Kerala
വഖ്ഫ് നിയമം: സുപ്രീം കോടതി ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് വിവിധ സംഘടനകള്‍
ജുഡീഷ്യറിയില്‍ വിശ്വാസമെന്ന് മുസ്ലിം ലീഗ്; കേന്ദ്രത്തിന്റെ തോന്ന്യാസത്തിനേറ്റ തിരിച്ചടിയെന്ന് സി പി എം

കോഴിക്കോട് | വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികളില്‍ വഖ്ഫ് സ്വത്തുക്കളില്‍ തത്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് വിവിധ രാഷ്ട്രീയ മത സംഘടനകള്‍.
ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയിൽ താത്കാലികാശ്വസമുണ്ടെന്ന് പ്രതികരിച്ച എ ഐ എം ഐ എം നേതാവും എം പിയുമായ അസദുദ്ദീന്‍ ഉവൈസി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ തോന്ന്യാസത്തിനേറ്റ തിരിച്ചടിയാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.
കലക്ടർമാർ ഇടപെട്ട് തത്‍സ്ഥിതി മാറ്റാൻ പാടില്ല, ഉപയോഗത്തിലിരിക്കുന്ന വഖ്ഫ് സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്, നിലവിൽ വഖ്ഫ് സമിതികളിലേക്ക് നിയമനം പാടില്ല തുടങ്ങിയവയാണ് ഇന്ന് ഉച്ചക്ക് പുറപ്പെടുവിച്ച കോടതിയുടെ ഇടക്കാല ഉത്തരവിലുള്ളത്. ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് ഇടക്കാല ഉത്തരവിൻ്റെ സമയപരിധി. കേന്ദ്രത്തിന്‍റെ മറുപടിക്ക് ഏഴ് ദിവസവും കോടതി അനുവദിച്ചിട്ടുണ്ട്. ഇന്നലെ ഉച്ച മുതലാണ് വഖ്ഫ് ഭേദഗതി നിമയത്തിനെതിരായ ഹരജികളിൽ വാദം കേട്ടുതുടങ്ങിയത്.