National
വഖ്ഫ് നിയമ ഭേദഗതി ബില്‍ നാളെ സഭയില്‍; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്സ്
ബില്ലുമായി ബന്ധപ്പെട്ട കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതി ബില്‍ നാളെ ഉച്ചയ്ക്ക് 12ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ബില്ലുമായി ബന്ധപ്പെട്ട കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി (ജെ പി സി)യിലൂടെ കടന്ന് ഭരണപക്ഷ നിര്‍ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ബില്ലാണ് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുക.
അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ ബുധനാഴ്ച അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്സ്. ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എം പിമാരോടും ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ സഭയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്.
നാളെ രാവിലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് എം പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വഖ്ഫ് ഭേദഗതി ബില്ലിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് ഈ യോഗത്തിലാണ് പാര്‍ട്ടി തീരുമാനമെടുക്കുക.
പങ്കെടുക്കാനും എതിര്‍ത്തു വോട്ട് ചെയ്യാനും സി പി എം എപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം
ബില്‍ അവതരണവും ചര്‍ച്ചയും നടക്കുന്ന വേളയില്‍ എല്ലാ എം പിമാര്‍ക്കും വിപ്പ് നല്‍കാന്‍ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സി പി എം എം പിമാര്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്യണമെന്നും ബില്‍ അവതരണ ചര്‍ച്ചയില്‍ പങ്കെടുത്തതിനു ശേഷം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് എത്തിയാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ, ലോക്‌സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചകളില്‍ സി പി എം എ പിമാര്‍ പങ്കെടുക്കും. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള കെ രാധാകൃഷ്ണനും തമിഴ്‌നാട്ടില്‍ നിന്നുള്ള അമ്ര റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിദാനന്ദം എന്നിവര്‍ അറിയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള കത്ത് സി പി എം സഭാകക്ഷി നേതാവായ കെ രാധാകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്‍ ഡി എയിലെ പ്രധാന ഘടകക്ഷികളായ ജെ ഡി യുവും, ടി ഡി പിയും ഇനിയും നിലപാട് കൃത്യമായി പറഞ്ഞിട്ടില്ല.