International
യുക്രൈനുമായുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് ആഗ്രഹം: പുടിന്‍
യുക്രൈന്‍ പ്രസിഡന്റ് വെളോദിമിര്‍ സെലന്‍സ്‌കിയുടെ അമേരിക്കന്‍ പര്യടനം ആരംഭിച്ചതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
മോസ്‌കോ | യുക്രൈനുമായുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. യുദ്ധത്തിന് അടിയന്തര പരിഹാരമാണ് ലക്ഷ്യമിടുന്നത്. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലതാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പുടിന്‍ പറഞ്ഞു. ഇതാദ്യമായാണ് യുക്രൈനിലെ അധിനിവേശത്തെ പുടിന്‍ യുദ്ധമെന്ന് വിശേഷിപ്പിക്കുന്നത്. ഇതുവരെ പ്രത്യേക സൈനിക നടപടി എന്നായിരുന്നു പറഞ്ഞിരുന്നത്.
യുക്രൈന്‍ പ്രസിഡന്റ് വെളോദിമിര്‍ സെലന്‍സ്‌കിയുടെ അമേരിക്കന്‍ പര്യടനം ആരംഭിച്ചതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. യുക്രൈന് നല്‍കുന്ന ആയുധങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിക്കൊണ്ട് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഭൂതല-വ്യോമ മിസൈലും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ അമേരിക്കയിലെത്തിയ യുക്രൈന്‍ പ്രസിഡന്റിന് രാജകീയമായ വരവേല്‍പ്പാണ് ബൈഡന്‍ നല്‍കിയത്.