AVASARAM
സ്ഥിര ജോലി വേണോ? ടെക്‌നിക്കല്‍ കോഴ്സ് നോക്കിക്കോളൂ...
ടെക്‌നിക്കല്‍ മേഖലകളിലെ ജോലികളില്‍ കയറാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട കോഴ്‌സുകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടാം.
പത്താം ക്ലാസ്സിന് ശേഷം കൂടുതല്‍ കാലം പഠിക്കാതെ അംഗീകാരമുള്ള കോഴ്‌സുകള്‍ പഠിച്ച് നല്ല രീതികളില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജോലികളില്‍ കയറാനുള്ള അവസരങ്ങളുണ്ട്. ഇങ്ങനെ ടെക്‌നിക്കല്‍ മേഖലകളിലെ ജോലികളില്‍ കയറാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട കോഴ്‌സുകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടാം.
ഐ ടി ഐ
(ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റിയൂഷനുകള്‍)
1.കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും പ്രൈവറ്റ് മേഖലയിലും ഏകവത്സര, ദ്വിവത്സര കോഴ്‌സുകള്‍ നല്‍കിവരുന്ന നിരവധി ഐ ടി ഐ/ ഐ ടി സികളുണ്ട്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍ സി വി ടി (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിംഗ്), സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള എസ് സി വി ടി (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിംഗ്) എന്നിവയുടെ കോഴ്‌സുകള്‍ ലഭ്യമാണ്. എന്‍ജിനീയറിംഗിന് കീഴിലും നോണ്‍ എന്‍ജിനീയറിംഗിന് കീഴിലും വരുന്ന കോഴ്‌സുകള്‍ മെട്രിക്, നോണ്‍മെട്രിക് തലങ്ങളില്‍ നല്‍കിവരുന്നു.
2.ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് റിപ്പയറിംഗ്- മെയിന്റനന്‍സ്, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, മെക്കാനിക്, സിവില്‍ എന്‍ജിനീയറിംഗ്, ആര്‍കിടെക്ചറല്‍ അസ്സിസ്റ്റന്റ്, പ്ലംബര്‍, ഫിറ്റര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, ഫാഷന്‍ ഡിസൈനിംഗ് എന്നിവ വിവിധ കോഴ്‌സുകളില്‍പ്പെടുന്നു.
3.ചില നോണ്‍മെട്രിക് കോഴ്‌സുകളില്‍ പത്താം ക്ലാസ്സ് പരാജയപ്പെട്ടവര്‍ക്കും പഠിക്കാം. രണ്ട് വര്‍ഷമോ ഒരു വര്‍ഷമോ ആണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പോളിടെക്‌നിക് കോഴ്‌സുകളിലെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം സാധ്യമാണ്.
പോളിടെക്‌നിക് കോഴ്‌സുകള്‍
1. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എ ഐ സി ടി ഇ) നല്‍കിവരുന്ന ഒട്ടനവധി ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ പോളിടെക്‌നിക് കോളജുകളില്‍ പഠിക്കാന്‍ അവസരമുണ്ട്. അടിസ്ഥാന എന്‍ജിനീയറിംഗ് ശാഖകളില്‍പ്പെട്ട മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍ എന്‍ജിനീയറിംഗ് തുടങ്ങി മിക്ക എന്‍ജിനീയറിംഗ് ബ്രാഞ്ചുകളുടെ ശാഖകളും പോളിടെക്‌നിക് കോളജുകളില്‍ പഠിക്കാന്‍ അവസരമുണ്ട്.
2.പത്താം ക്ലാസ്സ് മാര്‍ക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഗവ. പോളിടെക്‌നിക്കുകള്‍ക്ക് പുറമെ ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ മോഡല്‍ പോളിടെക്‌നിക്കുകളിലും പഠിക്കാം. ഉന്നത പഠനത്തിന് താത്പര്യമുള്ളവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം വഴി എന്‍ജിനീയറിംഗ് ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pollyadmissions.org
നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍
(എന്‍ ടി ടി എഫ്) കോഴ്‌സുകള്‍
1.പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് ഫൗണ്ടേഷന്റെ വൈവിധ്യമാര്‍ന്ന എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം നേടാം. ഡിപ്ലോമ മെക്കാട്രോണിക്‌സ്, ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിംഗ് എന്നിവ അവരുടെ പ്രത്യേക കോഴ്‌സുകളാണ്. തലശ്ശേരി, ബെംഗളൂരു എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.
2.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ എന്‍ജിനീയറിംഗ് ടെക്‌നോളജി (സി ഐ എഫ് എന്‍ ഇ ടി) എന്‍ സി വി ടി അംഗീകാരമുള്ള വെസല്‍ നാവിഗേറ്റര്‍, മെഷീന്‍ ഫിറ്റര്‍ എന്നീ ദ്വിവര്‍ഷ കോഴ്‌സുകള്‍ നല്‍കിവരുന്നു.
3.മത്സ്യ വ്യവസായവുമായി ബന്ധപ്പെട്ട ഫിഷിംഗ് ബോട്ടുകള്‍, വെസലുകള്‍ എന്നിവയിലാണ് ജോലി സാധ്യതകള്‍. പത്താം ക്ലാസ്സ് യോഗ്യതയുള്ള അപേക്ഷകരില്‍ നിന്ന് പരീക്ഷ നടത്തിയാണ് പ്രവേശനം നല്‍കുന്നത്.
4.മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് എന്‍ജിനീയറിംഗ് മേഖലയിലെ വിവിധ ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സെന്‍ട്രല്‍ ഗവണ്‍മെന്റ്, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ സ്ഥിര ജോലികള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.
5.കോഴ്‌സുകള്‍ പഠിക്കുമ്പോള്‍ തന്നെ മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകളും നടത്തിയാല്‍ പെട്ടെന്ന് തന്നെ സ്ഥിര വരുമാന ജോലി ലഭ്യമാകും.
ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.
ചോദ്യങ്ങൾ ഇമെയിൽ, വാട്സ്ആപ്പ് വഴി അയക്കാം.
9349918816
റംല ബീവി സി കെ
(ചീഫ് കരിയര്‍ കൗണ്‍സിലര്‍,
സിജി ചേവായൂര്‍)