ബോർഡ്
ഞാൻ കീറിയെറിഞ്ഞു.
പരസ്യം പതിക്കരുത് എന്ന ബോർഡ്
ഞാൻ എടുത്ത് മാറ്റി
ഗെയ്റ്റ് ഞാനിപ്പോൾ
പൂട്ടിയിടാറില്ല.
മലർക്കെ തുറന്നിടും.
എല്ലാവരും കയറി വരട്ടെ..
പുതിയൊരു പേരിട്ടു മതിലിനു
“സ്‌നേഹ മതിൽ ‘.