Connect with us

Kerala

വഖ്ഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമെന്ന് നാഷനല്‍ ലീഗ്

മുസ്‌ലിംങ്ങളല്ലാത്തവരെ വഖ്ഫ് കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കൈയേറ്റമാണ് നടക്കുന്നത്.

Published

|

Last Updated

തൃശൂര്‍ | വഖ്ഫ് നിയമ ഭേദഗതി ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്നും മുസ്‌ലിംങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും നാഷനല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജന്‍ഡയുടെ ഭാഗമാണ് ഈ ബില്‍.

വഖ്ഫ് സ്വത്തുക്കള്‍ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ 2014ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, പത്ത് വര്‍ഷമായിട്ടും ഈ ബില്‍ പാസാക്കാന്‍ ശ്രമിക്കാതെ ഇതിന് കടകവിരുദ്ധമായ പുതിയൊരു ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. മുസ്‌ലിംങ്ങളല്ലാത്തവരെ വഖ്ഫ് കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കൈയേറ്റമാണ് നടക്കുന്നത്.

വഖ്ഫ് സംവിധാനങ്ങളെ തകര്‍ക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം. രാജ്യത്ത് മൂല്യവത്തായ നിരവധി വഖ്ഫ് സ്വത്തുക്കളില്‍ കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കൈയേറ്റങ്ങള്‍ മറച്ചുവെയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായുള്ള ഈ ബില്‍ പിന്‍വലിച്ച് ആശങ്കകള്‍ അകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും നാഷനല്‍ ലീഗ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എം പി. പ്രിയങ്ക ഗാന്ധി എന്നിവര്‍ പാര്‍ലിമെന്റില്‍ കാണിച്ച നിരുത്തരവാദിത്വത്തെ നാഷനല്‍ ലീഗ് അപലപിച്ചു. വിധി നിര്‍ണായകമായ ഒരു വിഷയത്തില്‍ ഉദാസീനതയാര്‍ന്ന നിലപാട് സ്വീകരിക്കുക വഴി കോണ്‍ഗ്രസ്സ് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് നീതികേടാണ് കാണിച്ചത്. വഖ്ഫ് വിഷയത്തില്‍ അടിയുറച്ച പ്രഖ്യാപിത നിലപാടുകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും ഭേദഗതിക്കെതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ഇടതുപക്ഷ-സെക്യുലര്‍-പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീല്‍ ഐദറൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷാജി പള്ളം പറഞ്ഞു.

 

---- facebook comment plugin here -----

Latest