Editors Pick
കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണോ ആഗ്രഹം? ഇതാ ലോകത്തെ മികച്ച സർവ്വകലാശാലകൾ
ഉന്നത വിദ്യാഭ്യാസ അനലിറ്റിക്‌സ് സ്ഥാപനമായ ക്വാക്വരെല്ലി സൈമണ്ട്‌സ് (QS) തയ്യാറാക്കിയ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളുള്ള സർവകലാശാലകൾ
കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകൾക്ക് ലോകത്താകമാനം സ്വീകാര്യതയുണ്ട്. അതിനാൽ ലോകോത്തര നിലവാരമുള്ള കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകൾക്ക് അന്താരാഷ്‌രട സർവകലാശാലകൾ മുന്തിയ പരിഗണനയാണ് നൽകുന്നത്. ഏറ്റവും മികച്ച കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന സർവകലാശാലകൾ ഏതെല്ലാമാണ് എന്ന് നോക്കാം.
ഉന്നത വിദ്യാഭ്യാസ അനലിറ്റിക്‌സ് സ്ഥാപനമായ ക്വാക്വരെല്ലി സൈമണ്ട്‌സ് (QS) തയ്യാറാക്കിയ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളുള്ള സർവകലാശാലകൾ ഇവയാണ്:
- മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി). കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾക്കുള്ള ഏറ്റവും മികച്ച സർവകലാശാലയായി ഇതിനെയാണ് പരിഗണിക്കുന്നത്. അമേരിക്കയിൽ മസാച്യുസെറ്റ്സ് സംസ്ഥാനത്ത് കേബ്രിഡ്ജിൽ സ്ഥിതി ചെയ്യുന്ന ലോകപ്രസിദ്ധമായ ഒരു സ്വകാര്യ ഗവേഷണ യൂണിവേഴ്സിറ്റിയാണിത്. 1861ലാണ് സ്ഥാപിക്കപ്പെട്ടത്.
- എഞ്ചിനീയറിംഗ്, റോബോട്ടിക്‌സ് എന്നിവയ്‌ക്ക് പേരുകേട്ട ഒരു പ്രമുഖ ഗവേഷണ സ്ഥാപനമാണ് കാർണഗീ മെലോൺ യൂണിവേഴ്സിറ്റി. അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള സർവകലാശാല 1900ലാണ് സ്ഥാപിക്കപ്പെട്ടത്.
- കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ മൂന്നാമത്തെ മികച്ച സർവകലാശാല സ്റ്റാൻഫോർഡാണ്. ആഗോള സർവകലാശാലകൾക്കുള്ള ക്യുഎസ് റാങ്കിംഗിൽ ഇത് ആറാം സ്ഥാനത്താണ്. അമേരിക്കയിലെ സ്റ്റാൻഫോർഡിൽ 1885-ൽ ലീലാൻഡും ജെയ്ൻ സ്റ്റാൻഫോർഡും ഏകസന്തതിയായ ലീലാന്‍റ് സ്റ്റാൻഫോഡ് ജൂനിയറിന്‍റെ സ്മരണക്കായി ആരംഭിച്ച സർവ്വകലാശാലയാണിത്.
- നാലാം റാങ്കിൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയാണ്. ഇംഗ്ലണ്ടിലെ ഏറ്റവും പുരാതനമായ ഈ പഠന കേന്ദ്രം ലോകത്തിലെ ഏറ്റവും പെരുമയുള്ള സർവകലാശാലയാണ്. ഇതൊരു കേന്ദ്രീകൃത സർവകലാശാലയല്ല. മധ്യ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് പട്ടണത്തിലെ 39 കോളേജുകളുടേയും ഗ്രന്ഥാലയങ്ങളുടേയും ഗവേഷണ സ്ഥാപനങ്ങളുടേയും സംയോജിത സംവിധാനമാണ് ഇത്.
- യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലി (UCB) ആണ് കമ്പ്യൂട്ടർ കോഴ്‌സിന് പേരുകേട്ട മറ്റൊരു സർവകലാശാല. കാലിഫോർണിയയിലെ ബെർക്ക്‌ലിയിൽ സ്ഥിതി ചെയ്യുന്ന പൊതു ഗവേഷണ സർവ്വകലാശാലയ്‌ക്ക് ക്യുഎസ് റാങ്കിംഗിൽ 12-ാം സ്ഥാനമുണ്ട്.
- നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ (NUS) കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളുടെ മികച്ച സർവ്വകലാശാലയാണ്. ക്യുഎസ് റാങ്കിംഗിൽ എട്ടാം സ്ഥാനം.
ഹാർവാർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി,ജർമനിയിലെ ഇടിഎച്ച് സൂറിച്ച്, സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, NTU സിംഗപ്പൂർ എന്നിവയാണ് മറ്റ് മികച്ച സർവകലാശാലകൾ.