Education Notification
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കണോ? അഡ്‌മിഷൻ ഇങ്ങനെ
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളിലൂടെ യൂണിവേഴ്സിറ്റി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.
![](https://assets.sirajlive.com/2025/02/harward-897x538.jpg)
ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് പ്രകാരം ലോകത്തെ മികച്ച നാലാമത്തെ യൂണിവേറ്റിയാണ് ഹാർവാർഡ്. അമേരിക്കയിലെ മസാച്യുസെറ്റ്സിൽ കേംബ്രിഡ്ജിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1636-ൽ സ്ഥാപിതമായ യൂണിവേഴ്‌സിറ്റി അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനുശേഷം മികച്ച ഗവേഷണ സ്ഥാപനമായി ഉയർന്നു. 210 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സർവകലാശാലയിൽ പഠിക്കുക ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്‌നമാണ്. കഠിനാദ്ധ്വാനത്തിന് തയ്യാറായാൽ ആർക്കും ഹാർവാർഡിൽ പ്രവേശനം നേടാം.
നിലവിൽ സർവകലാശാലയിലെ 30 ശതമാനത്തിലധികം വിദ്യാർത്ഥികൾ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളിലൂടെ യൂണിവേഴ്സിറ്റി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.
അപേക്ഷാ പ്രക്രിയ
വരാനിരിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾ ഹാർവാർഡിന്റെ നിർദ്ദിഷ്ട സപ്ലിമെന്റുകൾക്കൊപ്പം കോമൺ ആപ്ലിക്കേഷൻ അല്ലെങ്കിൽ കോളിഷൻ ആപ്ലിക്കേഷനും പൂർത്തിയാക്കണം. രണ്ട് അപേക്ഷാ രീതികൾക്കിടയിൽ ഒരു മുൻഗണനയും ഇല്ലെന്നും അഡ്മിഷൻ കമ്മിറ്റി രണ്ടും തുല്യമായി പരിഗണിക്കുമെന്നും യൂണിവേഴ്സിറ്റി അപേക്ഷകർക്ക് ഉറപ്പ് നൽകുന്നു.
മികച്ച വിദ്യാർത്ഥി
മികച്ച അക്കാദമിക് റെക്കോർഡ് തന്നെയാണ് ഹാർവാർഡ് പ്രവേശനത്തിനുമുള്ള മാനദണ്ഡം. ഓരോ കോഴ്സിനും പ്രത്യേകം അഡ്മിഷൻസ് കമ്മിറ്റിയുണ്ട്. പ്രാഥമിക പരിശോധന കഴിഞ്ഞാൽ ഹാർവഡ് പ്രഫസർമാർ അടങ്ങുന്ന ഈ കമ്മിറ്റി വിലയിരുത്തും. എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഇന്റർവ്യൂ ഉണ്ടാകും.
ടെസ്റ്റ് സ്കോർ: യുഎസിൽ സർവകലാശാലാ പ്രവേശനത്തിനുള്ള പ്രധാന കടമ്പയായ ജിആർഇ പരീക്ഷയിലും ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം അളക്കുന്ന ടോഫൽ പരീക്ഷയിലും മികച്ച സ്കോറിൽ പാസാകണം.
ലെറ്റർ ഓഫ് റെക്കമെൻഡേഷൻ: കോളജിൽ പ്രഫസർമാരോ ജോലിസ്ഥലത്തെ മാനേജർമാരോ നൽകുന്ന ശുപാർശക്കത്തുകൾ. കുറഞ്ഞത് 3 കത്തുകളെങ്കിലും വേണം.
ഇംഗ്ലീഷ് പ്രാവീണ്യം
ടോഫൽ അല്ലെങ്കിൽ ഐഇഎൽടിഎസ് പോലുള്ള ഇംഗ്ലീഷ് പ്രാവീണ്യം ആദ്യഘട്ടത്തിൽ വേണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ശക്തമായ അറിവ് വേണം. വിസിറ്റിംഗ് അണ്ടർ ഗ്രാജുവേറ്റ് സ്റ്റുഡന്റ്‌സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ, ടോഫൽ അല്ലെങ്കിൽ ഐഇഎൽടിഎസ് സ്കോറുകൾ സമർപ്പിക്കണം.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള അപേക്ഷാ ഫീസ് ഇളവുകൾ
സാമ്പത്തിക പ്രയാസമുള്ള വിദ്യാർത്ഥികൾക്ക് ഹാർവാർഡ് അപേക്ഷാ ഫീസ് ഇളവ് വാഗ്ദാനം ചെയ്യുന്നു. അപേക്ഷകർക്ക് കോമൺ ആപ്ലിക്കേഷൻ വഴിയോ കോലിഷൻ ആപ്ലിക്കേഷൻ വഴിയോ നേരിട്ട് ഫീസ് ഇളവ് അഭ്യർത്ഥിക്കാം.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം
അമേരിക്കൻ വിദ്യാർത്ഥികളുടെ അതേ അടിസ്ഥാനത്തിൽ ഹാർവാർഡ് അന്താരാഷ്ട്ര അപേക്ഷകർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകുന്നു. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് യുഎസ് ഫെഡറൽ ഫണ്ടിംഗിന് അർഹതയില്ലെങ്കിലും, അവർക്ക് സ്കോളർഷിപ്പുകളും തൊഴിൽ-പഠന അവസരങ്ങളും ഉൾപ്പെടെ ഹാർവാർഡിന്റെ സാമ്പത്തിക സഹായം തേടാം. ക്യാംപസിൽ തന്നെ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാം. ടീച്ചിങ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് തുടങ്ങിയ ജോലികളിലൂടെ മണിക്കൂറിൽ 1400 രൂപ വീതം നേടാം.
വീസ അപേക്ഷ
പ്രവേശനഫലം വന്ന ശേഷമാണ് അമേരിക്കൻ സ്റ്റുഡന്റ് വീസയ്ക്ക് (എഫ്–1) അപേക്ഷ സമർപ്പിക്കേണ്ടത്. ഹാർവഡ് തപാലായി അയച്ചുതരുന്ന I-20, SEVIS മുതലായ രേഖകൾ ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച് വീസ ഫീസും അടച്ചാൽ ഇന്റർവ്യൂ നൽകാനുള്ള തീയതിയും സമയവും ബുക്ക് ചെയ്യാം.