Connect with us

First Gear

ഓഫ് റോഡ് ഡ്രൈവർ ആകാൻ ആഗ്രഹമുണ്ടോ? പഠിപ്പിക്കാൻ അക്കാദമി ഉണ്ട്

ആറു വിദ്യാർഥികളുമായി ആരംഭിച്ച അക്കാദമിയിൽ നിലവിൽ ഓരോ ബാച്ചിലും 20 പേർ വീതം ഉണ്ട്.

Published

|

Last Updated

വെല്ലുവിളികൾ നിറഞ്ഞ റോഡിലൂടെ വാഹനം ഓടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. ഓഫ് റോഡ് ഡ്രൈവ് എന്ന് പറഞ്ഞാൽ ഭൂരിപക്ഷം യുവാക്കൾക്കും ഹരമാണ്. എന്നാൽ ഏറെ ശ്രദ്ധിക്കേണ്ട മേഖലയും കൂടിയാണിത്. അപകടം പിടിച്ച വഴികളിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.

ഇത്തരം വഴികളിലൂടെ എങ്ങനെ വാഹനം ഓടിക്കാം എന്ന് പഠിപ്പിക്കുകയാണ് ചെന്നൈ പുതുപാക്കത്തെ മദ്രാസ് ഓഫ്‌റോഡ് അക്കാദമി. പ്രമുഖ ഓഫ് റോഡ് റൈഡറും ദന്തൽ കോളേജ് പ്രൊഫസറുമായ ഡോ. റിങ്കു ജോർജിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷമാണ് അക്കാദമി ആരംഭിച്ചത്. 25 ഏക്കറിൽ പരന്നുകിടക്കുന്നതാണ് അക്കാദമി. 23 ഒപ്സ്റ്റിക്കളും ചെറുതും വലുതുമായ ടേബിൾടോപുകളും ഡബിൾ ഹമ്പും കുത്തിനെയുള്ള കയറ്റവും ഇറക്കവും എല്ലാം ഇവിടെയുണ്ട്.

റിങ്കുവിന്റെ നേതൃത്വത്തിൽ തന്നെയാണ് ഓഫ് റോഡ് ഡ്രൈവിംഗ് ലേണിംഗ് സിലബസും വികസിപ്പിച്ചിരിക്കുന്നത്. തങ്ങൾ ഓഫ് റോഡ് തുടങ്ങിയ സമയത്ത് വേണ്ട നിർദേശങ്ങളോ എങ്ങനെ വാഹനം ഓടിക്കാം എന്നോ പഠിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നും അത്തരമൊരു ചിന്തയിൽ നിന്നാണ് അക്കാദമി ആരംഭിച്ചതെന്നും റിങ്കു പറഞ്ഞു. സ്ഥിരമായി വെല്ലുവിളികൾ നിറഞ്ഞ റോഡിലൂടെ വാഹനം ഓടിച്ചാണ് ഓഫ് റോഡിംഗ് പഠിച്ചതെന്നും അതിനാൽ വാഹനത്തിന് നിരന്തരം തകരാറുകൾ വരുന്നത് പതിവായിരുന്നെന്നും റിങ്കു പറഞ്ഞു. ഇത് പുതിയ ഡ്രൈവർമാർക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് അക്കാദമി ആരംഭിച്ചത്.

ആറു വിദ്യാർഥികളുമായി ആരംഭിച്ച അക്കാദമിയിൽ നിലവിൽ ഓരോ ബാച്ചിലും 20 പേർ വീതം ഉണ്ട്. പുതുതായി ഓഫ് റോഡിലേക്ക് എത്തുന്നവർക്ക് ബേസിക് കാര്യങ്ങൾ മുതൽ ഇവിടെ പഠിപ്പിക്കുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ക്ലാസിൽ ആദ്യ രണ്ടു മണിക്കൂർ തീയറിയാണ്. പിന്നീട് പ്രാക്ടിക്കൽ സെഷൻ. ഒന്നരയ്ക്ക് ക്ലാസ് അവസാനിക്കും. മാസത്തിൽ ഒരു ദിവസം മാത്രമാണ് ക്ലാസ്സ്.

മറ്റ് വാഹനങ്ങൾ എങ്ങനെ വലിക്കാം, എങ്ങനെ ശരിയായി വിഞ്ച് ചെയ്യാം, എഞ്ചിൻ എങ്ങനെ പ്രവർത്തിക്കുന്നു, സസ്‌പെൻഷനുകൾ തമ്മിലുള്ള വ്യത്യാസം, വാഹനം എങ്ങനെ തിരികെ കൊണ്ടുവരാം, വാഹനത്തിൽ എന്തൊക്കെ നവീകരണങ്ങളും പരിഷ്‌ക്കരണങ്ങളും നടത്താം തുടങ്ങിയ വിഷയങ്ങളും കോഴ്‌സുകളിൽ ഉൾപ്പെടുന്നു. അടിസ്ഥാന ക്ലാസുകളും ഇൻ്റർമീഡിയറ്റ് ക്ലാസുകളും തമ്മിൽ നാല് മാസത്തെ ഇടവേളയുണ്ട്. “അടിസ്ഥാന ക്ലാസുകൾക്ക് ശേഷം, ഞാൻ വിദ്യാർത്ഥികളെ ട്രയൽ ഡ്രൈവുകളിലും വനങ്ങൾ, ബീച്ചുകൾ, നദീതടങ്ങൾ, മറ്റ് ഓഫ്-റോഡ് ഭൂപ്രദേശങ്ങൾ എന്നിവയിലൂടെ കൊണ്ടുപോകും. ശേഷം തൊണ്ണൂറ് ശതമാനം വിദ്യാർത്ഥികളും അടുത്ത ഘട്ടത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട്. 10% പേർ അവധിയെടുക്കും- റിങ്കു പറയുന്നു.

18 മുതൽ 65 വയസ്സുവരെ ഉള്ളവർ ഡോ. റിങ്കുവിന്റെ അക്കാദമിയിൽ ഉണ്ട്.

Latest