Connect with us

National

വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ; ഒറ്റക്കെട്ടായി എതിർത്ത് പ്രതിപക്ഷം

അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ബില്ലിനെ നേരിട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ന്യൂനപക്ഷ മന്ത്രി കിരൺ റിജുജുവാണ് ബിൽ അവതരിപ്പിച്ചത്. കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും വഖഫ് ബോർഡുകളിൽ അമുസ്‍ലിംകൾക്കും അംഗത്വം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. ബിൽ ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.

അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ബില്ലിനെ നേരിട്ടത്. ബിൽ ഫെഡറല്‍ സംവിധാനത്തിനും ഭരണഘടനക്കും നേരെയുള്ള ആക്രമണമാണെന്നും. ആരാധനാ സ്വാതന്ത്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് കേന്ദ്രം ബിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ പഠിപ്പിച്ച പാഠം കേന്ദ്രം തിരിച്ചറിഞ്ഞില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരാണ് വഖഫ് ഭേദഗതി ബില്ലെന്നും ജുഡീഷ്യല്‍ പരിശോധന നടന്നുകഴിഞ്ഞാല്‍, ബില്‍ പൂര്‍ണ്ണമായും റദ്ദാക്കപ്പെടുമെന്നും ആര്‍.എസ്.പി. അംഗം എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഭരണഘടനയുടെ 30-ാം വകുപ്പ് ഇത് ലംഘിക്കുന്നുവെന്നും ഡി എം കെ. എം പി. കനിമൊഴി പറഞ്ഞു.

എസ് പി നേതാവ് അഖിലേഷ് യാദവും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെ എതിർത്ത് സംസാരിച്ചു. വഖഫ് ഭേദഗതി ബിൽ ഭൂമി വിൽപ്പനക്കുള്ള ബി ജെ പി അംഗങ്ങളുടെ താൽപ്പര്യാർത്ഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. ബി ജെ പി രാജ്യത്തെ മുക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ മുസ്‌ലിംകളുടെ ശത്രുവാണ് എന്നായിരുന്നു അസദുദ്ദീൻ ഉവൈസിയുടെ പ്രതികരണം.

സുതാര്യതയ്ക്കുവേണ്ടിയാണ് ബില്‍ കൊണ്ടുവരുന്നതെന്ന് ജെ.ഡി.യു. എം.പിയും കേന്ദ്രമന്ത്രിയുമായ ലല്ലന്‍ സിങ് ന്യായീകരിച്ചു. ക്ഷേത്രങ്ങളുമായി താരതമ്യംചെയ്ത് വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെടുന്നതല്ല ബില്ലെന്ന് ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കി. ആരുടേയും അധികാരം കവരുകയല്ലെന്നും ഇതുവരെ അധികാരങ്ങള്‍ ഇല്ലാതിരുന്നവര്‍ക്ക് അത് നല്‍കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

---- facebook comment plugin here -----

Latest