National
വഖ്ഫ് നിയമ ഭേദഗതി; സംഘര്‍ഷമുണ്ടായ മുര്‍ഷിദാബാദില്‍ അതീവ ജാഗ്രത
പ്രദേശത്തേക്ക് കൂടുതല്‍ അര്‍ധ സൈനികരെ അയയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സാഹചര്യം നേരിട്ട് വിലയിരുത്തും.

ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ അതീവ ജാഗ്രത. നിലവില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രദേശത്തേക്ക് കൂടുതല്‍ അര്‍ധ സൈനികരെ അയയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സാഹചര്യം നേരിട്ട് വിലയിരുത്തും. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ അഞ്ച് കമ്പനി ബി എസ് എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
മുര്‍ഷിദാബാദിലെ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് വെടിവെപ്പില്‍ പരുക്കേറ്റ യുവാവും ജാഫ്രാബാദില്‍ വീട്ടില്‍ കയറിയുണ്ടായ ആക്രമണത്തില്‍ പിതാവും മകനുമാണ് കൊലപ്പെട്ടത്. ഹര്‍ഗോവിന്ദ ദാസ്, ചന്ദന്‍ ദാസ് എന്നിവരെയാണ് വീട്ടില്‍ കയറി ആക്രമിച്ചത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 138 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ, വഖ്ഫ് നിയമത്തിനെതിരെ ത്രിപുരയില്‍ നടന്ന പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയിലെ പ്രതിഷേധത്തില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റു.