Editors Pick
വീട്ടിൽ സുഗന്ധം നിറയണോ? ഈ ചെടികൾ വളർത്താം
നല്ല സുഗന്ധം നമ്മുടെ മാനസിക ഉന്മേഷവും നന്നാക്കും
വീടോ, ഓഫീസോ എന്തുമാകട്ടെ, ഇവിടെയെല്ലാം എപ്പോഴും നല്ല മണമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം. നല്ല സുഗന്ധം നമ്മുടെ മാനസിക ഉന്മേഷവും നന്നാക്കും. നമ്മുടെ വീടും മറ്റിടങ്ങളും മികച്ചതാക്കാൻ കഴിയുന്ന നല്ല സുഗന്ധമുള്ള ചില ചെടികളെ പരിചയപ്പെടാം.
ജാസ്മിൻ
നമ്മുടെ സ്വന്തം മുല്ലപ്പൂവ് അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ കഴിവുന്ന ചെടിയാണ്. മധുരവും റൊമാൻ്റിക്കും നിറഞ്ഞ മുല്ലപ്പൂവിന്‍റെ ഗന്ധവും വെള്ള നിറവും ഏത് സാഹചര്യത്തെയും മനോഹരമാക്കും. വൈകുന്നേരങ്ങളിലാണ് മുല്ലച്ചെടിക്ക് മണം കൂടുതൽ ലഭിക്കുന്നത്.
ഗാർഡേനിയ
ഗാർഡേനിയ ചെടികൾക്ക് വെളുത്ത പൂക്കളാണ്. ഇവയുടെ സുഗന്ധം ലോകം മുഴുവൻ പേരുകേട്ടതാണ്. പെർഫ്യൂമുകൾക്ക് ഇവ ധാരാളം ഉപയോഗിക്കുന്നു. കൃത്യമായ സൂര്യപ്രകാശത്തിലാണ് വളർച്ച. വീടിനുള്ളിൽ പൂക്കാൻ സ്ഥിരമായ പരിചരണം വേണം.
ലാവെൻഡർ
ലാവെൻഡറിൻ്റെ കുളിർമയും പുഷ്പ സുഗന്ധവും പ്രശസ്‌തമാണ്. പൂന്തോട്ടങ്ങളിലാണ് സാധാരണയായി വളർത്തുന്നത്. എന്നാൽ ചില ഇനങ്ങൾ വീടിനുള്ളിൽ വളർത്താം. നല്ല പരിചരണം നൽകിയാൽ മാത്രമേ ഇവ വീട്ടിനുള്ളിൽ വിജയിക്കൂ
യൂക്കാലിപ്റ്റസ്
എല്ലാവർക്കും ഇഷ്‌ടമല്ലെങ്കിലും വലിയ ആരാധകരുള്ള ചെടിയാണ് യൂക്കാലിപ്‌റ്റസ്. തണുത്ത പ്രദേശങ്ങളിൽ പരിചരണമില്ലാതെ തന്നെ ഇവ വളരും. ശുദ്ധവും ഉന്മേഷദായകവുമായ ഗന്ധമാണ് ഇവയുടെ പ്രത്യേകത. എന്നാൽ ചിലർക്ക് ഇതിന്‍റെ മണം വിപരീത ഫലം നൽകുന്നു. വീടിനുള്ളിൽ ചട്ടിയിൽ വളർത്താം.
ജെറേനിയം
സുഗന്ധമുള്ള ഇലകളാണ് ജെറേനിയത്തിന്‍റെ പ്രത്യേകത. ഇവ സ്പർശിക്കുമ്പോൾ സുഗന്ധം പുറപ്പെടുവിക്കും. ഇവയുടെ ഇലകൾ ഭക്ഷ്യയോഗ്യവും ബേക്കിംഗിൽ ഉപയോഗിക്കുന്നതുമാണ്.
ഓർക്കിഡുകൾ
ഓൻസിഡിയം ‘ഷാരി ബേബി’ പോലെയുള്ള ചില ഇനം ഓർക്കിഡുകൾ ചോക്ലേറ്റ് അല്ലെങ്കിൽ വാനില പോലെയുള്ള മനോഹരമായ സുഗന്ധം പുറപ്പെടുവിക്കുന്നു. ഇത് വീടിനുള്ളിൽ മികച്ച മണം നൽകുന്നവയാണ്.
തുളസി
വളരാനും പരിപാലിക്കാനും എളുപ്പമായ ചെടിയാണ് തുളസി. ഉന്മേഷദായകമായ സുഗന്ധമാണ് ഇവയുടെ പ്രത്യേകത. വായു ശുദ്ധീകരിക്കുന്ന ചെടി കൂടിയാണ് ഇത്. ആയുർവേദ ഔഷധമായും തുളസി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
സിട്രസ് മരങ്ങൾ
കുള്ളൻ ഓറഞ്ച് മരങ്ങൾ പഴം മാത്രമല്ല, നല്ല സുഗന്ധവും തരുന്നവയാണ്. ഇവയുടെ പൂക്കൾക്ക് നല്ല സിട്രസ് മണമാണ്. ഇത് പൂക്കുമ്പോൾ അന്തരീക്ഷത്തിൽ ഈ മണം നിറയും.