From the print
വഖ്ഫ് നിയമ ഭേദഗതി: കേരള മുസ്‌ലിം ജമാഅത്ത് എം പിമാർക്ക് നിവേദനം നൽകും
ബില്ല് നിയമമാകാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം

കോഴിക്കോട് | വഖ്ഫ് ഭേദഗതി ബില്ല് വിഷയത്തിൽ എല്ലാ പാർലിമെന്റ്അംഗങ്ങൾക്കും നിവേദനം നൽകാൻ കേരള മുസ്്ലിം ജമാഅത്ത് നേതൃയോഗം തീരുമാനിച്ചു. ജെ പി സി അംഗങ്ങൾക്ക് ഇതിനകം സംഘടന നിവേദനം നൽകി.
1995ലെ വഖ്ഫ് നിയമം അപ്പാടെ മാറ്റിമറിക്കുന്ന രീതിയിൽ പാർലിമെന്റിൽ അവതരിക്കപ്പെട്ട വഖ്ഫ് ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പൂർവികമായി മുസ്്ലിംകൾ തങ്ങളുടെ പാരത്രിക മോക്ഷം ഉദ്ദേശിച്ച് വില പിടിപ്പുള്ള ഭൂസ്വത്തുക്കളും മറ്റും വഖ്ഫ് ചെയ്തിട്ടുണ്ട്. ഇത് പാരമ്പര്യമായി കൈകാര്യം ചെയ്തു വരുന്നതും അവരാണ്. ഈ നിലപാടിന് കടകവിരുദ്ധമായി അമുസ്്ലിംകളെ കൂടി വഖ്ഫ് ബോർഡിലും മറ്റും ഉൾപ്പെടുത്താനുള്ള നീക്കം ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സംരക്ഷണത്തിന്റെ ലംഘനമാണ്.
നിലവിൽ സംസ്ഥാന വഖ്ഫ് ബോർഡിൽ നിക്ഷിപ്തമായ പല അധികാരങ്ങളും കേന്ദ്ര സർക്കാറിലേക്ക് തിരിച്ചെടുക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കൾ കണ്ടെത്തി തിരിച്ചു പിടിക്കാൻ പല സംസ്ഥാന ബോർഡുകളും ശ്രമം തുടങ്ങുമ്പോൾ ഇത്തരം അധികാരങ്ങൾ ബോർഡിൽ നിന്ന് എടുത്തു മാറ്റാനും തർക്കങ്ങളിൽ അന്തിമവിധി പുറപ്പെടുവിക്കേണ്ട വഖ്ഫ് ട്രൈബ്യൂണലുകളെ നോക്കുകുത്തിയാക്കി സർക്കാറുകൾക്ക് അധികാരം കൈമാറാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. വിശ്വാസികൾ വാക്കാൽ വഖ്ഫ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നതും ഉപയോഗം മൂലം വഖ്ഫ് ആയിട്ടുള്ളവ സാങ്കേതിക കാരണം പറഞ്ഞ് താത്കാലികമായി മാറ്റാനും നീക്കമുണ്ട്. വഖ്ഫിന്റെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളെ തകിടം മറിക്കുന്ന ഈ നിയമ നിർമാണത്തോട് ആദ്യാന്തം എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ പാർട്ടികളുടെ നിലപാട് സ്വാഗതാർഹമാണ്. സംയുക്ത പാർലിമെന്ററി കമ്മിറ്റിയുടെ പരിഗണനക്കു വിട്ട ബില്ല് നിയമമാകാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.
മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സൈഫുദ്ദീൻ ഹാജി, എ പി അബ്ദുൽ ഹകീം അസ്്ഹരി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പ്രൊഫ. യു സി അബ്ദുൽ മജീദ്, എൻ അലി അബ്ദുല്ല പങ്കെടുത്തു, സി പി സൈതലവി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.